തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ഡിസംബര്‍ 14-ാം തീയതിയാണ് അവസാനഘട്ട വോട്ടെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു പോളിംഗ് എങ്കില്‍ രണ്ടാം ഘട്ടത്തില്‍ അത് 76.78 ശതമാനമായി ഉയര്‍ന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു രണ്ടാം ഘട്ടം. രണ്ടാം ഘട്ടത്തില്‍ കോട്ടയത്തു മാത്രമാണ് പോളിങ്ങ് ശതമാനം കാര്യമായി കുറഞ്ഞത്.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് 78.3 ശതമാനം ആളുകള്‍ വോട്ടു ചെയ്തപ്പോള്‍ ഇക്കുറി അത് 73.95 ആയി കുറഞ്ഞു. അപ്പോള്‍ അത് ജനാധിപത്യവും കോവിഡ് 19 വൈറസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി എന്ന് വേണമെങ്കില്‍ പറയാം. ഇനി അവസാന ഘട്ട അങ്കമാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് 14-ാം തീയതി വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം 12-ാം തീയതി ശനിയാഴ്ച അഞ്ച് മണിക്ക് അവസാനിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ പുതിയ പതിവിന് തുടക്കമിട്ട് മറ്റെല്ലായിടത്തുമെന്ന പോലെ ഒരിടത്തും ആവേശത്തിന്റെ കൊട്ടിക്കലാശമുണ്ടായില്ല. പരസ്യ പ്രചാരണത്തിനു ശേഷം സ്ഥാനാര്ഥകളും പരിവാരങ്ങളും കൊട്ടിക്കയറാതെ നിശബ്ദ പ്രചാരണത്തിന്റെ, നിര്‍ണായകമായ വോട്ടു മറിക്കലിന്റെ തിരക്കിലേക്ക് പോയി. 16-ാം തീയതി ആണ് സസ്പെന്‍സ് പൊട്ടിച്ചു കൊണ്ടുള്ള വോട്ടെണ്ണല്‍. അന്ന് ഉച്ചയോടു കൂടി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര് ഭരിക്കുമെന്ന വലിയ ചോദ്യത്തിന് ഉത്തരം കിട്ടും.
ഒരു കാലത്ത് കേരളത്തിലെ തിരഞ്ഞെടുപ്പുകള്‍ ഉത്സവത്തിന്റെ പ്രതീതയാണ് സൃഷ്ടിച്ചിരുന്നത്. വഴി നിറയെ വിവിധ വര്‍ണങ്ങളിലുള്ള കൊടിതോരണങ്ങള്‍, വര്‍ണശബളമായ ചുവരെഴുത്തുകള്‍, സഭ്യമായ ഭാഷയിലുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍, പിന്നെ നോട്ടീസ് വിതരണവും സ്ക്വാഡ് വര്‍ക്കും… എല്ലാറ്റിനും ഒരാഘോഷത്തിന്റെ പകിട്ടുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഉത്സവകാലം ആബാല വൃദ്ധം ജനങ്ങള്‍ അന്നൊക്കെ നെഞ്ചേറ്റിയിരുന്നു. ഇന്ന് കാര്യങ്ങള്‍ വേറെയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സഭ എന്നിവിടങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ജനങ്ങളില്‍ ആവേശം നിറയ്ക്കുന്നതാണ്. രാജ്യസഭാ തിരഞ്ഞുപ്പിന് നോമിനേറ്റഡ് സ്വഭാവം ഉള്ളതിനാല്‍ അതില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഒരുതരത്തിലുമുള്ള പങ്കില്ല,
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ പൊതുവില്‍ നമ്മള് നാട്ടുഭാഷയില്‍ വിശേഷിപ്പിക്കുന്നത് ‘പഞ്ചായത്ത് തിരഞ്ഞെടുപ്പ്’ എന്നാണ്. കേരളത്തില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെയുള്ള ത്രിതല സംവിധാനം ശക്തമായി നിലനില്ക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും ആഗ്രഹങ്ങളും നിര്‍ദേശങ്ങളും ആക്ഷേപങ്ങളും നേരിട്ട് മനസ്സിലാക്കി അവയ്ക്കെല്ലാം ജനപക്ഷ മുഖത്തോടെ പരിഹാരം കാണുന്നതിനുള്ള സംവിധാനമാണിത്. അതായത് ഒരു വാര്‍ഡ് പ്രതിനിധിയും അവിടുത്തെ ജനങ്ങളും തമ്മില്‍ വ്യക്തിപരമായ ബന്ധം ഉള്ളതിനാല്‍ നാട്ടുകാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവയ്ക്ക് സമയബന്ധിതമായി പ്രതിവിധി കാണാനും വേഗത്തില്‍ സാധിക്കും. അതിനായി കൃത്യമായ ഫണ്ടും നീക്കി വച്ചിട്ടുണ്ട്.
സേവനനിരതരും ജനാഭിമുഖ്യമുള്ള ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയ ഭേദമെന്യെ ചുമതല നിര്‍വഹിക്കുമ്പോള്‍ അവരവരുടെ വാര്‍ഡുകള്‍ വികസനത്തിന്റെ പ്രതീകങ്ങളായി മാറും. വാര്‍ഡ് മെമ്പര്‍മാര്‍ അവിടുത്തെ ജനങ്ങളുടെ സുഹൃത്തുകളായി നില കൊള്ളേണ്ടത് സമഗ്ര വികസനത്തിന് അനുപേക്ഷണീയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് മാന്യമായ പദവിയും ശമ്പളവും മറ്റ് അലവന്‍സുകളും ലഭിക്കും. ത്രിതല ഗ്രാമ പഞ്ചായത്തിനു പുറമേ മുനിസിപാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും അടങ്ങുന്നതാണ് നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഘടന.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഉദ്ഘോഷിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ വെള്ളിവെളിച്ചവുമായാണ് രാജ്യത്ത് പഞ്ചായത്ത് രാജ് സംവിധാനം ഉദിച്ചുയര്‍ന്നത്. എന്നാല്‍ ജനങ്ങളുടെ സര്വതോന്മുഖമായ ക്ഷേമം എന്നതിനപ്പുറം സങ്കുചിത രാഷ്ട്രീയത്തിന്റെ ജീര്‍ണത മുറ്റിയ ഇടങ്ങളായി മാറിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ വിഹരിക്കുന്ന ‘അധികാര’ സ്ഥലങ്ങള്‍. പണം കൊടുത്തും കാലുപിടിച്ചും പിന്നെ അധാര്‍മികമായ പ്രലോഭനങ്ങളിലൂടെയും വിജയിക്കാന്‍ വെമ്പുന്ന സ്ഥാനാര്‍ഥികളെയാണ് ഇക്കുറി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ നാട്ടങ്കത്തില്‍ കാണാന്‍ കഴിഞ്ഞത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പണ്ടൊക്കെ രാഷ്ട്രീയം ഒരു ഘടകമായിരുന്നില്ല. അവിടെ അന്താരാഷ്ട്ര പ്രശ്നങ്ങളോ, ഇന്ത്യാ മഹാരാജ്യത്തിലെ വിഷയങ്ങളോ ഒരു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളോ ഒരു ജില്ലയുടെ ആവലാതിയോ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നില്ല. മറിച്ച് കേവലം ആയിരമോ ആയിരത്തഞ്ഞൂറു പേരോ താമസിക്കുന്ന ഒരു വാര്‍ഡിലെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളാണ് വിഷയീഭവിച്ചിരുന്നത്. സ്ഥാനാര്‍ഥികളും വോട്ടര്‍മാരും തമ്മില്‍ അടുത്ത വ്യക്തിബന്ധം നിലനില്‍ക്കുന്ന സ്ഥലങ്ങളാണ് വാര്‍ഡുകള്‍. അതിനാല്‍ രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധമുള്ള, കാര്യപ്രാപ്തിയുള്ള, ദീര്‍ഘവീക്ഷണമുള്ള, കര്‍മ്മോത്സുകരായ സ്ഥാനാര്‍ഥികളെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനകീയ പോരാട്ടത്തില്‍ സാമാന്യ ജനങ്ങള്‍ തിരഞ്ഞെടുക്കുക.
2020ലെ ഈ തിരഞ്ഞെടുപ്പിന് നാട്ടിടങ്ങളില്‍ വലിയ പ്രത്യേകതയുണ്ട്. ജനക്ഷേമത്തിനപ്പുറം കൊടിയുടെ നിറം വലിയ തോതില്‍ പ്രകടമായി. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യ മുന്നണിയും സി.പി.എം. നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ഥികളും അവരുടെ ബാനറില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളും പിന്നെ ഇതിലൊന്നും പെടാത്ത സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരിക്കുന്ന കാഴ്ചകളാണ് മുന്‍ തിരഞ്ഞെടുപ്പുകളില്‍ കേരളീയര്‍ കണ്ടിട്ടുള്ളത്. അതില്‍ ജനാഭിമുഖ്യമുള്ള, ഒരു കക്ഷിയിലും പെടാത്ത സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയതും ചരിത്രമാണ്.
പക്ഷേ, ഇക്കുറി ബി.ജെ.പിയുടെ സാന്നിദ്ധ്യമാണ് ഇരു മുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടിയതും അവരെ ചൊടിപ്പിച്ചതും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കാന്‍ പല വിധത്തിലുള്ള തന്ത്രങ്ങളും പുറത്തെടത്ത തിരഞ്ഞെടുപ്പാണിത്. വ്യക്തികളെയും സമുദായങ്ങളെയും വര്‍ഗീയമായി ചിത്രീകരിച്ചുകൊണ്ട് നാടിന്റെ മതേതര സ്വഭാവത്തെ പാടെ നശിപ്പിക്കുന്ന അജണ്ടകളുമായി കാവി പക്ഷം കളത്തിലിറങ്ങിയ തിരഞ്ഞെടുപ്പാണിതെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്.
അയല്പക്കക്കാരും സ്നേഹിതരും ബന്ധുക്കളും തമ്മില്‍ ഇടര്‍ച്ചയുണ്ടാക്കാന്‍ പോന്ന വിധത്തില്‍ വിവിധ മുന്നണികളെയും സ്വതന്ത്ര സ്ഥാനാര്‍ഥികളെയും മറ്റും പ്രകോപിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ പലയിടത്തും കയ്യേറ്റത്തില്‍ കലാശിച്ചു. സുഹൃത്തുക്കള്‍ പിണങ്ങി, ബന്ധുക്കള്‍ ഇടഞ്ഞു, അയല്പക്കക്കാര് കണ്ടാല്‍ മിണ്ടാത്തവരായി മാറി. ഈ തിരഞ്ഞെടുപ്പിന്റെ അന്തര്ധാരയിങ്ങനെ പരിണമിച്ചു. സത്യം തിരിച്ചറിയുമ്പോള്‍ നാളെയത് മാറും. രാജ്യാധികാരത്തിന്റെ ഹുങ്കും പണക്കൊഴുപ്പും വര്‍ഗീയ ചിന്തയും ഒക്കെയാണ് ഇത്തവണത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഓവര്‍ലാപ്പ് ചെയ്തത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ചൂഴ്ന്നു നില്ക്കുന്ന വിവാദങ്ങളും കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്അപ്രസക്തമാകും വിധം പ്രതിസന്ധിയിലാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ അത്തരം വിഷയങ്ങള്‍ പ്രായോഗിക ബുദ്ധിയോടെ മുതലെടുക്കുകയായിരുന്നു ബി.ജെ.പി. ഇന്ത്യന്‍ ജനതയുടെ മതേതര സംസ്കാരത്തിന് പുതിയ പാഠഭേദം ചമച്ചുകൊണ്ട് ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ തള്ളി മഹാഭൂരിപക്ഷ വര്‍ഗീയതയുടെ വിത്തു വിതച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെ വല്ലാതെ വിഭജിക്കുന്ന നയസമീപനത്തിന്റെ മറ്റൊരു ആഹ്വാനം കേരളത്തിലെ ഈ തിരഞ്ഞെടുപ്പില്‍ മാറ്റൊലി കൊണ്ടു എന്നാണ് വിശകലനം ചെയ്യപ്പെടുന്നത്.
വാല്‍ക്കഷണം
ജാതീയമായോ രാഷ്ട്രീയമായോ സാമ്പത്തിക വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലോ ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ വംശ നാശം സംഭവിക്കാത്ത വിത്തുകള്‍ ഇനിയും ഇവിടെ പൊട്ടിമുളച്ചാല് അതിന്റെ ഉത്തരവാദികള്‍ ആരായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിക്കഴിഞ്ഞു…