THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ശാപം പേറുന്ന പി.ജെ ജോസഫ് പുതിയ പാര്‍ട്ടിയുണ്ടാക്കും

തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ശാപം പേറുന്ന പി.ജെ ജോസഫ് പുതിയ പാര്‍ട്ടിയുണ്ടാക്കും

ജെയിംസ് കൂടല്‍

തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ കാര്യത്തില്‍ പി.ജെ ജോസഫിന് എക്കാലത്തും നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പ് ഉമ്മറപ്പടിയിലെത്തിനില്‍ക്കുന്ന വേളയില്‍, സുപ്രീം കോടതി തീര്‍പ്പ് പ്രകാരം തങ്ങളുടെ എല്ലാമെല്ലാമായ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അവകാശപ്പെട്ടതായി മാറി. മത്സരിക്കാന്‍ ചിഹ്നമേ ഇല്ലാത്ത പ്രതിസന്ധിയിലാണ് അദ്ദേഹമിപ്പോള്‍. യു.ഡി.എഫില്‍ പത്ത് സീറ്റ് വിലപേശി നേടി കരുത്തനായ ജോസഫ് പക്ഷേ ഏത് ചിഹ്നത്തില്‍ വോട്ടുതേടുമെന്നത് സസ്‌പെന്‍സാണ്. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജോസഫ് പുതിയ പാര്‍ട്ടി കൂപീകരിക്കുമെന്നാണ് കേള്‍ക്കുന്നത്. അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയുമായുള്ള ലയനം. അതേ മാര്‍ഗമുള്ളൂ.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മല്‍സരിച്ച ചെണ്ട ചിഹ്നം എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കില്ല. കാരണം നിയമസഭാ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങളില്‍ ചെണ്ടയില്ല. ഇതോടെ പുതിയ ചിഹ്നത്തിനായി നട്ടംതിരിഞ്ഞ് നെട്ടോട്ടമോടുകയാണ് പാര്‍ട്ടി നേതാക്കള്‍.

തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ജോസഫിനെ എക്കാലത്തും ശപിച്ചിട്ടുണ്ട്, ചതിച്ചിട്ടുണ്ട്. അതിന് വ്യക്തമായ ചരിത്രവുമുണ്ട്. കേരള കോണ്‍ഗ്രസിന്റെ തുടക്കകാലത്തെ ചിഹ്നം കുതിരയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ഈറ്റില്ലമാണ് കോട്ടയം. പ്രശസ്തമായ തിരുനക്കര മൈതാനത്ത് വച്ച് 1964ല്‍ മന്നത്ത് പദ്മനാഭന്‍ പാര്‍ട്ടിയുടെ പേരിടീല്‍ കര്‍മം നടത്തി. പിന്നെ ചിഹ്നമായി കുതിരയെ നെഞ്ചോടു ചേര്‍ത്തു. ഇലക്ഷന്‍ കാലത്ത് ”മന്നത്തിന്റെ പടക്കുതിര…” എന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ മുഴക്കി.

അവിഭക്ത കേരള കോണ്‍ഗ്രസ് അങ്ങനെ അശ്വമേധം തുടങ്ങി. 1978 വരെ മാത്രമേ ഒന്നിച്ചുള്ള ആ കുതിര സവാരിക്ക് ആയുസുണ്ടായിരുന്നുള്ളൂ. 1978ല്‍ പാര്‍ട്ടി പിളര്‍ന്നു. കെ.എം മാണിയും പി.ജെ ജോസഫും രണ്ട് ചേരികളിലായി. ഔദ്യോഗിക വിഭാഗമായ മാണി കുതിരയെ സ്വന്തമാക്കി. ജോസഫ് ആനയെ ചിഹ്നമാക്കി. 1984ല്‍ മാണിയും ജോസഫും ലയിച്ചതോടെ ജോസഫ് ആനയെ കളഞ്ഞു. ഇതേ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കുതിര ചിഹ്നത്തില്‍ മല്‍സരിച്ചു. മാണി പാര്‍ലമെന്ററി പാര്‍ട്ടി നേതവും ജോസഫ് പാര്‍ട്ടി ചെയര്‍മാനുമായി.

വീണ്ടും അനിവാര്യമായ പിളര്‍പ്പ് സംഭവിച്ചു. 1987ല്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് കെ.എം മാണി ‘കേരള കോണ്‍ഗ്രസ് എം’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും രണ്ടില ചിഹ്നമായി സ്വീകരിക്കുകയും ചെയ്തു. മാണി-ജോസഫ് ചിഹ്നത്തര്‍ക്കം കേസാവുകയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുതിരയെ മരവിപ്പിക്കുകയും ചെയ്തു. പിന്നെ ജോസഫ് സൈക്കിള്‍ ചിഹ്നമായി ഹൃദയത്തിലേറ്റി. 2010ല്‍ ജോസഫ് മാണി ഗ്രൂപ്പില്‍ ലയിച്ചു. ജോസഫ് സൈക്കിള്‍ ചവിട്ടല്‍ നിര്‍ത്തി രണ്ടിലയുടെ തണലില്‍ ചേക്കേറി.

ആ ഒരുമ 2019ല്‍ കെ.എം മാണിയുടെ മരണം വരെ നിലനിന്നു. അതിനുശേഷം മാണിയുടെ പുത്രന്‍ ജോസ് കെ മാണിയും ജോസഫും തമ്മിലുള്ള ശീതസമരം പിളര്‍പ്പിന് വഴിമരുന്നിട്ടു. പാലാ ഉപതിരഞ്ഞടുപ്പില്‍ വീണ്ടും ചിഹ്നയുദ്ധമുണ്ടായി. ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പുലിക്കുന്നേല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.ജെ ജോസഫ് വരണാധികാരിയെ ബോധ്യപ്പെടുക്കി. കൈതച്ചക്ക ചിഹ്നത്തില്‍ മല്‍സരിച്ച ജോസ് ടോം മാണി സി കാപ്പനോട് പരാജയപ്പെടുകയും ചെയ്തു. ഇപ്പോള്‍ രണ്ടിലയും ജോസഫിന് നഷ്ടമായിരിക്കുന്നു. ചുരുക്കത്തില്‍ കുതിര, സൈക്കിള്‍, ആന, ചെണ്ട, രണ്ടില എന്നിവയെല്ലാം ജോസഫിന് നഷ്ട വേദനയുണ്ടാക്കുന്നു.

നിലവില്‍ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ഉള്‍പ്പെടെ മൂന്ന് ചിഹ്നങ്ങളാണ് പുതുതായി ജോസഫ് പരിഗണിക്കുന്നത്. പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് ജോസഫ് വിഭാഗം. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവില്ല. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും. അപ്പോഴും വിപ്പ് അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എന്ന പേര് ഈ പാര്‍ട്ടിയിലും ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. നിലവിലുള്ള ഒരു പാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പേര് പിന്നീട് മാറ്റുകയും ചെയ്യാമല്ലോ. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം പൊതു ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.

നേരത്തെ, ചിഹ്നവും പേരും തര്‍ക്കവും കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫിന് ചെണ്ട ചിഹ്നമായി ലഭിച്ചത്. എന്നാലിപ്പോള്‍ ജോസിന് അനുകൂലമായി വിധി വന്നതോടെ തര്‍ക്കം ഇല്ലാതായി. ഇനി പുതിയ പാര്‍ട്ടിയോ ചിഹ്നമോ ഇല്ലാതെ ജോസഫിന് മുന്നോട്ട് പോകാനാവില്ല. ഇത്തവണ ജോസിനെതിരെ വിജയിച്ചില്ലെങ്കില്‍ യു.ഡി.എഫില്‍ ജോസഫ് ദുര്‍ബലനാകും. കാരണം കടുത്ത വിലപേശല്‍ നടത്തിയാണ് പത്ത് സീറ്റുകള്‍ ജോസഫ് നേടിയെടുത്തത്.

വാല്‍ക്കഷണം
കൊവിഡ് മുക്തനായി റിവേഴ്‌സ് ക്വാറന്റീനും കഴിഞ്ഞ് ജോസഫ് മറ്റന്നാള്‍ തൊടുപുഴയില്‍ മടങ്ങിയെത്തും. ലയന സാധ്യതകള്‍ അടക്കം അദ്ദേഹം പരിശോധിക്കും. ലയനം സംബന്ധിച്ച് പി.സി തോമസുമായി നേരത്തെ ചില ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അത് മുന്നോട്ട് പോയില്ല. അതുകൊണ്ടാണ് പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് പോകുന്നത്. പാര്‍ട്ടി ഉണ്ടാക്കിയാലും അത് ഏത് സാഹചര്യത്തിലാണ് നിലവില്‍ വന്നതെന്ന് അണികളെ ബോധ്യപ്പെടുത്തുക ജോസഫിന് കീറാമുട്ടിയാവുമെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments