തദ്ദേശത്തെരഞ്ഞെടുപ്പ് ഫലം ഇടതുഭരണത്തുടര്‍ച്ചയുടെ സൂചകമായി പൊതുസമൂഹത്തിലെ ചില കേന്ദ്രങ്ങളെങ്കിലും വിലയിരുത്തുകയുണ്ടായി. ഒരു വേള യു.ഡി.എഫ് നേതൃത്വത്തില്‍പ്പോലും അത്തരമൊരു ധാരണ അലോസരം സൃഷ്ടിച്ചുവെന്നതും വാസ്തവം.

എല്‍.ഡി.എഫാകട്ടെ ആ പ്രചാരത്തിന്റെ അമിതാത്മവിശ്വാസത്തിലേക്ക് മൂക്കുകുത്തി വീഴുകയും ചെയ്തു. എന്നാല്‍ ആഴ്ചകള്‍ പിന്നിടുമ്പോള്‍ രാഷ്ട്രീയ ഗണിതവും, സാഹചര്യങ്ങളും തുടര്‍ഭരണസാധ്യതയേക്കാള്‍ യു.ഡി.എഫ് പടിയേറ്റത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആ സാധ്യതാവിശകലനമാണ് ഈ കുറിപ്പിനാധാരാം.

ഇടതു തരംഗമെന്ന് കൊട്ടിഘോഷിക്കപ്പെട്ട തദ്ദേശതെരഞ്ഞടുപ്പ് വിജയം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് ഷെയര്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ക്ക് ഏറെക്കുറെ തുല്യമാണെന്ന് കാണാം.
സ്ഥാനാര്‍ത്ഥി മികവും, സംഘടനാ ശേഷിയും, സാമ്പത്തിക മേല്‍ക്കൈയും, ഭരണസ്വാധീനവും ഉള്‍പ്പെടെ സകലതും തുണയായിട്ടും എല്‍.ഡി.എഫിന് യു.ഡി.എഫിന് ഒപ്പമെത്താനേ കഴിഞ്ഞുള്ളു എന്നത് തന്നെയാണ് അസംബ്ലിത്തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അനുകൂലമായി പ്രാഥമികമായി വിലയിരുത്തപ്പെടേണ്ടത്. അതിനര്‍ത്ഥം യു.ഡി.എഫിന് വിന്യസിക്കപ്പെടുന്ന നിശ്ശബ്ദവോട്ടുകള്‍ ഇപ്പോഴും സജീവമായിത്തന്നെ നിലനില്‍ക്കുന്നു എന്നതത്രേ.
രാഷ്ട്രീയച്ചായ്‌വ് ഏറ്റവും ശക്തമായി പ്രകടമാക്കപ്പെടുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ആ ചായ്‌വ് യു.ഡി.എഫിന് കൂടുതല്‍ ശക്തി പകരും എന്നത് തന്നെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ബാലപാഠം എന്നതത്രേ രാഷ്ട്രീയ ഗണകരുടെ നിഗമനം.
അതിനൊപ്പം തന്നെ സമകാലസാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതായുണ്ട്. പുറമേ പ്രകടമല്ലെങ്കിലും ഭരണ വിരുദ്ധ വികാരം അടിയൊഴുക്കായി പ്രബലമാണ് എന്നതാണ് വാസ്തവം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതിയാരോപണപത്രസമ്മേളനങ്ങള്‍ പരിഹാസശരമേറ്റെങ്കിലും ആ രാഷ്ട്രീയനീക്കം പൊതു സമൂഹത്തില്‍ ഈ സര്‍ക്കാരിന്റെ ക്ലീന്‍ ഇമേജില്‍ കരിനിഴല്‍ വീഴ്ത്താന്‍ മാത്രമല്ല, ഇടതുപക്ഷ അനുഭാവികളില്‍പ്പോലും സര്‍ക്കാരിനോട് അതൃപ്തിയും അനിഷ്ടവും ഉളവാക്കാന്‍ സാധ്യമായി എന്നത് ഇടതു നേതാക്കളും സമ്മതിച്ചു തരുന്ന യാഥാര്‍ത്ഥ്യമാണ്.
വരും തെരഞ്ഞെടുപ്പില്‍ അഴിമതിവിരുദ്ധ പ്രതിഛായയുമായി രംഗത്തിറങ്ങാനുള്ള ആത്മബലം ഇടതുമുന്നണിക്ക് നഷ്ടമായത് നിസ്സാരമായ ഒരു രാഷ്ട്രീയ മുന്നേറ്റമല്ല, യു.ഡി.എഫിനും ചെന്നിത്തലയ്ക്കും ശബരിമല പ്രശ്‌നം സജീവതെരഞ്ഞെടുപ്പ് വിഷയമാകില്ല എങ്കിലും അത് കെട്ടടങ്ങി എന്ന് ആശ്വാസം കൊള്ളാന്‍ എല്‍.ഡി.എഫിനാവില്ല. സാധാരണക്കാരും മധ്യവയസ്സ് പിന്നിട്ടവരുമായ ഹൈന്ദവസ്ത്രീകളില്‍ ആ മുറിവ് ഇപ്പോഴും ഒരു പകയായിത്തന്നെ നീറുകയാണ്. പിണറായി സര്‍ക്കാരിനെതിരെയുള്ള ആ അമര്‍ഷവും ഇക്കുറിയും യു.ഡി.എഫിന്റെ വോട്ടുപെട്ടിയില്‍ തന്നെ വീഴുമെന്നുറപ്പ്.
ക്ഷേമപെന്‍ഷന്‍, സൗജന്യകിറ്റ് വിതരണം തുടങ്ങിയ ഗിമ്മിക്കുകളിലൂടെ ഒരു പരിധിവരെ ഇതിനെയൊക്കെ മറികടക്കാന്‍ എല്‍.ഡി.എഫ് അദ്ധ്വാനിക്കുമ്പോഴും നിയമനനിരോധനവും, പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്നുള്ള പിന്‍വാതില്‍ നിയമനവും അടക്കമുള്ള വഴിവിട്ട നടപടികള്‍ സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്. ഒപ്പം ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഫിഷറീസ് അഴിമതി ആരോപണവും എല്‍.ഡി.എഫിന്റെ തുടര്‍ഭരണസ്വപ്നങ്ങള്‍ക്ക് മേല്‍ കനത്ത ആഘാതം ഏല്പിച്ചിരിക്കുന്നു.
ജോസ്.കെ മാണിയുടെ മുന്നണിമാറ്റം യു.ഡി.എഫിന് അത്ര കനത്ത ആഘാതം സൃഷ്ടിച്ചില്ല എന്ന് തന്നെയാണ് മധ്യതിരുവിതാംകൂറിലെ തദ്ദേശഫലം തെളിയിച്ചത്. അതിനര്‍ത്ഥം അത് നിസ്സാരമായി തള്ളിക്കളയേണ്ടതാണ് എന്നല്ല. ഒരു ചെറുശതമാനം പരമ്പരാഗത യു.ഡി.എഫ് വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് മറിയുകയോ വിനിയോഗിക്കപ്പെടാതിരിക്കുകയോ ചെയ്‌തേക്കാം. പക്ഷേ, ജോസ്.കെ. മാണിയുടെ ചുവടുമാറ്റം കേരളാകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പരമ്പരാഗത കമ്മ്യൂണിസ്റ്റ് വിരോധത്തെ മറികടക്കാന്‍ പര്യാപ്തമെന്ന് കരുതാന്‍ വയ്യ.
ആ വോട്ടുകള്‍ അവസാന നിമിഷം ജനാധിപത്യ ചേരിക്ക് തന്നെ പോള്‍ ചെയ്യപ്പെടും. ഒപ്പം എന്‍.എസ്.എസിന്റെ പരിപൂര്‍ണ പിന്തുണ കൂടിയാവുമ്പോള്‍ മധ്യതിരുവിതാംകൂര്‍ ഇക്കുറിയും യു.ഡി.എഫിന്റെ കയ്യില്‍ ഭദ്രം എന്ന് തന്നെയാണ് രാഷ്ട്രീയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് അനുമാനിക്കാന്‍ കഴിയുന്നത്.
ഇതിലൊക്കെയുപരി വി.എസ് എന്ന തുറുപ്പുചീട്ടിന്റെ അഭാവം ഇക്കുറി എല്‍.ഡി.എഫിന് മങ്ങലാകുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായയും നേതൃശേഷിയും യു.ഡി.എഫിന് മുതല്‍ക്കൂട്ടാവും. യു.ഡി.എഫിന്റെ ഒത്തിണങ്ങിയ നേതൃത്വനിരയ്‌ക്കൊപ്പം നിര്‍ത്താനുള്ള ജനകീയ മുഖങ്ങളുടെ അഭാവം തെരഞ്ഞെടുപ്പ് ഗോദായില്‍ എല്‍.ഡി.എഫിന് വെല്ലുവിളിയാകും.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, മുരളീധരന്‍, വി.ഡി.സതീശന്‍ തുടങ്ങിയ മുന്‍നിര നേതാക്കള്‍ക്കും ഷാഫി പറമ്പില്‍, ബല്‍റാം, അനില്‍ അക്കര, ശബരീനാഥ്, വിഷ്ണുനാഥ് തുടങ്ങിയ യുവനിരയ്ക്കും ഒപ്പം നിരത്താന്‍ എല്‍.ഡി.എഫിന് കരുക്കളില്ലെന്നത് തെരഞ്ഞെടുപ്പ് യുദ്ധത്തെ സ്വാധീനിക്കാനും സാധ്യത കല്പിക്കപ്പെടുന്നു.
വാല്‍ക്കഷ്ണം
മെട്രോമാന്‍ ഇ. ശ്രീധരന്റെ ബി.ജെ.പിയിലേക്കുള്ള ചേക്കേറലും യു.ഡി.എഫിനാണ് അനുകൂലഘടകമാവാന്‍ പോവുന്നത്. കേരളത്തിലെ പൊതുസമൂഹം ആദരിക്കുന്ന ആരാധിക്കുന്ന ഇ. ശ്രീധരന്‍ പിണറായിക്കും സര്‍ക്കാരിനുമെതിരെ തൊടുക്കുന്ന അസ്ത്രങ്ങള്‍ ജനഹൃദയങ്ങളെ സ്വാധീനിക്കും. ആ സ്വാധീനം പിണറായി സര്‍ക്കാര്‍ വിരുദ്ധതയായി പരിണമിക്കും. പക്ഷേ, അത് വിദൂരഭരണസാധ്യത പോലുമില്ലാത്ത ബി.ജെ.പിയ്ക്കല്ല, യു.ഡി.എഫിന്റെ വോട്ടുപെട്ടിയിലേക്കാണ് വോട്ടുകളായി വീഴുക. ചുരുക്കത്തില്‍, യു.ഡി.എഫ് ഗ്രൂപ്പും, പോരും, തമ്മില്‍ത്തല്ലും മാറ്റിവച്ച് ഒത്തുപിടിച്ചാല്‍ വരും പഞ്ചവത്സരം അവരുടേതാക്കാം…