വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് തോറ്റതോടെ ഡൊണാള്‍ഡ് ട്രംപിനെ കൈവിട്ട് അദ്ദേഹത്തിന്റെ ടീം. ട്രംപ് സുപ്രധാന പദവികളില്‍ നിയമിച്ചവരും നേരത്തെ സ്ഥാനമൊഴിഞ്ഞവരും പതിയെ ജോ ബൈഡനൊപ്പം ചേര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ നിയമനങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോള്‍ ട്രംപ് ഒറ്റപ്പെട്ട് വരികയാണ്. ബൈഡന് അധികാരം കൈമാറാനുള്ള നടപടികളും ട്രംപ് ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ ട്രംപ് തെരഞ്ഞെടുപ്പ് തോല്‍വിയെ അംഗീകരിക്കാത്തത് ഇവരെയെല്ലാം ചൊടിപ്പിച്ചിരിക്കുകയാണ്. ജനങ്ങളോട് തെരുവില്‍ ഇറങ്ങാന്‍ പറഞ്ഞതെല്ലാം ജനാധിപത്യ വിരുദ്ധമാണെന്നും ഇവര്‍ കരുതുന്നു. ട്രംപ് അധികാരം കൈമാറാത്തത് കൊണ്ട് ഇതുവരെ ഭരണഘടനാപരമായ നടപടികളൊന്നും ബൈഡന് എടുക്കാന്‍ സാധിക്കില്ല.

ഫെഡറല്‍ ഏജന്‍സികള്‍, ഫണ്ടുകള്‍, രഹസ്യ സ്വഭാവമുള്ള ഇന്റലിജന്‍സ് യോഗം, ഇവയിലൊന്നും ബൈഡന് ട്രംപിന്റെ പിടിവാശി കാരണം ഇടപെടാന്‍ കഴിയില്ല. അതേസമയം ട്രംപിന്റെ ടീമില്‍ അദ്ദേഹവുമായി അടുപ്പമുള്ളവരും ഈ കൊഴിഞ്ഞുപോക്ക് അറിഞ്ഞിട്ടുണ്ട്. രാജ്യത്തോടുള്ള സേവനത്തിന് പകരം പക്ഷപാതരമായി ശത്രുപക്ഷത്തേക്ക് പോയിരിക്കുകയാണ് ഇവരെന്ന് ട്രംപിന്റെ ടീം കുറ്റപ്പെടുത്തുന്നു. ബൈഡന്റെ ട്രാന്‍സിഷന്‍ ടീമിലെ അംഗങ്ങള്‍ക്ക് എന്താണ് ട്രംപിന് കീഴില്‍ വൈറ്റ് ഹൗസില്‍ നടക്കുന്നതെന്ന് ഇവര്‍ വിശദീകരിച്ച് നല്‍കും. ട്രംപിന്റെ ടീമിലുള്ളവര്‍ വലിയൊരു സഹായം അധികാര കൈമാറ്റത്തിന് മുമ്പ് തന്നെ ബൈഡന് നല്‍കും.

നേരത്തെ ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ബൈഡന്റെ ടീമിലെ ഉദ്യോഗസ്ഥന് ഇമെയില്‍ അയച്ചിട്ടുണ്ട്. ഇയാള്‍ക്ക് അതേ സ്ഥാനം വൈറ്റ് ഹൗസില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ബൈഡന്റെ ടീമിനെ സഹായിക്കാമെന്നും ഇയാള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥരും ബൈഡന്റെ ടീമിനെ കണ്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ഒരു പ്രശ്‌നവും ഇത് കൊണ്ട് ഉണ്ടാവില്ല. സഹായിക്കാമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളെ കൊണ്ട് എന്ത് സാധിക്കുമെന്ന് അവര്‍ക്കറിയാമെന്നും ഇവര്‍ പറഞ്ഞു. അതേസമയം ബൈഡന്റെ ടീം ഇവര്‍ അധികാര കേന്ദ്രങ്ങളില്‍ ഉണ്ടാവുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ല.
സാധാരണ പുതിയ പ്രസിഡന്റ് വരുമ്പോള്‍ ടീം മാറാറുണ്ട്. ഇത്തവണയും അത് പ്രതീക്ഷിക്കുന്നുണ്ട്. കാരണം ട്രംപിന്റെ ടീമിലുള്ള ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും വലിയ രീതിയില്‍ ജോലിയില്‍ പ്രശസ്തി നേടാത്തവരാണ്. അതേസമയം അധികാരത്തിലേക്ക് ബൈഡനുള്ള വഴി എളുപ്പമാക്കിയാല്‍ മാത്രമേ ഈ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകൂ എന്ന് ബൈഡന്റെ ഡെപ്യൂട്ടി ക്യാമ്പയിന്‍ മാനേജര്‍ കേറ്റ് ബെഡിങ്ഫീല്‍ഡ് പറഞ്ഞു. അതേസമയം ബൈഡന്റെ ടീമുമായി സംസാരിക്കരുതെന്ന് ഫെഡറല്‍ ഏജന്‍സികള്‍ക്കെല്ലാം ട്രംപ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സ്റ്റാഫുകള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ലഭിച്ചതായി പറഞ്ഞു. ഇവര്‍ ബൈഡന്റെ ടീമുമായി ബന്ധപ്പെടില്ല. ഇവര്‍ സമീപിച്ചാല്‍ അക്കാര്യം ട്രംപിന്റെ ടീമിനെയും അറിയിക്കും.