ഒർലാണ്ടോ, ഫ്ലോറിഡ: ജനുവരിയിൽ വൈറ്റ് ഹൗസിന്റെ പടികടന്ന ശേഷം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ആദ്യത്തെ പൊതു പ്രസംഗത്തിന്റെ വേദി എന്ന നിലയിൽ ഫ്ലോറിഡയിൽ നടക്കുന്ന യാഥാസ്ഥിതിക സമ്മേളനത്തിന് പ്രസക്തി കൂടുതലാണ്. പാർട്ടിക്ക് വേണ്ടി ഐക്യപ്പെടാൻ റിപ്പബ്ലിക്കൻമാരോട് ട്രംപ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു .

പുതിയ പാർട്ടി തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക്കൻ ശക്തി വിഭജനത്തിലൂടെയല്ല, ഏകീകരണത്തിലൂടെയാണെന്നും ഒർലൻഡോയിൽ നടക്കുന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ ട്രംപ് പറഞ്ഞു. ‘നമ്മൾ പുതിയ പാർട്ടി ആരംഭിക്കുന്നില്ല, നമ്മുടെ ടെ ശക്തിയും കഴിവും വിഭജിക്കുകയില്ല. പകരം, മുമ്പെങ്ങുമില്ലാത്തവിധം ഐക്യത്തിലൂടെ ശക്തരാകും.’

റിപ്പബ്ലിക്കൻമാർക്ക് ഹൗസിന്റെയും സെനറ്റിന്റെയും നിയന്ത്രണം വീണ്ടെടുക്കാനുള്ള മാർഗവും ട്രംപ് നിർദേശിച്ചു.
ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ വോട്ടുചെയ്ത റിപ്പബ്ലിക്കാന്മാരിൽ ഒരാളായ ഹൗസ് അംഗം ലിസ് ചെയ്‌നിക്കെതിരെ മാത്രമല്ല പേരിൽ മാത്രം റിപ്പബ്ലിക്കൻ ആയിരിക്കുന്ന പലരുമുണ്ടെന്നും അവർക്കെതിരെ കരുതിയിരിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.