ന്യൂയോർക് സിറ്റിയിൽ സബ്വേ ട്രെയിനിലും പ്ലാറ്റുഫോമിലും ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ ഭവനരഹിതരായ രണ്ടുപേർ ‘എ’ ട്രെയ്നിൽ മരണപ്പെടുകയും മറ്റു രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‘ട്രെയിൻ റിപ്പർ’ കസ്റ്റഡിയിലായെന്ന് പോലീസ് അറിയിച്ചതാണ് ഏക ആശ്വാസം.
അപ്പർ മാൻഹട്ടനിൽ വച്ച് പിടിയിലാകുമ്പോൾ രക്തം പുരണ്ട കത്തി കൈവശംവച്ച് ഭ്രാന്തനെപ്പോലെയാണ് പ്രതിയെ കാണപ്പെട്ടതത്രീ. ഇയാൾ ധരിച്ചിരുന്ന ഷൂവിലും ഇരകളുടെ രക്തം പുരണ്ടിരുന്നു.
സബ്വേകളിലെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുന്ന രക്തച്ചൊരിച്ചിലുകൾ ഇനിയും ഉണ്ടാകാതിരിക്കാൻ പോലീസ് കമ്മീഷണർ ഡെർമോട്ട് ഷിയ 500 പോലീസുകാരെക്കൂടി സ്റ്റേഷനുകളിൽ വിന്യസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
അക്രമി പിടിക്കപ്പെട്ട സ്ഥലത്തിനോട് അടുത്തുള്ള പ്രദേശത്താണ് വെള്ളിയാഴ്ച രാവിലെ ആദ്യ സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. 67- കാരനായ കാൽനട യാത്രക്കാരനാണ് രാവിലെ 11.30 ന് വാഷിംഗ്ടൺ ഹൈറ്റ്സിലെ 181 സ്ട്രീറ്റ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ച് ആദ്യം ആക്രമിക്കപ്പെട്ടത്. ‘ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്!’ അക്രമി കൊല വിളിച്ചതായി അദ്ദേഹം പോലീസിനോട് പറഞ്ഞു. കുത്തേറ്റെങ്കിലും ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ഇയാൾ അപകടനില തരണം ചെയ്തു.
അതിനെ തുടർന്നുള്ള മൂന്ന്ആക്രമണങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായാണ് പ്രാഥമിക നിഗമനം.
പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞ്, രാത്രി 11:29 നാണ് ഫാർ റോക്കവേയിൽ മൊട്ട് സ്റ്റേഷനിലെ ട്രെയിനിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുത്തേറ്റ മുറിവുകളുണ്ടായിരുന്ന ഇയാൾ, സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞ്, ശനിയാഴ്ച പുലർച്ചെ 1: 15 ന് ഇൻവുഡിലെ 207-ാമത്തെ സ്ട്രീറ്റ് സ്റ്റേഷനിലെ ട്രെയിനിനുള്ളിൽ സബ്വേ സീറ്റിനടിയിൽ 44 വയസുള്ള ഒരു സ്ത്രീയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. അവരുടെ ശരീരമാകെ കുത്തേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച പുലർച്ചെ 1: 28 നാണ് അടുത്ത ആക്രമണം. വെസ്റ്റ് 181 സ്ട്രീറ്റിലെ സ്റ്റേഷനിലെ പടിക്കെട്ടിൽ ഉറങ്ങാൻ കിടന്ന 43 കാരനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
അടുത്തുള്ള ഒരു ബാങ്കിലേക്ക് കുതറി വീണ അയാളിപ്പോൾ ചികിത്സയിൽ കഴിയുന്നു.
2006 ജൂൺ മുതൽ സബ്വേകളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. 13 മണിക്കൂറുകൾക്കിടെ 4 ഭവനരഹിതർക്കാണ് അന്ന് കുത്തേറ്റത്. ആളപായം ഉണ്ടായിരുന്നില്ല.
2019 ൽ മാൻഹട്ടനിലെ ചൈന ടൗണിൽ രാത്രി ഉറങ്ങിക്കിടന്ന 4 ഭവനരഹിതരെ കുത്തിക്കൊലപ്പെടുത്തിയ സംഭവവും ഇന്നും ഭീതിയോടെ മാത്രമേ ഓർക്കാൻ കഴിയൂ.
ട്രെയിൻ കാത്തുനിൽക്കുന്നവരെ ട്രാക്കിലേക്ക് തള്ളിയിട്യൂണ ഏതാനും സംഭവം സമീപകാലത്തുണ്ടായി. ഒരു ഇന്ത്യൻ വംശജനും ഒരാളെ തള്ളിയിട്ടതിനു അറസ്റ്റിലായിരുന്നു.