THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 6, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America പട്ടിണിയും പരിവട്ടവും പാര്‍ലമെന്റ് പണിയലും (ഓപ്പണ്‍ ഫോറം-ജെയിംസ് കൂടല്‍)

പട്ടിണിയും പരിവട്ടവും പാര്‍ലമെന്റ് പണിയലും (ഓപ്പണ്‍ ഫോറം-ജെയിംസ് കൂടല്‍)

ഒരു രാജ്യത്തെ ജനതയുടെ സ്വസ്ഥമായ ജീവിതത്തിനാവശ്യമായ സൗകര്യങ്ങളുടെ പട്ടികയെന്താണ്..? വേണ്ടത്ര ആഹാരം, വസ്ത്രം, പാര്‍പ്പിട സൗകര്യം, ശുദ്ധജലം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, തൊഴില്, സ്വാതന്ത്ര്യം എന്നിവയാണതൊക്കെ. ഇവയുടെ ഇല്ലായ്മയും അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യതയും ഉളവാക്കുന്ന അവസ്ഥയെ നമ്മള്‍ പട്ടിണിയെന്ന് വിശേഷിപ്പിക്കുന്നു. അത്യാവശ്യ ചെലവുകള്‍ പോലും നേരിടാനുള്ള വരുമാനമില്ലായ്മ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ സാമൂഹിക പ്രശ്‌നമാണ്. മേല്‍ സൂചിപ്പിച്ച സൗകര്യങ്ങള്‍ ഇല്ലാതെ ജീവിതം നയിക്കുന്നവരാണ് ദരിദ്രര്‍. ദീര്‍ഘകാലം നീണ്ടുനില്ക്കുന്ന രോഗമോ അംഗവൈകല്യമോ ദാരിദ്ര്യത്തെ രൂക്ഷമാക്കുന്നു. ആധുനിക ധനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം ദാരിദ്ര്യത്തിന്റെ സാന്നിധ്യം ഒരു പൊരുത്തക്കേടിനെയാണ് കാണിക്കുന്നത്. ബുദ്ധിപൂര്‍വകമായ സാമൂഹ്യനയം മൂലം ഇതു പരിഹരിക്കാവുന്നതുമാണ്.

adpost

സ്വന്തമായി വീടില്ലാത്ത കോടിക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ട്. ഒരു ദിവസത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്. നല്ല വസ്ത്രങ്ങള്‍ ധരിക്കാനില്ലാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുന്ന പട്ടിണിപ്പാവങ്ങളുടെ എണ്ണവും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ മൃഗീയ ഭൂരിപക്ഷം വരുന്ന ദരിദ്ര കോടികളുടെ വോട്ടു വാങ്ങി ഇന്ദ്രപ്രസ്ഥത്തില്‍ അധികാര പുഷ്പം വിരിയിച്ചവര്‍ അവരെ പാടെ അവഗണിക്കുന്നുവെന്നു മാത്രമല്ല അമേരിക്കന്‍ അതിഥി വന്നപ്പോള്‍ അവര്‍ ജീവിക്കുന്ന ഭാഗങ്ങള്‍ മതിലുകെട്ടി മറച്ച് പട്ടിണിപ്പാവങ്ങളെ അപമാനിക്കുകയും ചെയ്തു.

adpost

ഒരു ദിവസത്തെ ജീവിതം തള്ളിനീക്കാന്‍ എന്തു പണിയുമെടുക്കുന്ന നിത്യത്തൊഴിലുകാര്‍ കൊടുക്കുന്ന കരത്തിന്റെ പങ്കെടുത്താണ് ഇന്ത്യയിലെ കുത്തക മുതലാളിമാരെ ഭരണവര്‍ഗം അറിഞ്ഞുകൊണ്ടു വളര്‍ത്തിയെടുക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാചകവാതകത്തിന്റെ വില നൂറു രൂപയാണ് കൂടിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു ദാക്ഷിണ്യവുമില്ലാതെ കുത്തക കമ്പനികള്‍ അനുദിനമെന്നോണം കൂട്ടിക്കൊണ്ടുമിരിക്കുന്നു. ക്രൂഡോയിലിന്റെ വില അന്താരാഷ്ട്രവിപണിയില്‍ കൂപ്പുകുത്തിയിട്ടും ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തുന്നത് തുടരുകയാണ്. ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാതെ, കര്‍ഷകരുടെ സമരത്തെ ഒരുതരത്തിലും ഗൗനിക്കാതെ പാവപ്പെട്ടവന്റെ ആഹാരത്തില്‍ മണ്ണുവാരിയിടുന്ന നയത്തെ എങ്ങനെ അപലപിക്കും എന്ന് ആലോചിക്കണം.

വിഷമഘട്ടങ്ങള്‍ ഒരുപാടുണ്ട്. വേദനിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ നിരന്തരം പൊങ്ങിവരികയും ചെയ്യുന്നു. അതേസമയം ഇലക്ഷനും മറ്റും കൃത്യമായും അരങ്ങേറുകയും ചെയ്യുന്നു. ഒരു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമായ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പട്ടിണിക്കിടക്കയില്‍ നിന്നെഴുന്നേറ്റു പോകുന്നവരുടെ മുഖങ്ങള്‍ നാം കാണാറുണ്ട്. അവരുടെ ആ ചൂണ്ടുവിരലില്‍ പതിയുന്ന മഷിയടയാളമാണ് ഡല്‍ഹിയില്‍ രാജപ്രതാപം നയിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരിപ്പിടത്തിന് ബലമേകുന്നത്. ആ ബലത്തില്‍ നിന്നുകൊണ്ടാണ് 3000 കോടി രൂപ മുടക്കി ഒരു പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഏതാണ്ട് 1000 കോടി രൂപയുടെ ചെലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും അടിയന്തിരമായി നിര്‍മിക്കാന്‍ പോകുന്നു. ഒരു രാജ്യത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ എന്തെന്നു വ്യക്തമാക്കുന്നത് പട്ടിണിയും പരിവട്ടവുമില്ലാതെ നില്‍ക്കുന്ന അവരുടെ പ്രസന്നമുഖഭാവങ്ങളാണ്. ഇന്ത്യയില്‍ എത്രപേര്‍ അങ്ങനെ സ്വസ്ഥമായി, സമാധാനമായി, ഭയരഹിതമായി ജീവിക്കുന്നുണ്ട് എന്ന് ഇക്കാലമത്രയും ഭരിച്ച ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ കണക്കെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് പുതിയ പാര്‍ലമെന്റ് നിര്‍മാണ അത്യാഗ്രഹത്തിലേക്ക് കടക്കാം.

അത്യാര്‍ഭാടത്തിന്റെ പുതിയ പാര്‍ലിമെന്റ് കെട്ടിടം നിര്‍മിക്കുന്നതിനെതിരെ വിമര്‍ശം കനക്കുകയാണ്. നടന്‍ കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. കൊവിഡ് വ്യാപനത്തില്‍ ജീവിത മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതിയോളം വരുന്ന ജനവിഭാഗം പട്ടിണിയോട് പൊരുതിക്കൊണ്ടിരിക്കെ 1,000 കോടി രൂപ ചെലവില്‍ പുതിയ പാര്‍ലിമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണെന്നദ്ദേഹം ചോദിക്കുന്നു. ചൈനയിലെ പഴയ ഭരണ കാലമാണ് ഇത് കാണുമ്പോള്‍ ഓര്‍മയിലെത്തുന്നത്. ചൈനാ വന്‍മതില്‍ പണിയുമ്പോള്‍ തൊഴിലാളികളോടും ജനങ്ങളോടും അന്നത്തെ ഭരണാധിപര്‍ പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതിലെന്നായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് മതിലിന്റെ പണിക്കിടെ മരിച്ചുവീണതെന്ന് കമല്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ഇതുപോലുള്ള ചെലവേറിയതും അനിവാര്യമല്ലാത്തതുമായ പദ്ധതികള്‍ ഭൂഷണമല്ലെന്ന് കാണിച്ച് 60 ഉന്നതോദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ആര്‍ഭാട നിര്‍മിതിക്കെതിരെ പലരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ത്രികോണാകൃതിയില്‍ ഉയരുന്ന ഈ കെട്ടിടം നവീനവും സ്വാശ്രയ ഇന്ത്യയുടെ പ്രതീകവും രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ധന്യമായ തെളിവും നവ ഇന്ത്യയുടെ അഭിലാഷങ്ങളെ അടയാളപ്പെടുത്തുന്നതുമായിരിക്കുമെന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. നിലവില്‍ പാര്‍ലിമെന്റ് മന്ദിരത്തിനാണ് തറക്കല്ലിട്ടതെങ്കിലും വിവിധ മന്ത്രാലയങ്ങളുള്‍പ്പെടെ 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാഷ്ട്രപതിഭവനും യുദ്ധസ്മാരകമായ ഇന്ത്യാ ഗേറ്റിനുമിടയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നീണ്ടുകിടക്കുന്നതാണ് നിശ്ചിത പദ്ധതി. പാര്‍ലിമെന്റ് കെട്ടിടം പണി 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം താത്കാലികമായി സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്.

‘സന്‍സദ് ഭവന്‍’ എന്ന നിലവിലെ പാര്‍ലിമെന്റ് മന്ദിരം മനോഹരമാണ്. 93 വര്‍ഷം പിന്നിട്ടെങ്കിലും ആ കെട്ടിടത്തിന് ഒരു ബലക്ഷയവും സംഭവിച്ചിട്ടില്ലെന്നാണ് പ്രമുഖ വാസ്തുശില്‍പ്പികളും എന്‍ജിനീയര്‍മാരും പറയുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ ഈ കെട്ടിടമുപേക്ഷിച്ച് മറ്റൊരു പാര്‍ലിമെന്റ് മന്ദിരം പണിയേണ്ടതിന്റെ ആവശ്യമെന്താണ് എന്നാണ് വ്യാപകമായി ഉയരുന്ന ചോദ്യം. കൊവിഡും ലോക്ക്ഡൗണും കടുത്ത ആഘാതമാണ് സാധാരണക്കാരുടെ ജീവിതത്തില്‍ ഏല്‍പ്പിച്ചത്. കൊവിഡ് ആഘാതത്തെക്കുറിച്ച് ഹംഗര്‍ വാച്ച് നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത് ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഡല്‍ഹി, തെലങ്കാന, തമിഴ്‌നാട് എന്നീ 11 സംസ്ഥാനങ്ങളിലെ 45 ശതമാനം പേരും ഭക്ഷ്യാവശ്യത്തിന് കടം വാങ്ങേണ്ട അവസ്ഥയിലാണെന്നാണ്.

ലോക്ക്ഡൗണില്‍ ഇളവ് നല്‍കി അഞ്ച് മാസം പിന്നിട്ടിട്ടും ഇവരുടെ പട്ടിണിക്ക് പരിഹാരമായില്ല. ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നും മറ്റും നാടണഞ്ഞ കുടിയേറ്റ തൊഴിലാളികള്‍ ജോലിയില്ലാതെയും വരുമാന മാര്‍ഗം അടഞ്ഞും കഷ്ടപ്പാടിലാണ്. ആഗോള പട്ടിണി സൂചികയില്‍ 107 രാജ്യങ്ങളുടെ പട്ടികയില്‍ 97-ാമതാണ് ഇന്ത്യയുടെ സ്ഥാനം.

കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും, എട്ട് മാസം കടന്നു പോയിട്ടും പദ്ധതി കടലാസില്‍ ഒതുങ്ങുകയാണ്. ഈയിനത്തില്‍ ഇതുവരെയായി പത്ത് ശതമാനത്തോളം തുകയേ വിതരണം ചെയ്തിട്ടുള്ളൂവെന്നാണ് പുനെയിലെ വ്യവസായിയായ പ്രഫുല്‍ സര്‍ദ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയില്‍ കേന്ദ്രം അറിയിച്ചത്. അടിയന്തര വായ്പാ സംവിധാനമാണ് പാക്കേജിലെ ഒരിനം. വിവിധ സംസ്ഥാനങ്ങള്‍ക്കായി ഈയിനത്തില്‍ വിതരണം ചെയ്തത് 1.20 ലക്ഷം കോടിയും. ഇതനുസരിച്ച് 130 കോടിയിലധികം ഇന്ത്യന്‍ ജനതയില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന വായ്പ ഒമ്പത് രൂപയായിരിക്കും. ഇതാണ് കൊട്ടിഘോഷിച്ച പാക്കേജിന്റെ കഥ.

വാല്‍ക്കഷണം
റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെയാണ് 1,000 കോടിയുടെ പാര്‍ലിമെന്റ് മന്ദിര ധൂര്‍ത്ത് അനുസ്മരിപ്പിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ചേരികളില്‍ ദുരിത ജീവിതം നയിക്കുകയാണ്. അവര്‍ക്ക് സുരക്ഷിതമായി കഴിയാന്‍, മനസ്സമാധാനത്തോടെ അന്തിയുറങ്ങാന്‍ വീടില്ല. പുറംപോക്കില്‍ ഷീറ്റുകൊണ്ട് മറച്ച ചെറ്റക്കുടിലിലാണ് അവരുടെ താമസം. പീടികത്തിണ്ണയിലും ബസ് സ്‌റ്റോപ്പുകളിലുമാണ് പതിനായിരങ്ങള്‍ അന്തിയുറങ്ങുന്നത്. അവരുടെ അടുക്കളകളിലേയ്ക്ക് ഒന്ന് എത്തി നോക്കിയിട്ട് പണിയൂ നിങ്ങള്‍ മണിമന്ദിരങ്ങള്‍…

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com