THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America പിളര്‍പ്പിന്റെ തളര്‍ച്ചയില്‍ ജോസഫിന് അഭയം കൊടുത്ത് തോമസ് (ഓപ്പണ്‍ഫോറം-ജെയിംസ് കൂടല്‍)

പിളര്‍പ്പിന്റെ തളര്‍ച്ചയില്‍ ജോസഫിന് അഭയം കൊടുത്ത് തോമസ് (ഓപ്പണ്‍ഫോറം-ജെയിംസ് കൂടല്‍)

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 1964ല്‍ വിട്ടുപോന്ന ഒരു വിഭാഗം നേതാക്കാള്‍ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയായ കേരളാ കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസം ഒരു ലയന മഹോല്‍സവം നടന്നു. കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം മുന്‍ കേന്ദ്രമന്ത്രി പി.സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചിരിക്കുന്നു. കേസില്‍ പരാജയപ്പെട്ട് രണ്ടില ചിഹ്നവും പാര്‍ട്ടി പേരും എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെ ലയനത്തിന് ജോസഫ് നിര്‍ബന്ധിതനായത്. അതേസമയം, പിളര്‍പ്പും ലയനവും തളര്‍ച്ചയും വളര്‍ച്ചുയുമൊന്നും കേരള കോണ്‍ഗ്രസിന് പുത്തരിയല്ല.

അനേകം പിളര്‍പ്പുകളിലൂടെ കടന്നു പോയ ഈ കക്ഷിയില്‍ ഇന്ന് എത്ര വിഭാഗങ്ങളുണ്ട് എന്ന് ചോദിച്ചാല്‍ ഓര്‍ത്തെടുക്കാന്‍ പ്രയയാസമാണ്. നിരന്തരമായ പിളര്‍പ്പുകള്‍ കക്ഷിയെ ബലഹീനമാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന അധ്വാനവര്‍ഗ സൈദ്ധാന്തികന്‍ കെ.എം മാണിയുടെ നിരീക്ഷണം കൗതുകമുണര്‍ത്തുന്നതാണ്. ”പിളരും തോറും വളരുന്ന കക്ഷി…” എന്നാണ് അദ്ദേഹം കേരളാ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചത്.

കേരള കോണ്‍ഗ്രസിന്റെ ജനിതക സ്വഭാവമാണ് പിളരുകയും ലയിക്കുകയും ചെയ്യുക എന്നത്. പിളര്‍ന്നു മാറിയ ചില കക്ഷികള്‍ വളരുകയും മറ്റു ചിലര്‍ തളരുകയും ചെയ്തിട്ടുണ്ട്. ഈ പിളര്‍പ്പും ലയനവും ഒന്നും മഹത്തായ ഒരു ആശയത്തിന്റെയോ ധാര്‍മ്മകതയുടെയോ പേരിലായിരുന്നില്ല. എല്ലാം അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള പടവെട്ടലുകളായിരുന്നു. പിളര്‍പ്പുകള്‍ക്ക് പിന്നില്‍ വിവിധ സമ്മര്‍ദ്ദ വിഭാഗങ്ങളുടേയും നേതാക്കളുടേയും താത്പര്യങ്ങളുമുണ്ടായിരുന്നു. കെ.എം മാണി-പി.ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ പരസ്യമായ വടംവലിയും പ്രസ്താവനാ യുദ്ധങ്ങളും കേരള രാഷ്ട്രീയത്തിനു തന്നെ മാനക്കേടുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ആരുടെ ഭാഗത്താണ് ശരി എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരത്തിന് ഒരു പ്രസക്തിയുമില്ലെന്ന് ഒരു പക്ഷവും പിടിക്കാതെ പറയാം.

അറുപതുകളുടെ ആദ്യ പാദത്തില്‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോണ്‍ഗ്രസ് പിറവികൊണ്ടത്. പി.സി ചാക്കോയുടെ പീച്ചി വിവാദത്തില്‍ തുടങ്ങി രാജിയിലും മരണത്തിലുമെത്തിയ സംഭവവികാസങ്ങളാണ് കോണ്‍ഗ്രസില്‍ നിന്ന് കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസെന്ന പാര്‍ട്ടിയുടെ പിറവിയിലേക്ക് നയിച്ചത്. രാഷ്ട്രീയ കേരളത്തെ ത്രസിപ്പിച്ച് കോട്ടയത്തെ തിരുനക്കര മൈതാനിയില്‍ വെച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തിയതുമുതല്‍ പിളര്‍പ്പിലൂടെ വളരുന്ന ചരിത്രമാണ് കേരള കോണ്‍ഗ്രസിനുള്ളത്. 1964 മുതല്‍ ഇന്നോളമുള്ള കേരള കോണ്‍ഗ്രസിന്റെ ചരിത്രം പതിനാലിലധികം പിളര്‍പ്പുകളുടേത് കൂടിയാണ്.

1963ല്‍ മുഖ്യമന്ത്രി ആര്‍ ശങ്കറും ആഭ്യന്തര മന്ത്രി പി.ടി ചാക്കോയും തമ്മില്‍ ശീതയുദ്ധം നടക്കുന്നു. പീച്ചിയിലേക്കുള്ള യാത്രയില്‍ തൃശൂരില്‍ വെച്ച് പി.ടി ചാക്കോയുടെ കാര്‍ ഒരു ഉന്തുവണ്ടിയില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയത് കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നതുകൊണ്ടാണെന്നും അത് ഭാര്യയല്ലെന്നുമുള്ള വിവാദം കത്തിനില്‍ക്കുകയാണ്. വിവാദത്തെത്തുടര്‍ന്ന് പി.ടി ചാക്കോ മന്ത്രിസ്ഥാനം രാജിവെച്ചു. 1964 ആഗസ്റ്റില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് പി.ടി ചാക്കോ അന്തരിക്കുകയും ചെയ്തു. പി.ടി ചാക്കോയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് അപമാനമുണ്ടായെന്നും അദ്ദേഹം മരിച്ചത് മനംനൊന്താണെന്നും ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ ആരേപണം കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കി. 15 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു. 1964ല്‍ കെ.എം ജോര്‍ജ് ചെയര്‍മാനും ആര്‍ ബാലകൃഷ്ണപിള്ള വൈസ് ചെയര്‍മാനുമായി കേരള കോണ്‍ഗ്രസ് ജന്‍മമെടുത്തു.

ആദ്യ പിളര്‍പ്പ് 1977ല്‍. പാര്‍ട്ടി നേതൃപദവി തര്‍ക്കത്തെത്തുടര്‍ന്ന് ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ്സ് (ബി) രൂപീകരിച്ചു. 1977ല്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടു, 2 സീറ്റ് നേടി. 1979ല്‍ പി.ജെ ജോസഫിനോട് കെ.എം മാണി തെറ്റി രണ്ടായി. 1984ല്‍ മാണിയും ജോസഫും ലയിച്ചു. 84ലെ ലോക്‌സഭാ ഇലക്ഷനില്‍ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ ലഭിക്കുകയും ചെയ്തു. വീണ്ടും പിര്‍പ്പ്. 1987ല്‍ പിളരുന്നെങ്കില്‍ പിളരട്ടെ എന്നു പറഞ്ഞ് ജോസഫുമായി സ്വരചേര്‍ച്ചയില്ലാതെ കെ.എം മാണി രണ്ടില ചിഹ്നവുമായി കേരള കോണ്‍ഗ്രസ് എം രൂപീകരിച്ചു. പിള്ള ജോസഫിനൊപ്പം നിന്നെങ്കിലും ടി.എം ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു. 1989ല്‍ പി.ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്സ് എല്‍.ഡി.എഫിലേക്ക് ചേക്കേറി. പിള്ള, മാണി ഗ്രൂപ്പുകള്‍ യു.ഡി.എഫില്‍ തന്നെ നിന്നു.

അടുത്ത പൊട്ടിത്തെറി 1993ല്‍. മാണിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ജലസേചന മന്ത്രിയായിരുന്ന ടി.എം ജേക്കബ് എം.എല്‍.എമാരായ ജോണി നെല്ലൂരിനെയും, മാത്യു സ്റ്റീഫനെയും, പി.എം മാത്യുവിനെയും കൂട്ടി കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) രൂപീകരിച്ച് മാണി ഗ്രൂപ്പിനെ പിളര്‍ത്തി. എന്നാല്‍ താമസിയാതെ പി.എം മാത്യുവും മാത്യു സ്റ്റീഫനും മാതൃസംഘടനയിലേയ്ക്ക് മടങ്ങി.

1996 ജനുവരിയില്‍–ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. ജോസഫ് എം പുതുശ്ശേരി വിഭാഗം ഒ.വി ലൂക്കോസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പീന്നീട് മാണി ഗ്രൂപ്പില്‍ ലയിച്ചു. 2001 ജൂലൈയില്‍ കെ.എം മാണിയോട് തെറ്റി പി.സി ചാക്കോയുടെ മകന്‍ പി.സി തോമസ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാര്‍ട്ടിയായ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐ.എഫ്.ഡി.പി) രൂപീകരിച്ചു. 2004ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണിയെ മൂവാറ്റുപുഴ മണ്ഡലത്തില്‍ തോല്‍പ്പിച്ചു. പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്തി പി.സി ജോര്‍ജ്ജ് 2003 ആഗസ്റ്റില്‍ കേരള കോണ്‍ഗ്രസ്സ് സെക്ക്യുലര്‍ രൂപീകരിച്ചു.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സ്ഥാനം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് 2005ല്‍ ജേക്കബ് ഗ്രൂപ്പ് കെ കരുണാകരന്റെ (ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്) ഡി.ഐ.സിയില്‍ ചേര്‍ന്നു. കെ മുരളീധരനുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ടി.എം ജേക്കബും കൂട്ടരും ഡി.ഐ.സി വിട്ട് കേരള കോണ്‍ഗ്രസ് ജേക്കബ് പുനസംഘടിപ്പിച്ചു. 2007ല്‍ കേരള കോണ്‍ഗ്രസുകളൊന്നാകെ ലയിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും പരാജയപ്പെട്ടു. പിള്ള ഗ്രൂപ്പ് യു.ഡി.എഫില്‍ പ്രത്യേകം നിലകൊണ്ടു. ഇതിനിടെ 2009 നവംമ്പര്‍ 11ന് പി.സി തോമസിന്റെ പാര്‍ട്ടി ജോസഫ് ഗ്രൂപ്പില്‍ ലയിച്ചു.

2010ല്‍ ഇടതുമുന്നണിയിലായിരുന്ന ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച് കേരള കോണ്‍ഗ്രസ് പിവുലമാക്കി യു.ഡി.എഫിലെത്തി. പി.സി തോമസും സുരേന്ദ്രന്‍ പിള്ളയും സ്‌കറിയാ തോമസിന്റെ നേതൃത്വത്തില്‍ ലയനവിരുദ്ധ പാര്‍ട്ടിയായി എല്‍.ഡി.എഫില്‍ത്തന്നെ നിന്നു. പി.സി ജോര്‍ജ് മാണി ഗ്രൂപ്പില്‍ ലയിച്ചു. ജേക്കബ് ഗ്രൂപ്പും കേരള കോണ്‍ഗ്രസില്‍ ലയിച്ചു. 2011ല്‍ ടി.എം ജേക്കബ് അന്തരിച്ചു. മകന്‍ അനൂപ് ജേക്കബ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായി

ബാര്‍ കോഴ വിവാദത്തെത്തുടര്‍ന്ന് പി.സി ജോര്‍ജ്ജ് മാണി ഗ്രൂപ്പ് വിട്ട് 2015ല്‍ പഴയ സെക്ക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചെങ്കിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയാനായി നേരിടാനായിരുന്നു വിധി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് ഗ്രൂപ്പ് പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ച് എല്‍.ഡി.എഫിനൊപ്പം തിരഞ്ഞെടുപ്പ് നേരിട്ടെങ്കിലും ആരും വിജയിച്ചില്ല. കേരള കോണ്‍ഗ്രസ്സ് ബിയും എല്‍.ഡി.എഫിനോപ്പം നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. പി.സി തോമസ് എന്‍.ഡി.എയില്‍ ചേര്‍ന്നു. എല്‍.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സുരേന്ദ്രന്‍ പിള്ള യു.ഡി.എഫിലേക്കും പോയി.

2016ല്‍ കേരള കോണ്‍ഗ്രസ്സ് (എം) യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി. 2017 മേയ് മാസത്തില്‍ സി.പി.എമ്മിന്റെ പിന്‍തുണയോടെ കേരള കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ്സില്‍നിന്നും പിടിച്ചെടുത്തു. രണ്ട് വര്‍ഷത്തെ അകല്‍ച്ചയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് എം യു.ഡി.എഫില്‍ തിരിച്ചെത്തി. പക്ഷെ കോണ്‍ഗ്രസിന് നഷ്ടമായത് ഏക രാജ്യസഭാ സീറ്റും. ആത്മഹത്യാപരമെന്ന് വി.എം സുധീരന്‍ വിമര്‍ശിച്ചു. ജോസ് കെ മാണി ലോക് സഭയില്‍ നിന്നും രാജിവെച്ച് രാജ്യസഭാംഗമായി.

2018 സിസംമ്പറില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനും, ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)ക്കും എല്‍.ഡി.എഫില്‍ പ്രവേശനം. 2019ല്‍ ഫ്രാന്‍സിസ് ജോര്‍ജ് പി.ജെ ജോസഫിനൊപ്പമായി. ഡോ. കെ.സി ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസായി തുടര്‍ന്നു. 2019 ഏപ്രില്‍ 9ന് കെ.എം മാണി അന്തരിച്ചു. തുടര്‍ന്ന് ജോസ് കെ മാണി-പി.ജെ ജോസഫ് മൂപ്പിളമ തര്‍ക്കമാരംഭിച്ചു. 2019 ജൂണ്‍ 16ന് കേരളാ കോണ്‍ഗ്രസ് എം, ജോസ്-ജോസഫ് ആയി പിളര്‍ന്നു.

കഴിഞ്ഞ വര്‍ഷം കേരള കോണ്‍ഗ്രസ് ജേക്കബ് പിളര്‍ന്നു. ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ പക്ഷം ലയനത്തെ തള്ളി ജേക്കബ് ഗ്രൂപ്പുമായി മുന്നോട്ട്. ഇന്നലെ അതായത് മാര്‍ച്ച് 17ന് ചിഹ്നക്കേസില്‍ തോറ്റ ജോസഫ് വിഭാഗം പി.സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കാന്‍ നിര്‍ബന്ധിതരായി.

വാല്‍ക്കഷണം
കേരളത്തിലെ അടിസ്ഥാന വര്‍ഗമായ കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കേരള കോണ്‍ഗ്രസ് പല കാലങ്ങളിലും തങ്ങളുടെ ജനകീയ അടിത്തറ ഉറപ്പിച്ചത്. തിരഞ്ഞെടുപ്പ് ചിഹ്നത്തിനായി നട്ടം തിരിഞ്ഞ പി.ജെ ജോസഫിന് ലയിക്കാന്‍ ഇടം കൊടുത്ത പി.സി തോമസ് ആണ് വ്യത്യസ്തമായ സമരമാര്‍ഗങ്ങളിലൂടെ കര്‍ഷകരുടെ, പ്രത്യേകിച്ച് റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ശ്രദ്ധയിലെത്തിച്ചത്. റബ്ബര്‍ ഷീറ്റ് കത്തിച്ചും അത് വസ്ത്രമായുടുത്തും റബ്ബര്‍ ഇലകള്‍ കൊണ്ട് പ്രകടനം നടത്തിയും പാര്‍ലമെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പി.സി തോമസിനായി. പി.സി. ജോര്‍ജിന് രാഷ്ട്രീയ അഭയം കൊടുത്തുകൊണ്ട് പി.സി തോമസും ഹീറോ ആയിരിക്കുന്നു. കേരള കോണ്‍ഗ്രസ് ഇനിയും വളരുകയും തളരുകയും പിളരുകയും ലയിക്കുകയുമൊക്കെ ചെയ്യും…പളപളപ്പുള്ള അധികാര രാഷ്ട്രീയം ഇങ്ങനെ പ്രലോഭിപ്പിച്ച് നില്‍ക്കുന്നിടത്തോളം കാലം…

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments