THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America പൊട്ടിക്കരഞ്ഞും തലമൊട്ടയടിച്ചും തഴയപ്പെട്ടവരുടെ പ്രകടനം, പക്ഷേ...(ഓപ്പണ്‍ഫോറം-ജെയിംസ് കൂടല്‍)

പൊട്ടിക്കരഞ്ഞും തലമൊട്ടയടിച്ചും തഴയപ്പെട്ടവരുടെ പ്രകടനം, പക്ഷേ…(ഓപ്പണ്‍ഫോറം-ജെയിംസ് കൂടല്‍)

യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയുമൊക്കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തിനുള്ള ആളായി. ഇനി ജനാധിപത്യ ഗോദയില്‍ പ്രചോരണ പോരാട്ടത്തിന്റെ മൂന്നാഴ്ചക്കാലം മാത്രം. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുമെല്ലാം എല്ലാ മുന്നണികളിലും പാര്‍ട്ടികളിലും പൊട്ടലും ചീറ്റലും ഉണ്ടായി.

സീറ്റ് കിട്ടാത്തതില്‍ പൊട്ടിക്കരഞ്ഞ കോണ്‍ഗ്രസിന്റെ വനിതാ നേതാവ് ബിന്ദു കൃഷ്ണയെ ഒടുവില്‍ കൊല്ലം മണ്ഡലത്തില്‍ പ്രതിഷ്ഠിച്ച് സമാധാനിപ്പിച്ചു. താനുള്‍പ്പെടെയുള്ള സ്ത്രീകളെ തഴഞ്ഞതില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നില്‍ തല മുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. തഴയപ്പെട്ട ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രന് മുമ്പില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കീഴടങ്ങിയെന്നാണ് കേള്‍ക്കുന്നത്. ജി സുധാകരന്‍, പി ജയരാജന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ സി.പി.എമ്മിലും അസ്വാരസ്യങ്ങള്‍ നീറിപ്പുകയുന്നുണ്ട്.

സ്ഥാനാര്‍ത്ഥി ലിസ്റ്റുകള്‍ പുറത്തുവന്നപ്പോഴുള്ള പ്രതിഷേധങ്ങളും അസ്വാരസ്യങ്ങളും പറഞ്ഞൊതുക്കിയില്ലെങ്കില്‍ പണി പാളുമെന്നുറപ്പ്. കാരണം നേരിയ മാര്‍ജിനില്‍ സീറ്റുകള്‍ നഷ്ടപ്പെടാവുന്ന കേരളത്തില്‍ വിമതരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തുകയെന്നത് ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെയും വിജയത്തില്‍ നിര്‍ണായക ഘടകമാണ്.

വോട്ടെടുപ്പിന് ഇനി മൂന്നാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം മാര്‍ചച്ച് 19-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. അതിനിടയില്‍ അവശേഷിച്ച തര്‍ക്കങ്ങള്‍ കൂടി പരിഹരിച്ച് ഗോദയില്‍ സര്‍വസജ്ജമായി ഇറങ്ങിയില്ലെങ്കില്‍ കപ്പിനും ചുണ്ടിനുമിടയില്‍ ട്രോഫി കളഞ്ഞുകുളിക്കേണ്ടിവരും. സ്ഥാനാര്‍ഥിപ്പട്ടികകള്‍ പ്രഖ്യാപിച്ചതോടെ മുന്നണികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് സാരം.

ഇക്കാര്യത്തില്‍ പതിവുപോലെ കോണ്‍ഗ്രസിനാണ് വലിയ തലവേദനയുണ്ടാക്കുന്നത്. എന്നാല്‍, ഇക്കുറി ഇത്തവണ മറ്റു പാര്‍ട്ടികളിലും പടലപ്പിണക്കങ്ങള്‍ കൂടുതല്‍ പ്രകടമായി. സി.പി.എമ്മിലും ബി.ജെ.പിയിലും മുസ്‌ലിം ലീഗിലും കേരള കോണ്‍ഗ്രസുകളിലും സി.പി.ഐയിലും എല്ലാമുണ്ട് അസ്വാരസ്യങ്ങള്‍. പ്രതീക്ഷിക്കാത്ത പാര്‍ട്ടികളിലും സ്ഥലങ്ങളിലും വരെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരായ പരസ്യ പ്രതികരണങ്ങളും പ്രതിഷേധ പ്രകടനങ്ങളും കണ്ടു. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോള്‍ നിരവധി മണ്ഡലങ്ങളില്‍ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയോടെങ്കിലും എതിര്‍പ്പുള്ള സ്വന്തം പാര്‍ട്ടിക്കാരും മുന്നണിക്കാരുമുണ്ട്. അതാകട്ടെ ആത്മഹത്യാപരവും.

ഈ പൊരുത്തക്കേടുകള്‍ നിരവധി മണ്ഡലങ്ങളില്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുമെന്നതില്‍ തര്‍ക്കമില്ല. അതൊക്കെ രമ്യമായി പരിഹരിക്കപ്പെടുമോയെന്ന് കാത്തിരുന്നു കാണാം. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എത്രയും വേഗം പ്രചാരണ രംഗത്ത് മുന്നേറേണ്ടതുണ്ട്. ഇടതുമുന്നണി മൂന്നാലു ദിവസം മുന്‍പേ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് കളത്തിറങ്ങി ബഹുദൂരം മുന്നോട്ടുപോയിയെന്നോര്‍ക്കണം.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തു സജീവമായത് ഇടതുമുന്നണിയാണ്. ഇപ്പോള്‍ കാണുന്നതുപോലുള്ള തര്‍ക്കങ്ങള്‍ അന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ ബാധിച്ചു. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി മത്സരിക്കുന്ന 16ല്‍ 12 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിച്ചത്. വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ, വടകര മണ്ഡലങ്ങളില്‍ തീരുമാനം വൈകി.

തുടര്‍ന്ന് ആലപ്പുഴയിലെയും ആറ്റിങ്ങലിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും വടകരയില്‍ കെ. മുരളീധരനും എത്തുന്നത് അതിനും ശേഷമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റിലെ തര്‍ക്കങ്ങളും വൈകുന്നതിലെ നീരസവും നിരാശയുമൊക്കെ അന്നും സംസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍, അതൊക്കെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ തന്നെ പരിഹരിക്കാനായി. മുരളിയുടെ ധീരമായ വടകര പ്രവേശവും പാര്‍ട്ടിക്കും യു.ഡി.എഫിനും ആവേശം പകര്‍ന്നുവെന്നതില്‍ തര്‍ക്കമില്ല. യഥായമയത്തുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയ സാധ്യതകളെ ആകമാനം സ്വാധീനിക്കാവുന്ന ഘടകങ്ങളുണ്ടെന്നത് നിസ്തര്‍ക്കമാണ്.

ഇത്തവണ മുന്നണി ബന്ധങ്ങളിലെ മാറ്റങ്ങളും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യം പതിവിലേറെ ശക്തമായതും യു.ഡി.എഫ്-ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയം കൂടുതല്‍ സങ്കീര്‍ണമാക്കിയെന്ന് പറയാം. എന്നാല്‍, എല്‍.ഡി.എഫിന് ഇത്തരം വിഷയങ്ങളില്‍ വളരെ വേഗം തീരുമാനമെടുക്കാനായി. സീറ്റ് നിര്‍ണയത്തിനു ശേഷമുള്ള പരാതികളില്‍ പരിഹാരമുണ്ടാക്കാന്‍ ആദ്യം തന്നെ മുന്നിട്ടിറങ്ങാനും അവര്‍ക്ക് സാധിച്ചത് അതുകൊണ്ടാണ്.

സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്കു മടങ്ങിയത് പ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസില്‍ ഉണ്ടാകാവുന്ന പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്. ബിന്ദു കൃഷ്ണയ്ക്കും കെ. ബാബുവിനും അവര്‍ സ്ഥാനാര്‍ഥികളാവുമെന്ന് ഉറപ്പു ലഭിച്ചു എന്നു പറയുന്നതുപോലെ സീറ്റ് കിട്ടാതെ അസംതൃപ്തരാകുമെന്നു കരുതുന്നവരെയും സീനിയര്‍ നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ടാകാം.

നേരത്തെ സൂചിപ്പിച്ചത് പോലെ ബി.ജെ.പിയും പ്രശ്‌നവിമുക്തമല്ല. ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മുതല്‍ സീറ്റ് നിര്‍ണയത്തില്‍ കടമ്പകള്‍ പലതു കടക്കാനുണ്ട് അവര്‍ക്കും. പുതുതായി പാര്‍ട്ടിയിലെത്തിയവരുടെ നീണ്ട ലിസ്റ്റ് തന്നെ പരിഗണിക്കപ്പെടേണ്ടതായിവന്നു. ദീര്‍ഘകാലമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കാര്യവും കീറാമുട്ടിയായി. ഓരോ മണ്ഡലത്തിലും വോട്ട് സാധ്യതകള്‍ കൂട്ടുന്ന തരത്തില്‍ ഇതു രണ്ടും സമന്വയിപ്പിക്കുകയെന്നത് കടുകട്ടിയാണ്. കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യവും ഇതിനിടയില്‍ പരിഗണിക്കണമല്ലോ.

വാല്‍ക്കഷണം
എന്തായാലും മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും അണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഉറക്കമില്ലാത്ത ദിനങ്ങളാണ് ഇനിയുള്ളത്. വരും ദിവസങ്ങള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റേതു മാത്രമല്ല പത്രിക സമര്‍പ്പിക്കാമെന്ന പ്രതീക്ഷ തകര്‍ന്നവരെയും അവരുടെ അനുയായികളെയും ആശ്വസിപ്പിച്ചു കൂടെ നിര്‍ത്തുന്നതിന്റേതു കൂടിയാണ്. എല്ലു മുറിയെ പണിയെടുത്തേ പറ്റൂ. കാരണം കേരളത്തിലെ ഒരു നിയമസഭാ സീറ്റിന് ഒരിക്കലും വിലയിടാനാവില്ലല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments