വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായ ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ ചൂടേറിയ വാഗ്വാദങ്ങള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എതിരാളി ജൊ ബൈഡനും തമ്മിലാണ് സംവാദം നടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറരക്ക് തുടങ്ങിയ സംവാദം എട്ട് മണിയോടെ അവസാനിച്ചു. വ്യക്തി അധിക്ഷേപങ്ങളിലേക്ക് കടന്നുകയറിയായിരുന്നു സംവാദം. ഒഹായോയിലായിരുന്നു സംവാദം.

കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് ഭരണകൂടിത്തിന് വീഴ്ച സംഭവിച്ചുവെന്ന് ജോ ബൈഡന്‍ ആരോപിച്ചു. പ്രസിഡന്റ് പരിഭ്രാന്തി പരത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബൈഡന്റെ വാദങ്ങള്‍ അംഗീകരിച്ചാല്‍ കൊവിഡ് ഒരിക്കലും നിയന്ത്രണവിധേയമാകില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

സംവാദത്തിനിടെ അവതാരകനോട് ട്രംപ് പ്രകോപിതനാകുന്നതും കാണാമായിരുന്നു. സംവാദം നടത്തുന്നത് എതിരാളിയോടല്ല അവതരാകനോടാണ് എന്നായിരുന്നു ട്രംപിന്റെ വാദം. ”ഈ കോമാളിയോട് ഒരു വാക്ക് പോലും പറയാന്‍ ബുദ്ധിമുട്ടാണ്, ക്ഷമിക്കണം…” എന്നായിരുന്നു ഇതിനോട് ബൈഡന്റെ പ്രതികരണം.
സുപ്രീം കോടതിയുടെ ഭാവി, കാലാവസ്ഥാ മാറ്റവും കാട്ടുതീയും, വംശീയ ആക്രമണങ്ങള്‍, കൊവിഡ് സാഹചര്യത്തെ ട്രംപ് എങ്ങനെ കൈകാര്യം ചെയ്തു, അമേരിക്കന്‍ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി, ഇരുനേതാക്കളുടെയും പ്രവര്‍ത്തന പരിചയം എന്നീ ആറ് വിഷയങ്ങളില്‍ ഊന്നിയായിരുന്നു സംവാദം. സംവാദത്തിനിടയില്‍ പലപ്പോഴും ജോ ബൈഡനെ തടസ്സപ്പെടുത്താന്‍ ട്രംപ് ശ്രമിച്ചതും ആരോപണങ്ങള്‍ കുടുംബാംഗങ്ങളിലേക്ക് വരേ നീണ്ടതും കാണാനിടയായി.
തന്റെ നികുതി രേകകള്‍ പുറത്തുവിട്ടുകൊണ്ടാണ് ജോ ബൈഡന്‍ സംവാദത്തിന് എത്തിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പത്ത് വര്‍ഷമായി നികുതി അടച്ചില്ലെന്ന വിവാദങ്ങള്‍ക്ക് ഇടെയായിരുന്നു ബൈഡന്റെ നടപടി. താനും കുടുംബവും അമേരിക്കക്ക് ശതകോടതികള്‍ നികുതി അടച്ചിട്ടുണ്ട് എന്ന ഒറ്റവരി മറുപടിയില്‍ നികുതി വിവാദം ട്രംപ് ഒതുക്കി. നവംബര്‍ മൂന്നിനാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.