കെ.എസ്.ആര്.ടി.സി.യിലെ അഞ്ചു ശതമാനം ജീവനക്കാര്‍ ശമ്പളം വാങ്ങി ഡ്യൂട്ടി സമയത്ത് ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാന്‍ പോകുന്നുവെന്ന് എം.ഡി. ബിജു പ്രഭാകറിന്റെ പരാമര്‍ശം വിവാദത്തില്‍. പുതിയ കമ്പനിയായി സ്വിഫ്റ്റിന്റെ രൂപവത്കരണത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് സ്ഥാപനത്തിലെ ക്രമക്കേടുകള്‍ അദ്ദേഹം വിവരിച്ചത്.
ഇതോടെ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിച്ചുവെന്നാരോപിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് പ്രവര്‍ത്തകര്‍ ചീഫ് ഓഫീസിലേക്ക് പ്രകടനം നടത്തി. എന്നാല്‍, ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഒരു വിഭാഗം ചെയ്യുന്ന തെറ്റ് ചൂണ്ടുക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ബിജു പ്രഭാകര്‍ വിശദീകരിച്ചു. സ്വിഫ്റ്റ് കമ്പനി രൂപവത്ക്കരണം ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അതേപടി പാലിച്ചാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു വാര്‍ത്ത ഇങ്ങനെ…കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനു (കെ.ടി.ഡി.എഫ്.സി)യുമായുള്ള പണമിടപാടില്‍ 100 കോടി രൂപയുടെ തിരിമറി കണ്ടെത്തിയതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെ സ്ഥലം മാറ്റി.
വിവാദങ്ങള്‍ എന്നും നമ്മുടെ വണ്ടിയുടെ പുറകേയുണ്ട്. ചരിത്രം വായിക്കാം….’ആനവണ്ടി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മലയാളികളുടെ സര്‍ക്കാര്‍ സഹായം ട്രാന്‍സ്പോര്‍ട്ട് ബസ് അങ്ങനെ കുതിച്ചും കിതച്ചുമുള്ള ഓട്ടത്തിന്റെ 83 വര്‍ഷം വരുന്ന ഫെബ്രുവരി 20-ാം തീയതി പൂര്ത്തിയാവികയാണ്. ഇന്ത്യയിലെ ഏറ്റവും പഴയ ബസ് കമ്പനികളിലൊന്നായ കെ.എസ്.ആര്.ടി.സി (കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്) കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം തന്നെയാണ്. അതിനാകട്ടെ രാജപ്രതാപത്തിന്റെ കാലത്തോളം ചരിത്രവുമുണ്ട്.
മലയാളികളുടെ മനസിസില്‍ സീറ്റ് പിടിച്ച ആ വണ്ടിവിശേഷത്തിന്റെ പിന്പാതകളിലേയ്ക്കൊരു റിവേഴ്സ് ഗിയറിടാം… തിരുവിതാംകൂറിന്റെ കഠിന വഴികളില്‍ കാളവണ്ടികളും സൈക്കിള്‍ റിക്ഷകളും യഥേഷ്ടം നിരങ്ങി സഞ്ചരിച്ചിരുന്ന ഒരു കാലം. ചില സ്വകാര്യ മോട്ടോര്‍ മുതലാളിമാരും ജനങ്ങളെ പിഴിഞ്ഞ് സര്‍വീസ് നടത്തിയിരുന്നു. സ്വകാര്യ വണ്ടിക്കാരുടെ തീവെട്ടിക്കൊള്ളയ്ക്കെതിരെ രാജാവിന്റെ മുന്നില്‍ ദിനംപ്രതി പരാതികള്‍ എത്തി. ഇതിനുള്ള ശാശ്വത പരിഹാരം തേടി, തിരുവിതാംകൂറിന്റെ ഗതാഗത ആവശ്യങ്ങള്‍ എപ്രകാരം ജനകീയ മുഖത്തോടെ നിറവേറ്റാം എന്ന അന്വേഷണത്തില്‍ നിന്നാണ് സര്‍ക്കാര്‍ ബസുകള്‍ കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് ഹോണ്‍ മുഴക്കിയോടിയെത്തിയത്.
ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ ഭരണകാലമായിരുന്നു. തന്റെ യൂറോപ്യന്‍ പര്യടനത്തില്‍ ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിന്റെ കാര്യക്ഷമമായ സര്‍വീസുകള്‍ കണ്ട മഹാരാജാവ് അതേപ്പറ്റി കൂടുതല്‍ പഠിച്ചു. സ്വന്തം പ്രജകള്‍ക്കു വേണ്ടി ലണ്ടന്‍ മാതൃകയിലൂടെ ജനകീയ വാഹന സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച ശ്രീ ചിത്തിര തിരുനാളിന് ലണ്ടന്‍ ഗതാഗത അധികൃതര്‍ പിന്തുണയുടെ പച്ച ലൈറ്റ് കാട്ടി.
തിരുവിതാംകൂറിലെ പൊതു ഗതാഗതത്തിന്റെ വളയം പിടിക്കാന്‍, ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ് സൂപ്രണ്ട് ഇ.ജി. സാര്‍ട്ടര്‍ എന്ന സായ്പ്പ് 1937 സെപ്റ്റംബര്‍ 20ന്, തിരുവിതാംകൂര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു.
ഈ നാട്ടുരാജ്യത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്രാ സൗകര്യങ്ങളെയും സാധ്യതകളെയും കുറിച്ച് ക്ഷണ വേഗത്തില്‍ പഠിച്ച സാര്‍ട്ടര്‍ സായ്പ്പിന്റെ ശുപാര്‍ശപ്രകാരം ഇംഗ്ലണ്ടില്‍ നിന്നും പെര്‍കിന്‍സ് ഡീസല്‍ എഞ്ചിന് ഘടിപ്പിച്ച 60 കോമര് ചേസിസുകള്‍ ഇറക്കുമതി ചെയ്തു. ഇതിനോടകം സാര്‍ട്ടര്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിന്റെ നട്ടും ബോള്‍ട്ടുമായി മാറിക്കഴിഞ്ഞിരുന്നു. ബോഡി നിര്‍മാണത്തിന് അദ്ദേഹം നേരിട്ട് മേല്‍നോട്ടം വഹിച്ചു. സാര്‍ട്ടര്‍ കണ്ടെത്തി നിയമിച്ച ഡിപ്പാര്‍ട്ടുമെന്റിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ തന്നെയാണ് ബോഡി നിര്‍മിച്ചത്.
ഇക്കാലത്ത് തിരുവനന്തപുരം-കന്യാകുമാരി പാത ദേശസാത്ക്കരിച്ചതിനാല്, സ്വകാര്യ സ്ഥാനപങ്ങളിലെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് തിരുവിതാംകൂര്‍ ട്രാന്‍സ്പോര്‍ട്ടില്‍ നിയമനത്തിന് മുന്‍ഗണന നല്കി. നൂറോളം പേരെ ഇന്‍സ്പെക്ടര്‍മാരും കണ്ടക്ടര്‍മാരുമായി നിയമിച്ച് ഗതാഗത വകുപ്പ് ഫസ്റ്റ് ഗിയറിട്ടു.
അങ്ങനെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മോട്ടോര്‍ സര്‍വീസിന് 1938 ഫെബ്രുവരി 20ന് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് ഡബിള്‍ ബെല്ല് കൊടുത്തു. മഹാരാജാവും അമ്മ മഹാറാണിയും ഇളയ രാജാവ്, ഈയിടെ നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും അടുത്ത ബന്ധുവായ ക്യാപ്റ്റന്‍ ഗോദവര്‍മയും ജനകീയ ബസിലെ കന്നിയാത്രക്കാരായി. സാര്‍ട്ടര്‍ സായ്പ്പ് ഓടിച്ച ബസ് കവടിയാറിന്റെ രാജവീഥിയിലൂടെ കടന്നുപോയത് ആകര്‍ഷകവും അഭിമാനകരവുമായ അതുല്യകാഴ്ചയായിരുന്നു. തമ്പാനൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് കവടിയാര്‍ കൊട്ടാരത്തിലേയ്ക്കുള്ള യാത്രയില്‍ സാര്‍ട്ടര്‍ സാരഥിയായ ബസിനെ മറ്റ് 33 ബസുകളും അകമ്പടി സേവിച്ചു. ഉദ്ഘാടനപ്പിറ്റേന്നു മുതല്‍ തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ ആദ്യത്തെ ജനകീയ സര്‍വീസ് തുടങ്ങി.
കാക്കി ഡ്രസും വെള്ള തൊപ്പിയുമായിരുന്നു കണ്ടക്ടറുടെ വേഷം. ബസ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കാക്കിത്തൊപ്പിയും. ബട്ടണ്‍ അമര്‍ത്തിയാല്‍ ടിക്കറ്റുവരുന്ന മെഷീനാണ് സാര്‍ട്ടര്‍ അവതരിപ്പിച്ചത്. കോമര് ആന്റ് പെര്‍ക്കിന്‍സ് ബസുകള്‍ക്ക് പിന്നാലെ ഡോഡ്ജ്, ഫര്ഗോ, ബെഡ് ഫോഡ്, ഷെവര്‍ലെ കമ്പനികളുടെ ബസുകളും നിരത്തിലിറങ്ങി. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റുകള്‍ ഉണ്ടായിരുന്നില്ല. റബര്‍ കുഷ്യനിട്ട നാല് ഒന്നാം ക്ലാസ് സീറ്റുകള്‍ 50 ശതമാനം കൂടുതല്‍ ചാര്‍ജ് കൊടുത്താല്‍ റിസര്‍വ് ചെയ്യാമായിരുന്നു. മറ്റെല്ലാം ചൂരല്‍ വരിഞ്ഞവയായിരുന്നു.
തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടിന്റെ വരവോടെയാണ് രാജ്യത്ത് ആദ്യമായി ബസ് റൂട്ട് ദേശസാത്ക്കരിക്കുന്നത്. 1938 ല്‍ കൊല്ലത്തേയ്ക്കും നെടുമങ്ങാട്ടേയ്ക്കും തിരുവനന്തപുരത്തു നിന്ന് സര്‍വീസ് തുടങ്ങി. 1940 ല്‍ കോട്ടയം സര്‍വീസും 1942 ല്‍ നാഗര്‍കോവില്‍, പറവൂര്‍, ആലുവ – മൂന്നാര്‍ സര്‍വീസും 1954 ല്‍ കോട്ടയം – തേക്കടി സര്‍വീസും ആരംഭിച്ചു.
സംസ്ഥാന രൂപീകരണം നടന്ന 1956 കാലത്ത് കന്യാകുമാരി മുതല്‍ ഷൊര്‍ണൂര്‍ വരെ പ്രധാന റോഡുകളിലൂടെ ദിവസവും 630 മൈല്‍ സര്‍വീസുകളുണ്ടായിരുന്നു. 400 ബസുകളില്‍ നിന്ന് 52000 ത്തിനു മേല്‍ പ്രതിദിന വരുമാനവും. 1965 ഏപ്രില്‍ ഒന്നിനാണ് കെ.എസ്.ആര്.ടി.സി ആരംഭിക്കുന്നത്. അതിനു മുമ്പേ നമ്മെ ഏപ്രില്‍ ഫൂളാക്കിക്കൊണ്ട് സര്‍ക്കാര്‍ വണ്ടിയുടെ ഡോര്‍ തുറന്നുകൊണ്ട് ലാഭം ഇറങ്ങിപ്പോയിരുന്നു.
ടി.വി.തോമസ് ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ജീവനക്കാര്‍ക്ക് ആദ്യമായി ബോണസ് കൊടുത്തതോടെ ലാഭത്തിന്റെ ബെല്ലടിയൊച്ച കേട്ടു. ഏതാനും വര്‍ഷത്തിനു ശേഷം പഞ്ചറിന്റെ രൂപത്തില്‍ നഷ്ടം ടിക്കറ്റെടുക്കാതെ കയറിക്കൂടി. 1959 കാലഘട്ടത്തില്‍ 12.75 ലക്ഷമായിരുന്നു നഷ്ടം. എന്നാല്‍ തുടര്‍ന്നുള്ള പട്ടം താണു പിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീണ്ടും ലാഭം ബ്രൈറ്റിട്ടു. പിന്നീടിങ്ങോട്ട് ‘ഡിം’
നല്ലൊരു വെള്ളാനയാണിന്ന് കെ.എസ്.ആര്.ടി.സി. നൂറ് കോടി രൂപയ്ക്ക് മേലാണ് പ്രതിമാസ നഷ്ടം. കോവിഡിന്റെ ശാപവുമുണ്ട്. ഗരുഡ, ലോ ഫ്ളോര്‍, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ്, ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ഓര്‍ഡിനറി, വേണാട്, മലബാര്‍, അനന്തപുരി തുടങ്ങി പല രൂപഭാവഭേദങ്ങളിലുമുള്ള എ.സി.-നോണ്‍ എ.സി. എയര്‍ ബസുകള്‍ കെ.എസ്.ആര്.ടി.സി.ക്കുണ്ട്. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ഡബിള്‍ ഡെക്കറും ടെറാപ്ലെയിനും ഒക്കെ ഓടി വിസ്മൃതിയിലായി. അകാലത്തില്‍ ചരമ മടഞ്ഞവയുടെ തിരുശേഷിപ്പുകള്‍. നമ്മുടെ സകല ഡിപ്പോകളിലുമുണ്ട്. ഒരു കാലത്ത് നൂറേല് പിടിപ്പിച്ചവയായിരുന്നു അവ. ഒട്ടേറെ പേരുടെ ജീവനെടുത്തവയും.
ഒരു ബസും ഓര്‍ഡിനറിയായി പിറക്കുന്നില്ല. ഒരുപാടു വര്‍ഷം എടുക്കാചുമടെടുത്ത് ഗട്ടര്വഴികളിലൂടെ ഫസ്റ്റും സെക്കന്റുമിട്ട് പോയി കട്ടപ്പുക തുപ്പി എഞ്ചിന് പണിക്ക് വിധേയമായി… പിന്നെ കുരച്ചുകൊണ്ട് കുറച്ചുകാലമോടി കട്ടപ്പുറത്ത് നിത്യ വിശ്രമം കൊള്ളും. താമസിയാതെ ആക്രിക്കാരന്റെ പൊളിക്കല്‍ സ്ഥലത്ത് രൂപം നഷ്ടപ്പെട്ട്, എഞ്ചിനും ആക്സിലും ഹൗസിങ്ങും ഗിയര്‍ ബോക്സും ഒക്കെ വേര്‍പെട്ട് ഇല്ലാതാവുന്നതോടു കൂടി ഒരു യാത്ര ബ്രേക്ക് ഡൗണാവുകയാണ്… ബ്യൂറോക്രസിയുടെ, വ്യവസ്ഥാപിതമായ ജേര്‍ണി ഫ്രണ്ട്ലി അല്ലാത്ത കുത്തക മുതലാളിത്തത്തിന്റെ അഹന്തയില്‍…
വാല്‍ക്കഷണം
പക്ഷേ, പ്രതീക്ഷകള്‍ക്ക് ഗതിവേഗമേകി പുതുതലമുറ ബസുകള്‍ അപ്പോഴും നിരത്തിലിറങ്ങിക്കൊണ്ടിരിക്കും. രാജമുദ്രയും അശോക സ്തംഭവും രണ്ടാനകളും ദേശീയപതാകയും അടയാളമാക്കിയ ആനവണ്ടി ആയിരം പൂര്ണചന്ദ്രന്മാരെക്കാണാന് ഓടിക്കൊണ്ടിരിക്കുന്നു…കുതിപ്പിന്റെയും കിതപ്പിന്റെയും പുതിയ എക്സ്പ്രസ് ഹൈവേ ദൂരങ്ങള്‍ താണ്ടാന്‍…