വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനം മാറാനിരിക്കെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ ജനുവരിയില്‍ സ്ഥാനമേല്‍ക്കുന്നതോടെ ആഭ്യന്തരവും വൈദേശികവുമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനയുടെ മുന്നോടിയായാണ് ട്രംപ് എസ്പറിനെ പുറത്താക്കിയത്. നിലവില്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ തലവനും മുന്‍ പ്രത്യേക സേന ഓഫീസറുമായ ക്രിസ്റ്റഫര്‍ മില്ലറിനെ എസ്പറിന് പകരം പുതിയ പ്രതിരോധ സെക്രട്ടറിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഭരണത്തിലിരിക്കുന്ന സമയത്ത് ട്രംപുമായി നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളയാളായിരുന്നു എസ്പര്‍. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം ആളിക്കത്തിയിരുന്ന സമയത്തും തെരുവുകളില്‍ പോലീസ് സേനയെ വിന്യസിക്കേണ്ട ആവശ്യമില്ലെന്ന് എസ്പര്‍ നിലപാട് എടുത്തിരുന്നു. കോണ്‍ഫേഡറേറ്റ് ജനറല്‍സ് പേരിലുള്ള യുഎസ് ആര്‍മി ബേസിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടും എസ്പര്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് സെക്രട്ടറിയുടെ മറുപടി. തന്നെ മാറ്റാന്‍ എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ട്രംപിന് തിരിച്ചെഴുതിയ കത്തില്‍ എസ്പര്‍ തിങ്കളാഴ്ച വിശദീകരിച്ചു. തിങ്കളാഴ്ച തന്നെ എസ്പര്‍ പെന്റഗണില്‍ നിന്നും പടിയിറങ്ങിയതായി ദ ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. എസ്പര്‍ പുറത്ത് പോയതിന് പിന്നാലെ ക്രിസ്റ്റഫര്‍ പെന്റഗണില്‍ എത്തുകയും ചെയ്തു. ഭരണഘടനയെ മാനിച്ചുകൊണ്ടാണ് ഞാന്‍ ഈ രാജ്യത്തെ സേവിച്ചത്. അതിനാല്‍ എന്നെ പറഞ്ഞു വിടാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു… എസ്പര്‍ കത്തിലെഴുതി.
അമേരിക്കന്‍ പ്രസിഡന്റായുള്ള തന്റെ അവസാന നിമിഷത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ തെളിവാണ് എസ്പറിനെ പുറത്താക്കിയതെന്നുമാണ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞത്.