അജു വാരിക്കാട്

ഹൂസ്റ്റണ്‍: ഫോമയുടെ 2020-2022 വര്‍ഷത്തെ സതേണ്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് നിര്‍വഹിച്ചു. കഴിഞ്ഞ 29 ന് വൈകുന്നേരം അഞ്ചു മണിക്ക് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.

യൂത്ത് ഫോറം ചെയര്‍ മെവിന്‍ ജോണ്‍ എബ്രഹാമിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ വുമന്‍സ് ഫോറം ചെയര്‍ ഷിബി റോയ് എം.സി ആയി പ്രവര്‍ത്തിച്ചു. ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിക്കയും ഫോമ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജിനെ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തുന്നതിനായി ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് ദീപം, റീജനല്‍ സാരഥികളായ തോമസ് ഒലിയാംകുന്നേല്‍, ഡോ. സാം ജോസഫിനും കൈമാറി.
2018-2020 പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ട് റീജണല്‍ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേല്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് 2020-2022 വര്‍ഷത്തെ റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. സാം ജോസഫിന് സ്ഥാനം കൈമാറുകയും ചെയ്തു. പുതിയ പ്രവര്‍ത്തന വര്‍ഷത്തെ താന്‍ ആവേശത്തോടെയാണ് നോക്കി കാണുന്നതെന്നും റീജിയനിലുള്ള എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്നും ഡോ. സാം ജോസഫ് പറഞ്ഞു.
തുടര്‍ന്ന് നാഷണല്‍ കമ്മിറ്റി അംഗം എം.ജി മാത്യു ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജിനെ സദസിന് പരിചയപ്പെടുത്തുകയും മുന്‍ ഫോമാ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെയര്‍ സണ്ണി കാരിക്കല്‍ പൊന്നാടയണിയിച്ച് ആനയിക്കുകയും ചെയ്തു. 14 വയസ്സുള്ള യൗവനയുക്തയായ ഫോമ എന്ന തരുണീമണിയെയാണ് അനിയന്‍ ജോര്‍ജിന്റെ കയ്യില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നത് എന്ന് എം.ജി മാത്യു പറഞ്ഞു. ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തെ പറ്റി തനിക്ക് പൂര്‍ണബോധ്യം ഉണ്ടെന്നും ഫോമ എന്ന സംഘടനയുടെ സ്വാധീനം അമേരിക്കയിലെ പല പ്രവര്‍ത്തന മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു.
മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റോബിന്‍ ഇലക്കാട്ടില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുന്നത് മലയാളികള്‍ക്ക് എന്നും അഭിമാനമാണ് എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഫോമയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഫോമ നടത്തിയ നാടക മേളയില്‍ സമ്മാനര്‍ഹമായ മാഗ് അവതരിപ്പിച്ച നാടകത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചു. ഡോ. സാം ജോസഫ് ആണ് മാഗിനു വേണ്ടി അവാര്‍ഡ് സ്വീകരിച്ചത്.
മാഗ് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ചെറുകര, സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി ഒലിക്കന്‍, ഐ.പി.സി.എന്‍.ഏ പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് എം കാക്കനാട്ട്, ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമ ജോയിന്‍ സെക്രട്ടറി ജോസ് മണക്കാട് ജോയിന്‍ ട്രഷറര്‍ ബിജു തോണി കടവില്‍ മാധ്യമ പ്രവര്‍ത്തകന്‍ എ.സി ജോര്‍ജ്, ചാരിറ്റി ഫോറം ചെയര്‍ ജോസ് പുന്നൂസ് എന്നിവര്‍ ആശംസകള്‍ അനേര്‍ന്നു. ഫോമാ നാഷണല്‍ കമ്മിറ്റി അംഗം മാത്യുസ് മുണ്ടയ്ക്കല്‍ കൃതജ്ഞത രേഖപ്പെടുത്തി.