ഹരി നമ്പൂതിരി

(ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ്-യു.എസ്.എ)

ബിസ്‌ക്കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന ആഗോള ഇന്ത്യന്‍ വ്യവസായി രാജന്‍ പിള്ളയെ ഓര്‍മയില്ലേ..? സിംഗപ്പൂരിലെ കോര്‍പറേറ്റ് ഏറ്റെടുക്കല്‍ ശീതസമരത്തില്‍ (കോര്‍പറേറ്റ് ടേക്ക് ഓവര്‍ വാര്‍) ബലിയാടായി 1995ല്‍ ഇന്ത്യയില്‍ തടവിലാക്കപ്പെട്ട വ്യക്തിയാണ് രാജന്‍ പിള്ള. നാലു ദിവസം കഴിഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അദ്ദേഹം മരണമടഞ്ഞ സംഭവം ഏവരെയും ഞെട്ടിച്ചിരുന്നു. തുടര്‍ന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയില്‍ പരിഷ്‌കരണത്തിന് തന്നെ വഴിവെച്ചുവെന്നതാണ് ശ്രദ്ധേയം.
രാജന്‍ പിള്ളയുടെ ജീവിതം വ്യവസായ സംരംഭകര്‍ക്കെന്നും ഒരു പാഠപുസ്തകമാണ്. ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് രാജന്‍പിള്ള തന്റെ വ്യവസായ ജീവിതം ആരംഭിച്ചത്. 1970കളുടെ മധ്യത്തില്‍, സിങ്കപ്പൂരിലാണ് ഉരുളക്കിഴങ്ങ് ചിപ്‌സും പെനൗട്ടുകളും അടങ്ങിയ ഫുഡ്‌സ് പാക്കേജിംഗ് വ്യവസായം രാജന്‍ പിള്ള തുടങ്ങിവച്ചത്. പിന്നീട് ആഗോള അമേരിക്കന്‍ കമ്പനിയായ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡ്‌സുമായും കൈകോര്‍ത്തു.
ഈ കമ്പനി പുതുതായി ഏറ്റെടുത്ത ‘നാബിസ്‌കോ കമോഡിറ്റീസ്’ മേധാവിയായി രാജന്‍പിള്ള നിയമിയ്ക്കപ്പെട്ടു. തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബേക്കറി, ബിസ്‌ക്കറ്റ് ഉത്പാദനത്തിലെ വമ്പന്മാരായ ബ്രിട്ടാനിയയുടെ ഏഷ്യയിലെ പ്രവര്‍ത്തന മേഖലയും ഏറ്റെടുത്തു. തുടര്‍ന്നുള്ള സാമ്പത്തിക ബാദ്ധ്യതയും നിയമനടപടികളും കാരണം രാജന്‍പിള്ളയ്ക്ക് സിംഗപ്പൂര്‍ വിടേണ്ടിവന്നു.
സിംഗപ്പൂരിനു കൈമാറുന്നതിനെതിരെ രാജന്‍പിള്ളയ്ക്ക് അനുകൂലമായ വിധി ഇന്റര്‍പോള്‍ റെഡ് അലര്‍ട്ട് നിലവിലുണ്ടായിരുന്നിട്ടും ലഭിച്ചിരുന്നു. എന്നാല്‍ 1995 ജൂലൈ 4 ന്, മെറിഡിയന്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായ രാജന്‍പിള്ളയെ കോടതി ഉത്തരവ് അനുസരിച്ച് തീഹാര്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി. രാജന്‍പിള്ള വിദഗ്ദ്ധ വൈദ്യപരിശോധനയ്ക്കായി അപേക്ഷ നല്‍കിയെങ്കിലും ജയിലധികാരികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയാണ് കോടതി ചെയ്തത്. ഈ നിര്‍ദ്ദേശം ഫലവത്താകാതെ വന്നതിനാല്‍ സിറോസിസിന്റെ സങ്കീര്‍ണതകള്‍ മൂലം കസ്റ്റഡിയിലിരിയ്‌ക്കെ രാജന്‍പിള്ള അന്തരിച്ചു.
രാജന്‍ പിള്ളയുടെ 25-ാം ചരമ വാര്‍ഷികം പ്രമാണിച്ച് രാജന്‍പിള്ള ഫൗണ്ടേഷന്‍ 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കുന്ന ‘ബീറ്റ പ്രോജക്ട് 25’ എന്ന പദ്ധതി കഴിഞ്ഞ ഡിസംബറില്‍ ആരംഭിക്കുകയുണ്ടായി. രാജന്‍ പിള്ളയുടെ ഇളയ സഹോദരന്‍ രാജ്‌മോഹന്‍ പിള്ളയാണ് ബീറ്റ ഗ്രൂപ്പിന്റെ സാരഥി. ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ഗ്രൂപ്പുകളിലൊന്നായ ബീറ്റ ഗ്രൂപ്പ് ഇതിനോടകം അറുപതിലധികം സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായും ഐ.ടി, സ്‌പോര്‍ട്‌സ്, ഭക്ഷ്യം, വാണിജ്യ വ്യവസായം എന്നീ മേഖലകളില്‍ നൂതന ആശയങ്ങളും രാജ്യാന്തര തലത്തിലെത്തിക്കാന്‍ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഇതിനോടകം തന്നെ ബീറ്റ ഗ്രൂപ്പ് നൂറ് കോടിയിലധികം രൂപ ഈ മേഖലയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. അവയെല്ലാം തന്നെ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളായി ഉയര്‍ന്നുകഴിഞ്ഞു. ബീറ്റ പ്രോജക്ട് 25ന്റെ ഭാഗമായി പ്രധാനമായി മൂന്ന് മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെയും ആശയങ്ങളെയുമാണ് പ്രൊമോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ബീറ്റ ഗ്രൂപ്പുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള 25 സ്റ്റാര്‍ട്ടപ്പ് കമ്പനികളെ അന്താരാഷ്ട്ര തലത്തിലേക്കെത്തിക്കാനും അവരെ സഹായിക്കുന്നതിനും വേണ്ടിയാണ് ബീറ്റ പ്രോജക്ട് 25 കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത 25 വര്‍ഷം കൊണ്ട് ഈ സ്ഥാപനങ്ങളെ അതാത് മേഖലയിലെ ലീഡറാക്കാനാണ് ഉദ്ദേശിക്കുന്നത്. രാജന്‍ പിള്ളയുടെ ജന്മദിനമായ ഡിസംബര്‍ 21ന് പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
കൊല്ലം പോലെയുള്ള ഒരു ചെറിയ നഗരത്തില്‍ നിന്നും അന്തര്‍ ദേശീയ തലങ്ങളിലേക്ക് വളര്‍ന്നുവന്ന കഠിനാധ്വാനിയായ വ്യവസായി ആയിരുന്നു രാജന്‍പിള്ള. പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഏഷ്യയിലും അദ്ദേഹത്തിന്റെ ബ്രിട്ടാനിയ കമ്പനിയെ ഉന്നത നിലവാരമുള്ള ഫുഡ് പ്രോഡക്ട് കമ്പനിയായി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
രാജന്‍ പിള്ള രൂപം സ്വപ്നം കണ്ട ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ചെറുപ്പക്കാരായ 25 നിക്ഷേപകരെ സഹായിക്കാന്‍ ബീറ്റ ഗ്രൂപ്പ് മുന്നോട്ട് വരുന്നത്. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും (http://www.betaproject25.com/) എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വ്യവസായ, വാണിജ്യ, ഭക്ഷ്യ, സ്‌പോര്‍ട്‌സ് രംഗത്തുള്ള പ്രമുഖരുള്‍പ്പെടുന്ന സമിതിയാണ് ബീറ്റ പ്രോജക്ട് 25ലെ സ്ഥാപനങ്ങളെയും വ്യക്തികളെയും തിരഞ്ഞെടുത്തിരിക്കുന്നത്. ബീറ്റ ഗ്രൂപ്പിന്റെ ഈ മാതൃകാ സംരംഭത്തിന് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് രാജ്‌മോഹന്‍ പിള്ളക്ക് ആശംസകള്‍ നേര്‍ന്നു.