THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ബി.ജെ.പിയുടെ നെഞ്ചുപിളര്‍ക്കുന്ന ബാലശങ്കറിന്റെ ബ്രഹ്മാസ്ത്രം (ഓപ്പണ്‍ഫോറം-ജെയിംസ് കൂടല്‍)

ബി.ജെ.പിയുടെ നെഞ്ചുപിളര്‍ക്കുന്ന ബാലശങ്കറിന്റെ ബ്രഹ്മാസ്ത്രം (ഓപ്പണ്‍ഫോറം-ജെയിംസ് കൂടല്‍)

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതീക്ഷയില്ല, പക്ഷേ അമിത പ്രതീക്ഷയാണുള്ളത്. ഒ രാജഗോപാലിലൂടെ ലഭിച്ച തങ്ങളുടെ ഏക സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനൊപ്പം അഞ്ചിലേറെ സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി ഉറപ്പിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ അത് പത്തോളമായി ഉയര്‍ത്താന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഗ്രൂപ്പ് പോരില്‍ നട്ടംതിരിയുകയാണ് പാര്‍ട്ടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പ് നിലപാടിനും വ്യക്തി താല്‍പര്യങ്ങള്‍ക്കും മുന്‍ഗണ കൊടുക്കുന്നതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.

ഇതിനിടെ, ആര്‍.എസ്.എസ് സൈദ്ധാന്തികനും സംഘടനയുടെ പ്രസിദ്ധീകരണമായ ‘ഓര്‍ഗനൈസറി’ന്റെ മുന്‍ പത്രാധിപരും മോദിയുടെ വിശ്വസ്തനുമായ ആര്‍ ബാലശങ്കര്‍ നടത്തിയ ആരോപണങ്ങളുടെ നടുക്കത്തിലാണ് ബി.ജെപി. അദ്ദേഹത്തിന്റേത് കേവലം ബാലചാപല്യമല്ല, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രനുള്ള താക്കീതാണ്. ചെങ്ങന്നൂര്‍ സീറ്റ് പ്രതീക്ഷിച്ച ബാലശങ്കര്‍ അത് ലഭിക്കാതെ വന്നതോടെയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

”കമ്മ്യൂണിസ്റ്റ് കൊലക്കത്തിക്കിരയായ നിരവധി ബലിദാനികളുടെ രക്തത്തില്‍ ചവിട്ടിയാണ് സുരേന്ദ്രന്‍ പാര്‍ട്ടിയെയും ജനങ്ങളെയും പിണറായി വിജയന് ഒറ്റുകൊടുത്തത് എന്ന രൂക്ഷ വിമര്‍ശനമാണ് ബി.ജെ.പി സൈബര്‍ ഇടങ്ങളില്‍ നിന്ന് പോലും ഉയരുന്നത്. ഇത്തരം പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ തള്ളി വിട്ട സുരേന്ദ്രനും കൂട്ടരും ജനങ്ങളോട് വിശദീകരിക്കട്ടെ എന്നാണ് ആര്‍.എസ്.എസ് പറയുന്നത്…” ബാലശങ്കര്‍ ആക്ഷേപിക്കുന്നു. തനിക്ക് ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ബി.ജെ.പി കേരള നേതത്വവും സി.പി.എമ്മും തമ്മിലുള്ള ഇടപാടാണെന്ന് സമര്‍ത്ഥിക്കുകയാണ് ബാലശങ്കര്‍.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ബാലശങ്കറിന്റെ ആരോപണം. ചെങ്ങന്നൂരിലും ആറന്‍മുളയിലും ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കും പകരം കോന്നിയില്‍ സുരേന്ദ്രന് ജയം ഉറപ്പാക്കും എന്നതാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീല്‍ എന്നാണ് ബാലശങ്കര്‍ ചൂണ്ടിക്കാട്ടുന്നത്. കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരും മാഫിയ സംഘത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത മുപ്പത് കൊല്ലത്തേക്ക് ബി.ജെ.പിക്ക് കേരളത്തില്‍ ഒന്നും കിട്ടാന്‍ പോവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാലശങ്കറിന്റെ ഗുരുതരമായ ഈ ആക്ഷേപം, ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ബാലശങ്കറിന് സീറ്റ് നിഷേധിച്ചതും ശോഭ സുരേന്ദ്രന് എതിര് നിന്നതും കേന്ദ്രമന്ത്രി വി മുരളീധരന്റെ ഗ്രൂപ്പുകളിയെന്ന ആരോപണം ഉള്ളിലൊതുക്കുകയാണ് എതിര്‍പക്ഷം. എന്നാല്‍ തിതെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ വി മുരളീധര വിരുദ്ധ പക്ഷം മൗനം പാലിക്കുമെന്നാണ് അറിയുന്നത്. ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പിലെ സാധ്യതകളില്ലാതാക്കുമെന്ന ഭയവും ആശങ്കയും മുരളീധരപക്ഷത്തിനുമുണ്ട്.

ചെങ്ങന്നൂരില്‍ ആദ്യം മുതലെ പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു ബാലശങ്കറിന്റേത്. വിവിധ സാമുദായിക സംഘടനകളുമായുള്ള അടുത്ത ബന്ധവും മണ്ഡലത്തിലെ കുടുംബ വേരുകളും അദ്ദേഹത്തിന് അനുകൂലമാവുമെന്ന് കരുതപ്പെട്ടിരുന്നു. ബാലശങ്കറിന് ഓര്‍ത്ത്‌ഡോക്‌സ് സഭാനേതൃത്വവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസുമായും രാഷ്ട്രീയത്തിനതീതമായി ഈടുറ്റ ബന്ധമുണ്ട്. ഇത് തന്റെ ജയസാധ്യത വര്‍ധിപ്പിക്കുമെന്ന് ബാലശങ്കര്‍ പലവട്ടം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ രണ്ടാം പേരുകാരന്‍ മാത്രമായിരുന്നു ബാലശങ്കര്‍.

കേന്ദ്രമന്ത്രി വി മുരളീധരപക്ഷത്തിന്റെ അപ്രമാദിത്വത്തിനെതിരെ പാര്‍ട്ടിയില്‍ മൗനം പാലിക്കുകയാണ് പി.കെ കൃഷ്ണദാസ് വിഭാഗം. ഇവര്‍ ബാലശങ്കര്‍ വിഷയത്തിലും മിണ്ടുന്നില്ല. എന്നാല്‍ കൃഷ്ണദാസ് പക്ഷം അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ബാലശങ്കര്‍. മുമ്പ് താന്‍ രണ്ടുവട്ടം ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകുന്നതിന് പാരവച്ചതും ഇപ്പോള്‍ ചെങ്ങന്നൂര്‍ സീറ്റ് നിഷേധിക്കുന്നതിന് പിന്നിലും വി മുരളീധരന്‍ ആണെന്ന് ബാലശങ്കര്‍ ഉറച്ച് വിശ്വസിക്കുന്നു.

തനിക്കര്‍ഹമായ കഴക്കൂട്ടം സീറ്റ് വെട്ടാന്‍ വി മുരളീധരനും കെ സുരേന്ദ്രനും കരുനീക്കിയെന്ന ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ ആരോപണവും ബി.ജെ.പിയിലെ ഗ്രൂപ്പുവൈരം തുറന്നുകാട്ടുന്നതാണ്. ഇടഞ്ഞ് നിന്ന ശോഭ സുരേന്ദ്രന്‍ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമായെങ്കിലും മുരളീധരന്‍ പക്ഷം ഇതിനോട് അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് സീറ്റ് നല്‍കാന്‍ കേന്ദ്ര തീരുമാനം ഉണ്ടായിട്ട് പോലും അതിനെ മുരളീധര പക്ഷം എതിര്‍ത്തു.

ബാലശങ്കര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ ഒഴിഞ്ഞ് മാറിയെങ്കിലും വിഷയം സജീവമാക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ് മറുപക്ഷം. ഇത് ബി.ജെ.പിയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ മറുപടി.

വാല്‍ക്കഷണം
വി മുരളീധരന്‍ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പുകളിക്കാരനാണെന്ന് തുല്യം ചാര്‍ത്തപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ ജയസാധ്യതകള്‍ മുഴുവന്‍ ഇദ്ദേഹം ഇല്ലാതാക്കുകയാണത്രേ. സംഗതികള്‍ മുരളീധരപക്ഷത്തെ അടിക്കാന്‍ കിട്ടി വടിയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുള്ള ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ തല്‍ക്കാലം മറുപക്ഷം പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കില്ല. അത്തരമൊരു നീക്കം സംസ്ഥാനത്ത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലാവും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments