സാജു ജോസഫ്
(പി.ആര്‍.ഒ)

ന്യൂയോര്‍ക്ക്: ആവേശോജ്ജ്വലമായ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനും കമലാ ഹാരിസും വിജയംവരിച്ച് രാജ്യത്തെ നയിക്കുവാന്‍ മാന്‍ഡേറ്റ് നേടിയ ചരിത്രപശ്ചാത്തലത്തില്‍ അമേരിക്കന്‍ മലയാളികളുടെ ജനപ്രിയ ഫെഡറേഷനായ ഫോമാ ഐക്യസന്ദേശവുമായി സൂം മീറ്റിംഗ് നടത്തി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികളും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച ഈ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്- റിപ്പബ്ലിക്ക് ചേരികളില്‍ നിന്നുകൊണ്ട് ഈ പ്രവാസി സമൂഹവും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഡിബേറ്റുകള്‍ നടത്തുകയും വോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്തത് മീറ്റിങ്ങില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

തെരഞ്ഞെടുപ്പിനുശേഷം നിയുക്ത പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കിയതുപോലെ ഐക്യകാഹളം മുഴങ്ങുന്ന അമേരിക്കയുടെ സര്‍വതോന്‍മുഖമായ പുരോഗതിക്കായി ഫോമായും ദേശബോധത്തോടെ കൈകോര്‍ക്കുന്നുവെന്ന സന്ദേശം മുഴങ്ങുന്നതായിരുന്നു മീറ്റിംഗ്. ഇന്ത്യയോട് ആഭിമുഖ്യമുള്ള ബൈഡനും ഇന്തോ അമേരിക്കനായ കമല ഹാരീസും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളില്‍ മൃദു സമീപനം പുലര്‍ത്തുമെന്ന പ്രത്യാശയിലാണ് ഫോമായുടെ സൂം മീറ്റിങ് പുരോഗമിച്ചത്.
ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സ്വാഗതം ആശംസിച്ചത് ഫോമാ ജനറല്‍ സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണന്‍ ആണ്. മുന്‍ സെക്രട്ടറി ജിബി തോമസ് മോഡറേറ്ററായിരുന്നു. അമേരിക്കന്‍ രാഷ്ട്രത്തിന്റെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ഭരണയന്ത്രം തിരിക്കാന്‍ ജനങ്ങള്‍ സമ്മതിദാനാവകാശം നല്‍കി തിരഞ്ഞെടുത്ത ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം പൂര്‍വാധികം ഊഷ്മളമാക്കുമെന്നും അത് അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഗുണകരമാ കുമെന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു.
യൂത്ത് പ്രതിനിധികളായ മസൂദ് അന്‍സാര്‍, കുരുവിള ജയിംസ്, കാല്‍വിന്‍ കവലയ്ക്കല്‍, വനിതാ പ്രതിനിധി ആയ ജൂബി വള്ളിക്കുളം, ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍ പേഴ്സണ്‍ കുസുമം ടൈറ്റസ്, ഫോമ ട്രഷറര്‍ തോമസ് റ്റി ഉമ്മന്‍,ഫോമാ നേതാക്കളായ പോള്‍ ഇഗ്‌നേഷ്യസ്, സാം ഉമ്മന്‍, തോമസ് കോശി, ഗ്ലാഡ്സണ്‍ വര്‍ഗീസ് ഫോമാ കോംപ്ലിന്‍സ് കൌണ്‍സില്‍ ചെയര്മാന്‍ രാജു വര്‍ഗീസ്, ബൈജു വര്‍ഗീസ്, അനു സക്കറിയ എന്നിവര്‍ സംസാരിച്ചു.
ഫോമാ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ നന്ദി രേഖപ്പെടുത്തി. വില്ല്യം അലക്സാണ്ടര്‍ അമേരിക്കന്‍ ദേശീയ ഗാനവും പാര്‍വതി രവിശങ്കര്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.