വാഷിംഗ്ടണ്‍: ജോ ബൈഡനും കമല ഹാരിസും അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ കാര്യങ്ങള്‍ ഏറെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ഇന്ത്യന്‍ വംശജ കമല ഹാരിസടക്കം ബൈഡന്റെ ഭരണത്തില്‍ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരില്‍ 20 ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. 13 വനിതകള്‍ ഉള്‍പ്പെടെയാണ് ബൈഡന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

യു എസ് പ്രസിഡന്റിന്റെ സംഘത്തിലുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ നീര ടണ്ഠന്‍ ആണ് ഒന്നാമത്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ ആയാണ് നീര ടണ്ഠന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. യു എസ് സര്‍ജന്‍ ജനറലായി ഡോ വിവേക് മൂര്‍ത്തിയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആയി വനിത ഗുപ്തയെ ആണ് തിരഞ്ഞെടുത്തത്.

മുന്‍ വിദേശ സേവന ഉദ്യോഗസ്ഥന്‍ ഉസ്രാ സിയയെ സിവിലിയന്‍ സെക്യൂരിറ്റി, ഡെമോക്രസി, ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് അണ്ടര്‍ സെക്രട്ടറി ആയി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.പ്രഥമവനിത ജില്‍ ബൈഡന്റെ പോളിസ് ഡയറക്ടറായി മാല അഡിഗ, പ്രഥമവനിതയുടെ ഓഫീസിലെ ഡിജിറ്റല്‍ ഡയറക്ടറായി ഗരിമ വെര്‍മ,ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി സബ്രിന സിങ് എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ഇത് ആദ്യമായി കശ്മീരില്‍ വേരുകളുള്ള രണ്ടു പേരും യു എസ് പ്രസിഡന്റിന്റെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു.
വൈറ്റ് ഹൗസ് ഓഫീസിലെ ഡിജിറ്റല്‍ സ്ട്രാടജി പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ ആയി ഐഷ ഷായും വൈറ്റ് ഹൗസിലെ യു എസ് നാഷണല്‍ ഇക്കോണമിക് കൗണ്‍സിലിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി സമീറ ഫാസിലിയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൗസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിലെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടറായി ഭാരത് രാമമൂര്‍ത്തിയും പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി ഗൗതം രാഘവനും മറ്റൊരു ഇന്ത്യന്‍ വംശജന്‍ വിനയ് റെഡ്ഡിയും ബൈഡന്റെ ഭരണസംഘത്തിലുണ്ട്.