ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളെ കുറിച്ചുളള പരാമര്‍ശങ്ങള്‍ ഒബാമയുടെ എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തെ ഇന്ത്യയിലും വൈറലാക്കിയിരിക്കുന്നു. പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെയുളള പരാമര്‍ശം വിവാദമായിരുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പ്രശംസയുണ്ട്. അതിനിടെ മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് ഒബാമയുടെ നിരീക്ഷണവും വലിയ ചര്‍ച്ചയാവുകയാണ്.

ബരാക്ക് ഒബാമയുടെ വ്യക്തിപരവും രാഷ്ട്രീയപരവുമായ ജീവിതത്തെ കുറിച്ച് പറയുന്ന പുസ്തകമാണ് എ പ്രോമിസ്ഡ് ലാന്‍ഡ്. രാഹുല്‍ ഗാന്ധിക്കെതിരായുളള പരാമര്‍ശത്തോടെയാണ് ഈ പുസ്തകം ഇന്ത്യയിലും ചര്‍ച്ചയായത്. വിഷയത്തെ കുറിച്ചുളള ഒരു അറിവും ഇല്ലാതെ അധ്യാപകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയെ പോലെയാണ് രാഹുല്‍ ഗാന്ധി എന്നാണ് പുസ്തകത്തില്‍ ഒബാമ എഴുതിയിരിക്കുന്നത്

അതേസമയം രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന ഡോ. മന്‍മോഹന്‍ സിംഗിനെ ബരാക്ക് ഒബാമ പുസ്‌കത്തില്‍ പുകഴ്ത്തിയിട്ടുമുണ്ട്. മന്‍മോഹന്‍ സിംഗ് വളരെ ബുദ്ധിമാനാണ് എന്നും ധാര്‍മിക മൂല്യങ്ങളുളള വ്യക്തിയാണെന്നും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്. മന്‍മോഹന്‍ സിംഗിന്റെ മതേതര നിലപാടുകളെ കുറിച്ചും പുസ്തകത്തില്‍ പറയുന്നു.
2004ല്‍ ആണ് യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുകയും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി നിയോഗിക്കപ്പെടുകയും ചെയ്യുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിലും മന്‍മോഹന്‍ സിംഗ് തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുളള അവസരം ഉണ്ടായിട്ടും സോണിയ മാറി നില്‍ക്കുകയായിരുന്നു.
പകരം മന്‍മോഹന്‍ സിംഗിനെ ആ കസേരയില്‍ ഇരുത്തി. മന്‍മോഹന്‍ സിംഗിനെ സോണിയാ ഗാന്ധി എന്തുകൊണ്ട് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു എന്നതാണ് പുസ്തകത്തില്‍ ബരാക്ക് ഒബാമ പറയുന്നത്. സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിംഗിന് രാഷ്ട്രീയത്തില്‍ വലിയ അടിത്തറയില്ല. എന്നിട്ടും സിംഗിനെ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു
രാഹുല്‍ ഗാന്ധിക്ക് മന്‍മോഹന്‍ സിംഗ് ഭാവിയില്‍ ഒരു ഭീഷണിയാകില്ല എന്ന് കണക്ക് കൂട്ടിയായിരുന്നു സോണിയാ ഗാന്ധിയുടെ തീരുമാനം എന്നാണ് ബരാക്ക് ഒബാമ പുസ്തകത്തില്‍ വിലയിരുത്തുന്നത്. ഭാവിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് രാഹുലിനെ സോണിയ വളര്‍ത്തിക്കൊണ്ട് വരുന്നതിനെ കുറിച്ചും പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഒബാമയുടെ ഈ വിലയിരുത്തല്‍.