ഹൂസ്റ്റണ്‍: മിസോറി സിറ്റിമേയറായി റോബിന്‍ ഇലക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു. സിറ്റി ഹാളില്‍ ഡിസംബര്‍ 21-ാം തീയതി വൈകുന്നേരം ഏഴുമണിക്ക് ആഫ്രിക്കന്‍ അമേരിക്കന്‍ ആയ ജഡ്ജി ക്ലാരിസ് റാങ്കിന്‍ യേറ്റ്‌സ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ മൂലം ആളുകളുടെ എണ്ണം നിയന്ത്രിച്ചിരുന്നു.

ഭാര്യ റ്റീനയും മക്കളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളായി. ജഡ്ജിയുടെ അഭിനന്ദനത്തിനു ശേഷം റോബിന്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനുവരി 12നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ മേയര്‍ യൊലാന്‍ഡ ഫോര്‍ഡ് നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റോബിന്റെ സത്യപ്രതിജ്ഞ പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടു വര്‍ഷമാണ് റോബിന്റെ സേവന കാലാവധി. മേയറും ആറംഗ കൗണ്‍സിലുമാണ് സിറ്റിയുടെ ഭരണം നിര്‍വഹിക്കുന്നത്.

ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള മിസോറി സിറ്റിയില്‍ മലയാളികളുടെ സാന്നിധ്യം നിര്‍ണായകമാണ്. അതേസമയം, ഒട്ടേറെ പുതുമകളോടെയാണ് റോബിന്‍ മേയര്‍ സ്ഥാനത്തെത്തുന്നത്. മുന്‍പ് കൗണ്‍സില്‍മാനായി മൂന്നു പ്രാവശ്യം വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പരിചയവും ജനസമ്മതിയുമാണ് മേയര്‍ സ്ഥാനത്തേക്ക് മാറ്റുരയ്ക്കാന്‍ പ്രേരകമായ സുപ്രധാന ഘടകം.
ചെറുപ്പത്തില്‍ അമേരിക്കയിലെത്തിയ റോബിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ചിക്കാഗോയിലായിരുന്നു. ബിരുദാനന്തര ബിരുദത്തിനുശേഷം ന്യൂയോര്‍ക്കിലും താമസിച്ചശേഷമാണ് ടെക്‌സസിലെ മിസോറി സിറ്റിയില്‍ സ്ഥിരതാമസമാക്കുന്നത്. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഹൂസ്റ്റണിലെ സ്ഥാപകരിലൊരാളായ റോബിന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്.
മലയാളികള്‍ ഏറെയുള്ള സിയന്ന, റിവര്‍സ്‌റ്റോണ്‍, ലേക്ക്‌ഷോര്‍ ഹാര്‍ബര്‍, ലേക്ക് ഒളിമ്പിയ തുടങ്ങിയ സബ് ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് മിസോറി സിറ്റി. റിപ്പബ്ലിക്കന്‍ ചിന്താഗതിക്കാരനാണ് റോബിനെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും സഹകരണം ലഭിക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റേയും ഏലിയാമ്മയുടേയും സീമന്ത പുത്രനാണ്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ റ്റീന ആണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവര്‍ മക്കള്‍.