ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ് ) ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ 72-മത് ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു. മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിന്റെ പൂമുഖത്ത് ഒരുക്കിയ സമ്മേളനം ജനുവരി 26 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു.


മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളത്തിൽ അമേരിക്കൻ ദേശീയഗാനാലാപനത്തിനു ശേഷം മുഖ്യാതിഥി മിസ്സോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ട് അമേരിക്കൻ പതാക ഉയർത്തി. ഇന്ത്യൻ ദേശീയഗാനത്തോടൊപ്പം മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവനും സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യുവും ചേർന്ന് ഇന്ത്യൻ പതാക ഉയർത്തി.


ഏറ്റവും മഹത്തായ ഭരണഘടനയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെപ്പറ്റി ‘എന്റെ രാജ്യം എന്റെ അഭിമാനം’ എന്ന് പറയുവാൻ ഓരോ ഭാരതീയനും കഴിയണമെന്നും അതിൽ നാം അഭിമാനിക്കണമെന്നും റോബിൻ ഇലക്കാട്ടും കെൻ മാത്യുവും നൽകിയ റിപ്പബ്ലിക്ക് ദിന സന്ദേശങ്ങളിൽ സൂചിപ്പിച്ചു. .
വിനോദ് വാസുദേവൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. മാഗി ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോഷ്വ ജോർജ് ആശംസ പ്രസംഗം നടത്തി. ട്രഷറർ വാവച്ചൻ മത്തായി (മാത്യു കൂട്ടാലിൽ) നന്ദി രേഖപ്പെടുത്തി. മാഗിന്റെ യൂത്ത് കോർഡിനേറ്റർ സൂര്യജിത്ത് ശ്രുതിമധുരമായ ദേശഭക്തി ഗാനം ആലപിച്ചു.

മാഗിന്റെ മുൻ പ്രസിഡണ്ടുമാരായിരുന്ന ഡോ. സാം ജോസഫ്. തോമസ് ചെറുകര, സുരേന്ദ്രൻ പട്ടേൽ, തോമസ് വർക്കി , ജോൺ കുന്നക്കാട്ട്, ബേബി മണക്കുന്നേൽ, ഏബ്രഹാം തോമസ്, തോമസ് ഒലിയാംകുന്നേൽ, മാഗ് വൈസ് പ്രസിഡണ്ട് സൈമൺ വളാച്ചേരിൽ, ജോയിന്റ് സെക്രട്ടറി രാജേഷ് വർഗീസ്, ബോർഡ് അംഗങ്ങളായ ഷിബി റോയ്, റജി ജോൺ, ഷാജു തോമസ്, റോയ് മാത്യു, ക്‌ളാരമ്മ മാത്യൂസ്, ട്രസ്റ്റീ ബോർഡ് മെമ്പർ മോൻസി കുര്യാക്കോസ് തുടങ്ങി നിരവധി പേർ പങ്കെടുത്ത് റിപ്പബ്ലിക്ക് ദിന സമ്മേളനത്തെ ധന്യമാക്കി.
റിപ്പോർട്ട്: ജീമോൻ റാന്നി