ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ പുതിയ മാഗ് ഭാരവാഹികള്‍ ചുമതലയേറ്റു. വിനോദ് വാസുദേവന്‍ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാളില്‍ (ട്രഷറര്‍), സൈമണ്‍ വാളാച്ചേരില്‍ (വൈസ് പ്രസിഡന്റ്), രാജേഷ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), രമേശ് അത്തിയോടി (ജോ. ട്രഷറര്‍) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും, റെനി കവലയില്‍, റജി ജോണ്‍, ഏബ്രഹാം തോമസ്, ഡോ. ബിജു പിള്ള, റോയ് മാത്യു, ഷാജു തോമസ്, ഷിബി റോയ്, ക്ലാരമ്മ മാത്യൂസ്, സൂര്യജിത്ത് സുഭാഷിതന്‍ എന്നിവര്‍ ബോര്‍ഡ് മെമ്പര്‍മാരുമായുള്ള ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആണ് നിലവിലില്‍ വന്നത്.

മാഗ് ആസ്ഥാനമായ കേരള ഹൗസില്‍ 2021 ജനുവരി 17-ന് വൈകുന്നേരം നാലു മണിക്ക് കൂടിയ വാര്‍ഷിക ജനറല്‍ബോഡിയില്‍ വച്ചാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്. യോഗത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. സാം ജോസഫ് അധ്യക്ഷത വഹിച്ചു. 2020 വര്‍ഷത്തെ സെക്രട്ടറി മാത്യൂസ് മുണ്ടയ്ക്കല്‍ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ് കെ. ജോണ്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

കോവിഡ് 19 മഹാമാരിക്കിടയിലും മാഗ് റിക്രിയേഷന്‍ സെന്റര്‍ പുതുക്കി പണിതത് ഉള്‍പ്പടെ, ഏകദേശം അമ്പതിനായിരം ഡോളറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ജനറല്‍ബോഡി വിലയിരുത്തി.
വളരെ പ്രതികൂല സാഹചര്യത്തിലും കേരളാ ഹൗസിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും, ചാരിറ്റി പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ നടപ്പിലാക്കാന്‍ സഹായിച്ച ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിനും, മാഗ് മെമ്പര്‍മാര്‍ക്കും ഡോ. സാം ജോസഫ് നന്ദി രേഖപ്പെടുത്തി. മാഗ് റിക്രിയേഷന്‍ സെന്ററിന്റെ പുനരുദ്ധാരണത്തിന് 30,000 ഡോളര്‍ സംഭാവന നല്കിയ ശശിധരന്‍ നായരെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയുണ്ടായി. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 6,50000 രൂപ മുടക്കി ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയതുള്‍പ്പടെ ഏതാണ്ട് 20,000 ഡോളറിലധികം കേരളത്തില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായി സാം ജോസഫ് യോഗത്തെ അറിയിച്ചു.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മാഗിന്റെ പുതിയ പ്രസിഡന്റാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അതിന് തന്നെ നിയോഗിച്ച എല്ലാ മെമ്പര്‍മാരോടും നന്ദി രേഖപ്പെടുത്തുന്നതായും പുതിയ പ്രസിഡന്റ് വിനോദ് വാസുദേവന്‍ പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാഗില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ തുടര്‍ച്ച ഉണ്ടാകുമെന്നും, എല്ലാവരുടേയും പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം യോഗത്തിന് ഉറപ്പു നല്‍കി.
സ്ഥാനമൊഴിയുന്ന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ചെറുകര 2020-ലെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, 2021-ലെ പുതിയ ബോര്‍ഡിന് അതിലും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നു ആശംസിക്കുകയും ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ജോജി ജോസഫ് ജനറല്‍ബോഡിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി. വൈകിട്ട് 7 മണിക്ക് യോഗം സമാപിച്ചു.
