മനാമ: ബഹ്‌റൈന്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ഗാന്ധിജിയുടെ 151-ാമത് ജന്മദിനം ആഘോഷിച്ചു. റേഡിയോ രംഗുമായി ചേര്‍ന്ന് നവമാധ്യമ സഹായത്തോടെ സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍ ഉദ്ഘാടനം ചെയ്തു. പി.ടി തോമസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.

ഗാന്ധി എന്നത് ഒരു വ്യക്തി ആയി അടയാളപ്പെടുത്തേണ്ട ഒന്നല്ല. ഗാന്ധി എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡം കടന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്കു സഞ്ചരിക്കുന്ന ഒരാശയവും, ഒരു ജീവിതശൈലിയും ആണ് എന്നും ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നല്‍കിയ രാഷ്ട്രീയ നേതാവ് ആയിരുന്നു മഹാത്മാഗാന്ധി എന്നും ഇന്നത്തെ ഇന്ത്യ എന്ന് പറയുന്നത് ഗാന്ധി എന്ത് ആശയമാണോ മുന്നോട്ട് വെച്ചത് അതിന് നേര്‍ എതിര്‍ ദിശയില്‍ ആണ് സഞ്ചരിക്കുന്നത് എന്നും ഡോ.മാത്യു കുഴല്‍നാടന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെയോ, ദക്ഷിണാഫ്രിക്കയുടെയോ അല്ല മറിച്ചു ലോകത്തില്‍ ഉന്നുവരെ ഉള്ള എല്ലാ ചോദ്യങ്ങളുടെയും ഉത്തരം മഹാത്മാഗാന്ധി ആണെന്നും കാലാതിവര്‍ത്തി ആയ ഒരു ഇതിഹാസവും, സഹനത്തിന്റെ നിറകുടവും മതേതര മൂല്യങ്ങളുടെ ഉദാത്തമായ ഭാവവും, ജനാധിപത്യത്തിന്റെ പര്യായയവും, നൂറ്റാണ്ടുകള്‍ കഴിയും തോറും കൂടുതല്‍ കൂടുതല്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഭാസവും ആണ് മഹാത്മാഗാന്ധി എന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.ടി. തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കേരളസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ജെയിംസ് കൂടല്‍, മുഹമ്മദ് മന്‍സൂര്‍, ഫ്രാന്‍സിസ് കൈതാരത്, ബഷീര്‍ അമ്പലായി, കെ.സി വിശ്വപ്രസാദ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കുമാരി ആവണി സജിത്തിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ മാസ്റ്റര്‍ എബിന്‍ ബാബു ദേശഭക്തിഗാനം ആലപിച്ചു.
‘ആധുനിക കാലഘട്ടത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി’ എന്ന വിഷയത്തെ അധികരിച്ചു നടന്ന ചര്‍ച്ചയില്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് അഡ്വ. പോള്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് ഡാനിയേല്‍, മുന്‍ പ്രസിഡന്റ് ബാബു കുഞ്ഞുരാമന്‍, ജോയിന്റ് സെക്രട്ടറി തോമസ് ഫിലിപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
രവി മാരാത് മോഡറേറ്റര്‍ ആയിരുന്നു. ശ്രീ എബി തോമസിന്റെ കൃതജ്ഞതയോടു കൂടി പരിപാടികള്‍ക്കു പരിസമാപ്തിയായി. പരിപാടിക്ക് മുന്നോടിയായി ഗാന്ധി പ്രതിമയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് അനില്‍ തിരുവല്ല, സനല്‍കുമാര്‍, വിനോദ്, പവിത്രന്‍ പൂക്കുറ്റി, അജി ജോര്‍ജ്, ലിജു പാപ്പച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.