അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: ടെക്സാസിലെ മിസ്സൂറി സിറ്റിയില്‍ മേയറായി തെരെഞ്ഞെടുക്കപ്പെട്ട റോബിന്‍ ഇലക്കാട്ടിന് ചിക്കാഗോ പൗരസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ചിക്കാഗോ സമൂഹത്തില്‍ നിന്നും സംഘടനകള്‍ക്കും മത സാമുദായിക പ്രസ്ഥാനങ്ങള്‍ക്കും അതീതമായി വിവിധ മേഖലകളില്‍ നിന്നുള്ള മലയാളികള്‍ ചേര്‍ന്നാണ് റോബിന്‍ സ്വീകരിച്ചത്. ചിക്കാഗോയില്‍ നിന്ന് അമേരിക്കന്‍ ജീവിതം ആരംഭിച്ച റോബിന്‍ ഇലക്കാട്ട്, ചിക്കാഗോ മലയാളികളെ സംബന്ധിച്ചിടത്തോളം ഏവരുടെയും ഒരു നല്ല സുഹൃത്തും അഭിമാനവുമാണ് എന്ന് സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ട് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു, റോബിന്‍ ഇലക്കാട്ടിന്റെ ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ ബിനു പൂത്തുറയിലും സ്റ്റീഫന്‍ കിഴക്കേക്കുറ്റും ( മിഡ്വെസ്റ്റ് മലയാളീ അസോസിയേഷന്‍ പ്രസിഡണ്ട്) ചേര്‍ന്ന് റോബിന്‍ ഇളക്കാട്ടിനെ പൊന്നാടയണിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് ബിനു കൈതക്കത്തൊട്ടിയില്‍, ഇല്ലിനോയിസ് മലയാളീ അസോസിയേഷന്‍ പ്രസിഡണ്ട് സിബു മാത്യു, കേരള അസോസിയേഷനെ പ്രതിനിധീകരിച്ച് ആന്റോ കവലക്കല്‍, ഫോമാ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ചിക്കാഗോ യു ഡി എഫ് കണ്‍വീനര്‍ സണ്ണി വള്ളിക്കളം, ചിക്കാഗോ കൈരളി ലയണ്‍സ് പ്രസിഡണ്ട് സിബി കദളിമറ്റം തുടങ്ങി നിരവധി പേര് ആശംസകളുമായി സ്വീകരണത്തില്‍ പങ്കെടുത്തു.


ചിക്കാഗോ എന്നും തനിക്ക് തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തന്റെ സ്വന്തം നാട് തന്നെയാണ് എന്ന് മറുപടി പ്രസംഗത്തില്‍ റോബിന്‍ ഇലക്കാട്ട് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിക്കാഗോയില്‍ പ്രവാസി ജീവിതത്തിന് തുടക്കം കുറിച്ച കാലം മുതല്‍ നല്ല സുഹൃത്തുക്കളായി കൂടെയുണ്ടായിരുന്ന ചിക്കാഗോയിലെ സുഹൃത്തുക്കളെ അദ്ദേഹം പ്രത്യേകം സ്മരിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തിലെ മുഖ്യ ധാരയിലേക്ക് ഇറങ്ങി ചെന്ന് കൊണ്ട് , അമേരിക്കന്‍ ജാതിപത്യത്തില്‍ ഭാഗമാകുവാന്‍ അവസരം ലഭിച്ചത് ഒരു ദൈവാനുഗ്രഹം ആയി കരുതുന്നുവെന്നും , ജനങ്ങളെ സേവിക്കുവാനായുള്ള ഈ ഉദ്യമത്തില്‍ ശക്തി പകരുവാന്‍ കൂടെ നില്‍ക്കുന്ന എല്ലാ ചിക്കാഗോ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.