പി.പി. ചെറിയാന്‍

ഫോര്‍ട്ട്വര്‍ത്ത് : വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് ഇന്റര്‍ സ്റ്റേറ്റ് 35w ല്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏതാണ്ട് 133 വാഹനങ്ങളാണ് കൂട്ടിയിടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതിശൈത്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച റോഡില്‍ ഐസ് രൂപപ്പെട്ടതാണ് അപകടത്തിനു കാരണമായത്. തെന്നിമാറിയ വാഹനങ്ങളുടെ പുറകിലായി മറ്റു വാഹനങ്ങള്‍ ഇടിച്ചു കയറുകയായിരുന്നു.


ഫോര്‍ട്ട്‌വര്‍ത്ത് ഡൗണ്‍ ടൗണിനു വടക്കുഭാഗത്ത് ഇന്റര്‍സ്റ്റേറ്റ് ഹൈവേയില്‍ ഒരു മൈല്‍ നീളത്തിലാണ് വാഹനങ്ങള്‍ ഇടിച്ചുകയറിയത്. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 60 പേരെ ചികിത്സക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടിലധികം പതിനെട്ടു ചക്രവാഹനങ്ങളും അപകടത്തില്‍പെട്ടു. രാവിലെ സംഭവ സ്ഥലത്തെത്തിയ പൊലീസുകാര്‍ പ്രതികൂല കാലാവസ്ഥയിലും ഓരോ വാഹനവും പരിശോധിച്ചു പരിക്കേറ്റവരെ പുറത്തെടുത്തു. ഇത് മരണസംഖ്യ കുറയുന്നതിന് കാരണമായി എന്നാണ് പൊലീസ് പറയുന്നത്.

ഹൈപോതെര്‍മിയ ബാധിച്ച നിരവധി യാത്രക്കാര്‍ക്കും ചികിത്സ വേണ്ടിവന്നു. സഹായത്തിനെത്തിച്ചേര്‍ന്ന നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഗുരുതരമല്ല. ഇന്റര്‍ സ്റ്റേറ്റ് ഹൈവേ ഇന്നു മുഴുവന്‍ അടഞ്ഞു കിടന്നു. ഈ ഭാഗത്തുള്ളവരോടു യാത്ര ഒഴിവാക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.