പെന്‍സില്‍വാനിയ: ചപ്പുചവറുകള്‍ ശേഖരിച്ച് പോകുന്ന വാനിനു മുകളില്‍ കയറിയുള്ള ആ ചിരി…എന്തോ നേടിയ സന്തോഷത്തില്‍ അവന്‍ ചിരിക്കുന്നു… സോഷ്യല്‍ മീഡിയയില്‍ ആകെ പടര്‍ത്തിയ ആ ചിരി ഒരു മനുഷ്യന്റേതായിരുന്നില്ല… മറിച്ച് ഒരു കരടിയുടേതായിരുന്നു.

കിഡ്ഡര്‍ ടൗണ്‍ഷിപ്പ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കരടിയുടെ ചിത്രം വൈറലാകുകയാണ് ഇപ്പോള്‍. കമന്റുകളാകട്ടെ ചിരിക്കുന്ന മുഖമുള്ള കരടിയെക്കുറിച്ചും. 14, 000ല്‍ അധികം പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. മാലിന്യം നീക്കം ചെയ്യുന്ന വണ്ടിക്ക് മുകളില്‍ എങ്ങനെയോ കയറിയതാണ് കരടി. എന്നാല്‍, പൊലീസ് ചിത്രം പങ്കുവയ്ക്കുന്നതിനൊപ്പം ഒരു മുന്നറിയിപ്പു കൂടി നല്‍കുന്നുണ്ട് ഹാസ്യരൂപേണ…. ഈ പ്രദേശത്തെ വര്‍ധിച്ചുവരുന്ന കരടിശല്യം…

പെന്‍സില്‍ വാനിയയിലെ കിഡ്ഡര്‍ ടൗണ്‍ഷിപ്പ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. എന്നാല്‍ അത് ഒരു മനുഷ്യന്‍ അല്ലായിരുന്നു. മറിച്ച് ഒരു കരടിയായിരുന്നു അത്. പ്രദേശത്ത് വര്‍ധിച്ചുവരുന്ന കരടി ശല്യത്തെ കുറിച്ച് സ്‌റ്റേഷനില്‍ പരാതികള്‍ കുമിഞ്ഞുകൂടിയിരുന്നു. എന്നാല്‍ കരടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ അവന്‍ ഇത്ര പെട്ടെന്ന് കണ്‍മുന്നില്‍ എത്തുമെന്ന് പൊലീസുകാര്‍ കരുതിയിരുന്നില്ല. മാലിന്യം നീക്കം ചെയ്യുന്ന വണ്ടിക്ക് മുകളില്‍ അവന്‍ എങ്ങനെയോ കയറി പറ്റിയതാണ്. കരടിയെ കണ്ട് ജീവനക്കാര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചതാണ്. ഭക്ഷണത്തിനോ മറ്റോ ആയിരിക്കണം കരടി ട്രക്കില്‍ കയറിയതെന്ന് പ്രാദേശിക വാര്‍ത്താ ചാനലായ ഡബ്ല്യുഎന്‍ഇപിടിവിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് മുറോ പറഞ്ഞു.