തിരുവനന്തപുരം: വാഷിങ്ടണിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി ഡോക്ടര്‍ മരിച്ചതായി ഭര്‍ത്താവിന് അടിയന്തര ഫോണ്‍ കോള്‍ എത്തിയതോടെ അപ്രതീക്ഷിത വിളിയില്‍ ഞെട്ടി കുടുംബം. വാഷിങ്ടണിലേക്കുള്ള യാത്രയ്ക്കിടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചതായി തൈക്കാടുളള ഭര്‍ത്താവിന് വിളി എത്തിയത്. മരണവീടിന്റെ കരച്ചിലിലേക്ക് അടുത്ത ഫോണ്‍ വിളിയെത്തി താന്‍ സുഖമായി വാഷിങ്ടനില്‍ എത്തിയതായി ഭാര്യ ഭര്‍ത്താവ് ഡോ, കെ.എം വിനായക്കിനെ അറിയിച്ചു.

സംഭവം ഇങ്ങനെ, നാലു പതിറ്റാണ്ടായി വാഷിങ്ടണ്‍ ഡിസിയില്‍ പ്രാക്ടീസ് ചെയ്യുകയാണു ഡോക്ടര്‍ ദമ്പതികള്‍. തിരുവനന്തപുരം ഡെല്‍ഹി വാഷിങ്ടണ്‍ വിമാനത്തിലാണു വിനായക്കിന്റെ ഭാര്യ ചൊവ്വാഴ്ച ഇവിടെ നിന്നു പുറപ്പെട്ടത്. ഡെല്‍ഹിയില്‍ നിന്നു വിമാനത്തില്‍ കയറിയ വിവരവും അവര്‍ ഭര്‍ത്താവിനെ അറിയിച്ചിരുന്നു. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡെല്‍ഹിയിലെ എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നു വിളിച്ചു ഭാര്യയുടെ മരണവിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. ഞെട്ടിത്തരിച്ചു പോയ ഡോക്ടറോട്, പേരും വിലാസവുമെല്ലാം വീണ്ടും ചോദിച്ചുറപ്പിച്ചു മരണവാര്‍ത്ത സ്ഥിരീകരിച്ചു. തകര്‍ന്നു പോയ ഡോക്ടര്‍ തിരുവനന്തപുരത്തുള്ള സഹോദരനെ വിളിച്ചു ദുരന്തവാര്‍ത്ത അറിയിച്ചു. ആകെ കരച്ചിലും ബഹളവും.

അതിനിടെ, വാഷിങ്ടണില്‍ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏര്‍പ്പാടുകളും ചെയ്യേണ്ടതുണ്ട്. അവിടത്തെ കെയര്‍ടേക്കര്‍ ഗ്ലോറിയെ ഇതിനായി ബന്ധപ്പെട്ടപ്പോള്‍ ‘താങ്കള്‍ എന്താണു പറയുന്നത്. ഞാന്‍ മാഡത്തിനെ എയര്‍പോര്‍ട്ടില്‍ നിന്നു വിളിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ’വെന്ന് ഗ്ലോറി.
അമ്പരന്നു പോയ വിനായക്കിന് പിന്നാലെ തണുത്ത കാറ്റായി അതിനിടെ ഭാര്യ തന്നെ വിളിച്ചു താന്‍ എത്തിയ വിവരം അറിയിച്ചു. എയര്‍ ഇന്ത്യയിലേക്കു രോഷാകുലനായി വിളിച്ച ഡോക്ടറോട് അവര്‍ ആവര്‍ത്തിച്ചു: മരിച്ചുവെന്നതു തീര്‍ച്ചയാണ്. പൈലറ്റിന്റെ സന്ദേശമുണ്ടായിരുന്നു’. അതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഡോ എം വി പിള്ളയാണു പിന്നീട് ഈ നാടകീയ സംഭവത്തിന്റെ ചുരുളഴിച്ചത്.
ഡെല്‍ഹിയില്‍ നിന്നു കയറുമ്പോള്‍, ബിസിനസ് ക്ലാസില്‍ വനിതാ ഡോക്ടര്‍ക്ക് അനുവദിച്ച സീറ്റില്‍ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ ആ സീറ്റില്‍ ഇരിക്കേണ്ടെന്നു കരുതി ഡോക്ടര്‍ മറ്റൊരു സീറ്റിലേക്കു മാറി. ഡോക്ടര്‍ക്ക് അനുവദിച്ച സീറ്റിലിരുന്ന സ്ത്രീയാണു യാത്രയ്ക്കിടെ മരിച്ചത്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയായതും.