THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America വിസ, പാസ്‌പോര്‍ട്ട്: കോള്‍ സെന്ററില്‍ വിളിച്ചാല്‍ 20 മിനിറ്റ് വരെ സൗജന്യം

വിസ, പാസ്‌പോര്‍ട്ട്: കോള്‍ സെന്ററില്‍ വിളിച്ചാല്‍ 20 മിനിറ്റ് വരെ സൗജന്യം

ന്യൂയോർക്ക് :വിസ- പാസ്‌പോര്‍ട്ട് തുടങ്ങിയആവിശ്യങ്ങൾക്ക് ബന്ധപ്പെട്ടു വി.എഫ്എസ് ഗ്ലോബലില്‍ വിളിക്കുന്നവര്‍ അഞ്ചു മിനിറ്റിനുശേഷം മിനിറ്റിന് 2.48 ഡോളര്‍ നല്‍കണമെന്ന നിബന്ധനയില്‍ അയവ്. ഇനി മുതല്‍ 20 മിനിറ്റ് വരെ സൗജന്യമായി സംസാരിക്കാമെന്നു ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍, ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ വ്യക്തമാക്കി.

adpost

adpost

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ നേതൃത്വത്തില്‍ നടത്തിയ മുഖാമുഖം പരിപാടിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആർ.വി.പി. ബൈജു വർഗീസ് നേതൃത്വം നൽകി. ഒട്ടേറെ പേര് ചോദ്യങ്ങളുമായി പങ്കെടുത്തു.

കോള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോയി പണം ഈടാക്കാന്‍ ശ്രമിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. 20 മിനിറ്റില്‍ കൂടുതല്‍ ഒരാള്‍ക്ക് ആവശ്യമായി വരുമെന്നു കരുതുന്നില്ല.

അതുപോലെ പലരില്‍ നിന്നും വലിയ തുക ഈടാക്കിയത് കണ്ടു. അതു തിരിച്ച് കൊടുപ്പിച്ചിട്ടുണ്ട്. കോള്‍സെന്റര്‍ വരുമാനം നേടാനുള്ള ഒരു വഴിയായി ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ വന്നാല്‍ അതു പരിശോധിക്കും.

ചര്‍ച്ച ഫോമയ്ക്കുള്ള അംഗീകാരംകൂടിയായി. സംശയങ്ങളോ, പരാതികളോ ഉള്ളവര്‍ കോണ്‍സുലേറ്റ് അധികൃതരേയോ, ഫോമോ അധികൃതരേയോ അറിയിക്കാന്‍ കോണ്‍സല്‍ ജനറല്‍ നിര്‍ദേശിച്ചു. ഫോമ അധികൃതര്‍ അതു തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തും.

വിദേശയാത്രക്കാര്‍ക്കുള്ള ഗൈഡ്‌ലൈന്‍സ് ഇന്ത്യാ ഗവണ്‍മെന്റ് പുതുക്കിയിട്ടുണ്ട്. അത് കോണ്‍സുലേറ്റ് വൈബ്‌സൈറ്റിലുണ്ട്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. വാക്‌സിനേഷന്‍ എടുത്തവര്‍ക്കും അതു ബാധകമാണ്.

ഇന്ത്യയില്‍ ചെന്നാല്‍ സ്വയം ക്വാറന്റൈന്‍ മതി. കഴിയുന്നതും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനത്തില്‍ പോകാന്‍ കോൺസൽ ജനറൽ (സി.ജി) നിര്‍ദേശിച്ചു. ഇടയ്ക്ക് ഇറങ്ങിയാല്‍ അവിടുത്ത നിയമങ്ങള്‍ ബാധകമാകും. അതുപോലെ അവിടെനിന്നുള്ളവര്‍ക്ക് ഇന്ത്യയിലും വ്യത്യസ്തമായ ചട്ടങ്ങളായിരിക്കും.

ഇന്ത്യയില്‍ ചെന്നശേഷം കോവിഡ് ബാധിച്ച് യുഎസിലേക്ക് മടങ്ങുക എളുപ്പമല്ല.

ഭാര്യയ്ക്കും ഭര്‍ത്താവിനും ഒ.സി.ഐ കാര്‍ഡുണ്ട്. പക്ഷെ മക്കള്‍ക്ക് വിസ മാത്രം. അപ്പോള്‍ എങ്ങനെ നാട്ടില്‍ പോകും എന്നതായിരുന്നു ഒരു ചോദ്യം.

കഴിയുന്നത്ര പേര്‍ ഒ.സി.ഐ കാര്‍ഡ് എടുക്കാന്‍ സി.ജി നിര്‍ദേശിച്ചു. യാത്രയ്ക്ക് മാത്രമല്ല മറ്റ് നിരവധി ഉപകാരങ്ങളുമുണ്ട്. മക്കള്‍ക്കുവേണ്ടി എമര്‍ജന്‍സി വിസയ്ക്ക് അപേക്ഷിക്കണം. അതിനു പ്രത്യേക ഫീസുണ്ട്.

കഴിയുന്നത്ര യാത്ര ഒഴിക്കുകയാണ് വേണ്ടത്. മരണം പോലുള്ള അത്യാവശ്യ സന്ദര്‍ഭത്തില്‍ എമര്‍ജന്‍സി വിസ നല്‍കും. അതിനുള്ള അപേക്ഷ കോണ്‍സുലേറ്റിലാണ് നല്‍കേണ്ടത്. വി.എഫ്.എസിനല്ല. അടുത്തുള്ളവര്‍ കോണ്‍സുലേറ്റില്‍ നേരിട്ട് വന്നാല്‍ മതി. ഫോമ നേതാക്കളുടെ സഹായവും തേടാം.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കുള്ള വിസ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കോവിഡ് പ്രശ്‌നം കഴിഞ്ഞാല്‍ വിസ പുനസ്ഥാപിക്കും.

50 വയസിനു ശേഷമാണ് ഒസിഐ കാര്‍ഡ് എടുത്തതെങ്കില്‍ പുതുക്കേണ്ടതില്ല. 20 വയസിൽ താഴെയുള്ള കുട്ടികൾക്ക് പുതിയ യുഎസ് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒസിഐ പുതുക്കണം. കുട്ടികൾക്ക് യുഎസ് പാസ്‌പോര്‍ട്ട് ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുതുക്കണമെന്നതും ഓര്‍ക്കണം. 20 വയസ് മുതല്‍ 50 വയസ് വരെ പിന്നെ ഒന്നും ചെയ്യേണ്ടതില്ല. 50 കഴിഞ്ഞ് പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒരു തവണ ഒസിഐ പുതുക്കണം. 50 കഴിഞ്ഞാലും പുതിയ പാസ്‌പോര്‍ട്ട് കിട്ടുമ്പോള്‍ മാത്രം ഒസിഐ പുതുക്കിയാല്‍ മതി.

20 നു മുമ്പുള്ളവരും 50 കഴിഞ്ഞവരും ഒസിഐ കാര്‍ഡ് പുതുക്കാനുള്ള കാലാവധി ജൂണ്‍ 30-ന് അവസാനിക്കും. അതിനു മുമ്പ് ആവശ്യമുള്ളവര്‍ അതു പുതുക്കണം. ഒസിഐ പുതുക്കിയില്ലെങ്കില്‍ അതു പ്രശ്‌നമാകും.

മൃതദേഹം കൊണ്ടുപോകാനുള്ള എല്ലാ നടപിടക്രമങ്ങളും കോണ്‍സുലേറ്റ് വെബ്‌സൈറ്റിലുണ്ട്. ഡെത്ത് സര്‍ട്ടിഫിക്കറ്റ്, നോണ്‍- കമ്യൂണിക്കബിള്‍ ഡിസീസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഒസിഐ കോപ്പി എന്നിവയൊക്കെ വേണം.

പിഐഒ കാര്‍ഡ് ഒസിഐ കാര്‍ഡാക്കണം. ഒസിഐ പുതുക്കല്‍ പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ ഒസിഐ അപേക്ഷ ആദ്യം നൽകുമ്പോൾ കൂടുതല്‍ വിവരങ്ങളും രേഖകളും വേണം. അത് കിട്ടാൻ രണ്ടു മാസം വരെ എടുത്തേക്കും.

കോവിഡ് കാലത്ത് ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന ഏക ഓഫീസാണ് കോണ്‍സുലേറ്റ്. നിത്യേന 100 എമര്‍ജന്‍സി വിസയെങ്കിലും നല്‍കുന്നുണ്ട്. തപാല്‍ വഴിയെങ്കില്‍, അപേക്ഷ പൂരിപ്പിച്ച് അതു പ്രിന്റ് ചെയ്ത് പാസ്‌പോര്‍ട്ട് സഹിതം അയയ്ക്കണം. പാസ്‌പോര്‍ട്ട് കിട്ടാതെ വിസ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ കഴിയില്ല. വളരെ ലിബറല്‍ ആയാണ് വിസ അപേക്ഷകള്‍ പരിഗണിക്കുന്നത്.

ഇന്ത്യയില്‍ എല്ലാ എയര്‍പോര്‍ട്ടിലും ഒരേ ചട്ടം തന്നെയാണ് പിന്തുടരുന്നത്.

പൗത്രനുവേണ്ടി ഒസിഐയ്ക്ക് ആറുമാസം മുമ്പ് സി.കെ.ജി.എസിനു അപേക്ഷിച്ചിട്ട് പേപ്പര്‍ വര്‍ക്ക് പോലും തിരിച്ചുതന്നില്ലെന്നു കുഞ്ഞുമോള്‍ ദിലീപ് ചൂണ്ടിക്കാട്ടി. സി.കെ.ജി.എസ് ബാങ്ക്‌ററ്റ് ആയി രംഗംവിട്ടു കഴിഞ്ഞെന്നും ഇനി അത്തരം അനുഭവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി.

പാന്‍കാര്‍ഡില്‍ എന്തെങ്കിലും മാറ്റം ഉള്ളതായി അറിവില്ല- അവര്‍ ചൂണ്ടിക്കാട്ടി.

ആഗസ്റ്റിൽ കേരളാ കമ്മ്യൂണിറ്റിയെ സംഘടിപ്പിച്ചുകൊണ്ടു ഫോമാ നൽകിയ സ്വീകരണം സി ജി അനുസ്മരിച്ചു. തോമസ് റ്റി ഉമ്മന്റെ നേതൃത്വത്തിലാണ് അന്ന് സ്വീകരണം സംഘടിപ്പിച്ചത്.
മലയാളി സമൂഹത്തിന്റെ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. ഇന്ത്യയുമായി നിലനിര്‍ത്തുന്ന ഉറ്റബന്ധവും അഭിനന്ദനം അര്‍ഹിക്കുന്നു.

ഇന്ത്യ വലിയ വികസനത്തിലേക്ക് കുതിക്കുകയാണ്. സമ്പദ് രംഗം 10-12 ശതമാനം വളർച്ച നേടുമെന്നാണ് കരുതുന്നത്. വളര്‍ച്ചയ്ക്കായി നിയമങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നു. ബജറ്റ് തുകയില്‍ ഇന്‍ഫ്രാസ്ട്രക്ചറിനാണ് പ്രധാനം.

ഇതിനകം 9.8 മില്യന്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. വേനല്‍ക്കാലമാകുമ്പോള്‍ 300 മില്യന്‍ പേര്‍ക്ക് വാക്‌സിന്‍ എന്നതാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യ കാനഡയ്ക്ക് 10 മില്യന്‍ ഡോസ് വാക്‌സിന്‍ നല്‍കും- അദ്ദേഹം പറഞ്ഞു.

മിഡ് അറ്റ്‌ലാന്റിക് ആര്‍വിപി ബൈജു വര്‍ഗീസ് സ്വാഗതം പറഞ്ഞു. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, മെട്രോ റീജിയന്‍ ആര്‍വിപി ബിനോയ് തോമസ്, ന്യൂഇംഗ്ലണ്ട് റീജിയന്‍ ആര്‍വിപി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എംപയര്‍ റീജിയന്‍ ആര്‍വിപി ഷോബി ഐസക്ക് നന്ദി പറഞ്ഞു. സ്റ്റാന്‍ലി ജോണ്‍, മിനോസ് എന്നിവരായിരുന്നു എംസിമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com