തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ സര്‍ക്കാരിനു നല്‍കുന്ന പിന്തുണ വലുതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം നടത്തിവന്ന വണ്‍ഫെസ്റ്റ് ഓണ്‍ലൈന്‍ കലാമേളയുടെ സമാപനവും കേരളപിറവി ദിനാഘോഷവും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.

സംസ്ഥാനത്ത് എന്തു പ്രതിസന്ധിയുണ്ടായാലും ആദ്യം തന്നെ സഹായഹസ്തവുമായി എത്തുന്ന വിഭാഗമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. ഓഖി ദുരന്തകാലത്തും പ്രളയകാലത്തും ഒടുവില്‍ കോവിഡ് പ്രതിസന്ധിക്കിടയിലും വേള്‍ഡ് മലയാളി കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ പിന്തുണ വലുതാണ്.

ലോകം ഇന്ന് കോവിഡ് മഹാമാരി എന്ന വിപത്തിനുമുന്നില്‍ പകച്ചുനില്‍ക്കുന്ന വേളയിലും മലയാളികള്‍ക്ക് തങ്ങളുടെ സ്വതസിദ്ധമായ കഴിവ് തെളിക്കാനായതിന്റെ ഉദാഹരണമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച വണ്‍ ഫെസ്റ്റ്. 65 ലോകരാജ്യങ്ങളില്‍ വസിക്കുന്ന കേരളീയരായ നമുക്ക് കേരളപ്പിറവി ദിനത്തില്‍ ഇങ്ങനെ ഒരു വെര്‍ച്വല്‍ മീറ്റിംഗിലൂടെ ഒന്നാകാന്‍ കഴിഞ്ഞതുതന്നെ നാം കോവിഡിനെ മറികടക്കുന്നതിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച 48 ദിവസം നീണ്ടുനിന്ന കലാമാമാങ്കമായ വണ്‍ഫെസ്റ്റിനാണ് നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി ദിനത്തില്‍ സമാപനമായത്. 65ഓളം രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ മാറ്റുരച്ച പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ ദിനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കലാപ്രതിഭയ്ക്കുള്ള, ബേബി മാത്യു സോമതീരം സ്‌പോണ്‍സര്‍ ചെയ്ത പോളി മാത്യു മെമ്മോറിയല്‍ ഒരു പവന്‍ ഗോള്‍ഡ് മെഡല്‍, കലാതിലകത്തിനുള്ള ജോണി ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്‌പോണ്‍സര്‍ ചെയ്ത മറിയാമ്മ കുരുവിള മെമ്മോറിയല്‍ ഒരു പവന്‍ ഗോള്‍ഡ് മെഡല്‍ എന്നിവ വിതരണം ചെയ്തു. കൂടാതെ കലാപ്രതിഭയ്ക്കും കലാതിലകത്തിനും ഒരു ലക്ഷം രൂപയുടെ കേരള ടൂര്‍ പായ്‌ക്കേജും ലഭിക്കും. വേള്‍ഡ് മലയാളി ഫെസ്റ്റിന്റെ പ്രത്യേക കലാപ്രതിഭയ്ക്കും കലാതിലകത്തിനും നല്‍കുന്ന ഒരു പവന്‍ വീതമുള്ള ടി.എന്‍ ശേഷന്‍, കെ.പി.പി നമ്പ്യാര്‍ പുരസ്‌കാരം എന്നിവ സ്‌പോണ്‍സര്‍ ചെയ്തത് ടെറബിക് എന്ന കമ്പനിയും പോള്‍ പറപ്പള്ളിലുമാണ്. ഇവരും ഒരു ലക്ഷം രൂപയുടെ കേരള യാത്രയ്ക്ക് അര്‍ഹരായി. ജനപ്രിയ മത്സരാര്‍ഥിക്കുള്ള ഗ്ലോബല്‍ ഇന്‍ഡ്യന്‍ പ്രസിദ്ധീകരണത്തിന്റെ ഒരു പവന്‍ സമ്മാനം ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ ജെയിംസ് കൂടല്‍ സ്‌പോണ്‍സര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ പ്രോവിന്‍സിനുള്ള ഡോ.ഡി. ബാബു പോള്‍ സ്മാരക ട്രോഫിയും വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളുള്ള പ്രോവിന്‍സിന് നല്‍കിയ പുരസ്‌കാരം ഡോ. ശ്രീധര്‍ കാവിലിന്റെ പേരിലുള്ളതാണ്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച പ്രോവിന്‍സിന് ഡോ. ഇ.സി.ജി സുദര്‍ശന്റെ പേരിലുള്ള ട്രോഫിയും നല്‍കി. ആറ് വകഭേദങ്ങളിലായി 350 വിജയികള്‍ക്കാണ് വിവിധ തരം സമ്മാനങ്ങള്‍ നല്‍കിയത്.
സമാപന പരിപാടിയില്‍ എം.എല്‍.എമാരായ എം.മുകേഷ്, കെ.ബി. ഗണേഷ് കുമാര്‍, റസൂല്‍ പൂക്കുട്ടി, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, ജീവന്‍ സാറ്റലൈറ്റ് എം.ഡി ബേബി മാത്യു സോമതീരം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.എ.വി. അനൂപ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയണ്‍ പ്രസിഡന്റ് ഷാജി മാത്യു, അമേരിക്ക റീജിയണ്‍ അഡ്‌ഹോക്ക് കമ്മറ്റി ചെയര്‍മാന്‍ ഹരി നമ്പൂതിരി, ട്രാവന്‍കൂര്‍ പ്രോവിന്‍സ് പ്രസിഡന്റ് സാം ജോസഫ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി.യു. മത്തായി, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് രാജേഷ് ജോണി തുടങ്ങിയവര്‍ പങ്കെടുത്തു.