ന്യൂയോര്‍ക്ക്: വോട്ടെടുപ്പില്‍ കൃത്രിമത്വം കാണിച്ചാല്‍ മാത്രമെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോട് താന്‍ പരാജയപ്പെടുകയുള്ളുവെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡോ ബൈഡന്‍. ”ഓരോ ആളുകളും വോട്ടുചെയ്യുന്നത് ഉറപ്പാക്കണം, കാരണം പോളിംഗ് സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടക്കുന്ന കൃത്രിമത്വം കൊണ്ട് മാത്രമേ നമ്മള്‍ പരാജയപ്പെടുകയുള്ളു…” പെന്‍സില്‍വേനിയയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജോ ബൈഡന്‍ പറഞ്ഞു.

മെയില്‍ഇന്‍ ബാലറ്റുകളുടെ സുരക്ഷയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതും റിപ്പബ്ലിക്കന്‍ വോട്ടെടുപ്പ് നിരീക്ഷകരെ ഭയപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനവും ഉള്‍പ്പെടെയുള്ളവ വോട്ടെടുപ്പ് നിരുത്സാഹപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമങ്ങളാണെന്നും ബൈഡന്‍ പരാമര്‍ശിച്ചു. നേരിട്ട് ചോദിച്ചപ്പോഴും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന കാര്യത്തില്‍ ട്രംപ് മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചില അഭിപ്രായങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. ഈ തിരഞ്ഞെടുപ്പ് ഫലം ഞാന്‍ അംഗീകരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

അതിനിടെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് വോട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ഞാന്‍ ഒരിക്കലും കക്ഷി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന യു.എസ് തിരഞ്ഞെടുപ്പ് എല്ലാറ്റിനുമുപരിയാണ്. അതുകൊണ്ട് ഞാന്‍ പറയുന്നത് എന്താണെന്ന് വെച്ചാല്‍ സംഘടിച്ച് ബൈഡന് വേണ്ടി വോട്ട് ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് ഗ്രേറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ കുറിച്ചത്.