ന്യു യോർക്ക്: നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിന്റെ ആദ്യഘട്ടമായി ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ പ്രസിഡന്റ് അനിയൻ ജോർജിനും സെക്രട്ടറി ടി. ഉണ്ണികൃഷ്ണനും വക്കീൽ നോട്ടീസ് അയച്ചു. മൻഹാട്ടനിലുള്ള അറ്റോർണി മോഷേ സി. മിർസ്ഖി ആണ് ‘സീസ് ആൻഡ് ഡെസിസ്റ്’ നോട്ടീസ് അയച്ചിരിക്കുന്നത്.

ഫോമായുടെ പേര് ദുരുപയോഗം ചെയ്തു എന്ന അവാസ്തവമായ പ്രചാരണം സംബന്ധിച്ചും അത് പോലെ കൃത്യമല്ലാത്തതും രഹസ്യവുമായ ആഭ്യന്തര സന്ദേശം ഫോമായുടെ ചട്ടം ലംഘിച്ച് മീഡിയക്ക് നൽകുകയും ചെയ്തതും സംബന്ധിച്ചാണ് ഈ നോട്ടീസ് എന്ന കത്തിൽ പറയുന്നു.

ഫെബ്രുവരി 22, 23 തീയതികളിൽ ഈ സന്ദേശം പല മലയാളം ഡിജിറ്റൽ മീഡിയകളിലും വന്നു. അതോടൊപ്പം ജോസ് എബ്രഹാമിന് നൽകിയ കോൺഫിഡൻഷ്യൽ കത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. അന്വേക്ഷണവിധേയമായി ഫോമായുടെ എല്ലാ സ്ഥാനങ്ങൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നു എന്നതായിരുന്നു കത്തിൽ. ഇത് എന്റെ കക്ഷിയുടെ സ്വകാര്യതയുടെ ലംഘനമാണ്.
കഴിഞ്ഞ 12 വർഷമായി ഫോമയെ അത്യന്തം ബഹുമാനത്തോടും മാന്യതയോടും കൂടി ജോസ് എബ്രഹാം സേവിക്കുന്നു. ജോസ് എബ്രഹാമിന്റെ സാമൂഹിക സൽപേര് ഹനിക്കുന്നതിനും പൊതുമാധ്യമത്തിലൂടെ കുറ്റകരമായ അപവാദപ്രചാരണവും ആണ് നടത്തിയത്. ഇത് മൂലം ജോസ് എബ്രഹാമിന്റെ സൽപ്പേരിനു ഗുരുതരവും പരിഹരിക്കാൻ പറ്റാത്തതുമായ ക്ഷതമുണ്ടായി. നിങ്ങളുടെ സംഘടനാ നേതാക്കൾ നടത്തിയ പ്രസ്താവനകൾ നിയമ സംരക്ഷണമുള്ളതല്ലെന്നു മാത്രമല്ല അപവാദവും മാനനഷടം ഉണ്ടാക്കുന്നതുമാണ് . മറ്റൊരാളെപ്പറ്റി അപവാദം പറയുന്നതും പ്രസിദ്ധീകരിക്കുന്നതും നിയം നടപടി എടുക്കാവുന്ന കാര്യമാണ്. ഇതിനു പുറമെ 501 സി പ്രകാരം നോൺ പ്രോഫിറ്റ് സ്റ്റാറ്റസുള്ള ഫോമായുടെ ഈ നടപടി ഐ.ആർ.എസിനെ വേണ്ടി വന്നാൽ അറിയിക്കുകയും അത് വഴി നോൺ പ്രോഫിട്ട സ്റ്റാറ്റസ് നഷ്ടപ്പെടുകയും ചെയ്തേക്കാം.
ഈ നടപടികൾ മൂലം തനിക്കുണ്ടായ നഷ്ടം കണക്കിലെടുക്കുന്നതിനിടയിൽ ജോസ് എബ്രഹാമിനെപ്പറ്റിയോ ബിസിനസിനെപ്പറ്റിയോ കൂടുതൽ അപവാദമോ പചാരണമോ നടത്തരുതെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു. അത് പോലെ ഇത് സംബന്ധിച്ച സംഘടനയുടെ സോഷ്യൽ മീഡിയയിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യണം. മാധ്യമങ്ങളിലുള്ള ആക്ഷേപകരമായ പ്രസ്താവനകൾ നീക്കം ചെയാൻ മാധ്യമങ്ങളോട് ആവശ്യപ്പെടണം. കൂടാതെ പരസ്യമായ ക്ഷമാപണവും നടത്തണം.
തന്റെ പേരിനുണ്ടായ കളങ്കം ഗൗരവപൂർവം കണക്കിലെടുക്കുന്നുവെങ്കിലും ഈ പ്രശ്നം കോടതിക്ക് പുറത്തു പരിഹരിക്കാനാവുമെന്ന് ജോസ് എബ്രഹാം കരുതുന്നു.
അതിനു താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുമെന്ന് ഫോമാ എഴുതി അറിയിക്കണം. അഞ്ച് ദിവസത്തിനുള്ളിൽ ജോസ് എബ്രഹാമിന് എതിരായ കാര്യങ്ങൾ ഫോമയുടെ സോഷ്യൽ മീഡിയയിൽ നിന്ന് നിന്നു നീക്കുക. ഫോമായുടെ പേരും മറ്റും ദുരുപയോഗം ചെയ്തുവെന്ന പ്രചാരണം മറ്റു മാധ്യമങ്ങളിൽ നിന്നും നീക്കുക. അത് പോലെ ജോസ് എബ്രഹാമിന്റെ സ്വകാര്യത ലംഘിച്ചതിനും ഫോമാ നിയമാവലി ലംഘിച്ചതിനും എഴുതി തയ്യാറാക്കിയ ക്ഷമാപണം നൽകുക.
മാർച്ച് വെള്ളിയാഴ്ച 5 മണിക്കകം ഈ കാര്യങ്ങൾ അനുസരിക്കാമെന്നറിയിക്കുന്ന മറുപടി തനിക്കു ലഭിക്കണമെന്ന് അറ്റോർണിയുടെ കത്തിൽ പറയുന്നു. ഫോമാ മറുപടി നല്കാതിരിക്കുകയോ പ്രചാരണം തുടരുകയോ ചെയ്‌താൽ നിങ്ങൾക്കെതിരെയും മറ്റു എക്സിക്യുട്ടിവിനെതിരെയും നഷ്ടപരിഹാരത്തിനും കോടതിച്ചെലവിനും മറ്റുമായി നിയമനടപടികൾ തുടരുമെന്നും കത്തിൽ വ്യക്തമാക്കുന്നു.