കാലിഫോര്‍ണിയ: 2021 ജനുവരി 28-ന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ (അമേരിക്ക) ആദ്യത്തെ മീറ്റിംഗ് നടത്തുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഈ മീറ്റിംഗില്‍ അമേരിക്കയിലേയും കേരളത്തിലേയും സമുന്നതരായ നേതാക്കള്‍ പങ്കെടുത്ത് പിന്തുണയും ആശംസകളും അറിയിച്ചു. യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജും, ലോസ്ആഞ്ചലസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചീക്കന്‍പറമ്പിലും ആശംസകള്‍ അറിയിച്ച് സംസാരിച്ചു. തദവസരത്തില്‍ നന്ദി അറിയിച്ചുകൊണ്ട് എസ്എഫ്ഒ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ജോസഫ് മാത്യു സംസാരിച്ചു. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പിന്തുണ അറിയിച്ചു.

വരുംനാളുകളില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടിയായിരിക്കും. സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും ഒരു കൈത്താങ്ങായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നിലകൊള്ളും. അതിനായി നേരിട്ടോ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ സഹായങ്ങള്‍ എത്തിക്കാന്‍ ഈ യൂണീറ്റ് ആഗ്രഹിക്കുന്നതായി അനില്‍ മാത്യു അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന എല്ലാ അതിക്രമങ്ങളേയും ശക്തമായി എതിര്‍ക്കുകയും, അവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നു എല്ലാ അംഗങ്ങളും ഉറപ്പു നല്‍കി. സാന്‍ഫ്രാന്‍സിസ്‌കോ ഏരിയയിലുള്ള മലയാളി സമൂഹത്തിന് താങ്ങായി ഈ ചാപ്റ്റര്‍ നിലകൊള്ളുന്നതാണ്. പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമലാ ഹാരീസിനും ആശംസകള്‍ അറിയിക്കുകയുണ്ടായി.
വരാനിരിക്കുന്ന ഇലക്ഷനില്‍ മത്സരിക്കുന്ന എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നതായി അനില്‍ ജോസഫ് മാത്യു പ്രസ്താവിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ പ്രസിഡന്റായി അനില്‍ ജോസഫ് മാത്യു, ബിനോയ് ജോര്‍ജ് (വൈസ് ഫ്രസിഡന്റ്), തോമസ് പട്ടര്‍മഡ് (വൈസ് പ്രസിഡന്റ്), സജി ജോര്‍ജ് (ട്രഷറര്‍), റെനി അലക്‌സാണ്ടര്‍ (ജോയിന്റ് ട്രഷറര്‍), ജോമോന്‍ ജോസ് (സെക്രട്ടറി), ജോഷ് കോശി (ജോയിന്റ് സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.