മിഷിഗണ്‍: മലയാളത്തിന്റെ ചെറുകഥാ, നോവല്‍ സാഹിത്യരംഗത്തു കഴിഞ്ഞ അറുപതിലേറെ വര്‍ഷക്കാലമായി നിറസാന്നിധ്യമായിരുന്ന യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (മിലന്‍) അനുശോചനം രേഖപ്പെടുത്തുകയും സഹൃദയ ലോകത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായരും സെക്രട്ടറി അബ്ദുള്‍ പുന്നിയുര്‍ക്കുളവും സംയുക്തമായി അറിയിച്ചു.

സമകാലികരായ കഥാകാരന്മാര്‍ പലരും അസ്തിത്വ ദുഃഖത്തിന്റെയും സിനിസിസ വാദങ്ങളുടെയും പിന്നാലെ തിരിഞ്ഞപ്പോഴും കേരളീയ പുരാവൃത്തങ്ങളെ പ്രതിപാദ്യങ്ങളാക്കി തന്റെ ഗ്രാമത്തില്‍ താന്‍ കണ്ട കവലകളിലെയും അന്തി ചന്തകളിലെയും ചായക്കടകളിലെയും എന്തിനു കള്ളുഷാപ്പികളിലെവരെ പച്ച മനുഷ്യരെ കഥാപാത്രങ്ങളാക്കി കഥകളും നോവലുകളും രചിച്ച പ്രതിഭാ ധനനായിരുന്നു അന്തരിച്ച യൂ. എ. ഖാദര്‍.

നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍ എന്നിവകളായി നാല്പതില്പരം ഗ്രന്ഥങ്ങള്‍ അദ്ദേഹം മലയാളികള്‍ക്കായി സംഭാവന ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടേതു ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ സ്മരണകള്‍ എന്നും ദീപ്തമായിരിക്കുമെന്നും മിലന്റെ അനുശോചന കുറിപ്പില്‍ പറയുന്നു.