THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America സിനിമാറ്റിക് സസ്‌പെന്‍സോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ അടുത്ത വിഗ്രഹ പ്രതിഷ്ഠ

സിനിമാറ്റിക് സസ്‌പെന്‍സോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ അടുത്ത വിഗ്രഹ പ്രതിഷ്ഠ

ജെയിംസ് കൂടല്‍

adpost

തമിഴ്‌നാട് രാഷ്ട്രീയത്തിന് ഒരു സിനിമാറ്റിക് സ്വഭാവമുണ്ട്. തുടക്കവും ഇന്റര്‍വെല്ലും ക്ലൈമാക്‌സും എല്ലാം സിനിമയുടേതു തന്നെ. വല്ലാത്ത നാടകീയത ഉള്ള തമിഴ് മക്കളുടെ രാഷ്ട്രീയ അഭിനിവേശം എക്കാലത്തും വോട്ടായി പ്രതിഫലിച്ചുകൊണ്ട് ആ നാടിനെ ഭരിക്കുന്നവരായി മാറിയിട്ടുണ്ട് നായികയും നായകനുമൊക്കെ.

adpost

നായകന്‍ എന്നു പറയുമ്പോള്‍ നമുക്കറിയാം അത് എം.ജി.ആര്‍ തന്നെ. നായിക അദ്ദേഹത്തിന്റെ സിനിമയിലും ജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ ജയലളിത. ഇനി മുത്തുവേല്‍ കരുണാനിധിയെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹവും തമിഴ് മക്കളുടെ ഹൃദയം കവര്‍ന്ന അധികാര സിംഹാസനത്തില്‍ ഏതാണ്ട് ഇടവേളകളില്ലാതെ നയിച്ച വ്യക്തിയുമാണ്.

സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന് ആരാധനയുടെ കസേരകളിലേക്ക് അറിഞ്ഞോ അറിയാതെയോ നാട്ടുകാര്‍ എത്തിച്ച മുഖ്യമന്ത്രിമാര്‍ അവരുടെ ജനാധിപത്യ ഉത്തരവാദിത്വം എത്രമേല്‍ പരിപൂര്‍ണമായി നിര്‍വഹിച്ചിട്ടുണ്ട് എന്ന് വിചിന്തനം ചെയ്യാനുള്ള ഒരവസരമാണിപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നത്. എം.ജി.ആറിനും മുത്തുവേല്‍ കരുണാനിധിക്കും ജയലളിതയ്ക്കും ശേഷം അധികാരം പിടിച്ചെടുക്കാന്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ തോഴിയായി വന്ന ശശികല ഇന്ന് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്.

ഏതാണ്ട് പത്തുകോടി രൂപ കെട്ടിവച്ചതിനു ശേഷം അവരെ കുറ്റവിമുക്തയാക്കി ജാമ്യത്തിലിറക്കാനുള്ള ഹീനതന്ത്രങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഗുരുതരമായ രോഗം ബാധിച്ചുവെന്ന് പറയപ്പെട്ട് ജയലളിത അഡ്മിറ്റായപ്പോള്‍ തമിഴ്മക്കളുടെ മനസ്സ് വല്ലാതെ നൊന്തു. കാരണം തമിഴക സിനിമയിലെ നായിക നടി എന്നതിനപ്പുറം അവര്‍ തമിഴ്‌നാടിന്റെ ജനപ്രിയ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ പദ്ധതികള്‍ ജനപ്രിയമായിരുന്നു. വെള്ളിത്തിരയിലെ നായിക എന്നതിനപ്പുറത്തേയ്ക്ക് തമിഴ്‌നാടിന്റെ മനസ്സുള്‍ക്കൊണ്ട് ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അവിവാഹിതയായ ജയലളിത ആസനസ്ഥയായപ്പോള്‍ മുതല്‍ നിഴലായി ശശികലയുമുണ്ടായിരുന്നു.

ജയലളിതയുടെ തോഴി എന്നാണ് ശശികലയെ വിശേഷിപ്പിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത എന്തെന്ന് ഇനിയും ആര്‍ക്കും അറിയില്ല. അപ്പോളോ ആശുപത്രിയില്‍ ജയലളിത കിടക്കുന്ന ആ മുറിയിലേക്ക് ശശികല ആരെയും അടുപ്പിച്ചിരുന്നില്ല. ദുരൂഹമായ ഒരു പെരുമാറ്റ ദൂഷ്യം അക്കാലത്ത് വാര്‍ത്തകളിലൂടെ പ്രചരിച്ചിരുന്നു. ഒടുവില്‍ ജയലളിത മരണപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ജയലളിതയുടെ ഭൗതിക ദേഹം കണ്ടതിനു ശേഷം ശശികലയുടെ മൂര്‍ദ്ധാവില്‍ കൈവച്ചനുഗ്രഹിക്കുന്ന കാഴ്ചയും ലൈവായി ഇന്ത്യന്‍ ജനത കണ്ടു. അതൊരു രാഷ്ട്രീയ ഉദ്ദേശത്തിന്റെ കൈവയ്പ്പായിരുന്നു. പിന്നെ കണ്ടത് ജനാധിപത്യ ഇന്ത്യക്കാരെ നാണിപ്പിച്ചുകൊണ്ട് ശശികല പരപ്പന അഗ്രഹാര ജയിലിലേക്ക് അടയ്ക്കപ്പെടുന്നതാണ്. ശശികല തമിഴ്‌നാട്ടിലെ ഗുണ്ടാ കുടുംബത്തില്‍ പെട്ട വ്യക്തിയാണ്. അവരുടെ സഹോദരങ്ങള്‍ അറിയപ്പെടുന്ന ഗുണ്ടകളുമാണ്. ആ അംഗബലം വച്ചുകൊണ്ട് പോയസ് ഗാര്‍ഡന്‍ പിടിച്ചടക്കുക വഴി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ കൊതിച്ച തോഴിയാണ് ശശികല.

വല്ലാത്ത രാഷ്ട്രീയ നാടകങ്ങള്‍ക്ക് ജയലളിതയുടെ മരണശേഷം നമ്മള്‍ സാക്ഷികളായി. വാര്‍ത്തകളും വിശകലനങ്ങളും നേര്‍ചിത്രങ്ങളും ലൈവും എല്ലാം നമ്മള്‍ ഒരു സിനിമയുടെ ഇടവേളയ്ക്കു ശേഷം എന്നോണം എന്തായിരിക്കും സസ്‌പെന്‍സ് എന്ന് പ്രതീക്ഷിച്ച് കണ്ടുകൊണ്ടിരുന്നു. കുറ്റവാളിയാക്കപ്പെട്ട ശശികല പോയസ് ഗാര്‍ഡനിലെ അവസാന രാത്രിയും കഴിഞ്ഞ് അറസ്റ്റു ചെയ്യപ്പെട്ടു. അതിനു മുമ്പ് വലിയ അകമ്പടികളോടു കൂടി മറീന ബീച്ചില്‍ അന്തിയുറങ്ങുന്ന ജയലളിതയുടെ കുഴിമാടത്തിനു മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പലവട്ടം കൈകള്‍ ഉയര്‍ത്തിയും താഴ്ത്തിയും എന്തോ പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ശശികല ജയിലിലേക്ക് യാത്രയാകുന്നത്.

ഈ സമയങ്ങളില്‍ തമിഴ്‌നാട് രാഷ്ട്രീയം കത്തിജ്വലിക്കുകയായിരുന്നു. മുഖ്യമന്ത്രി ആയി ഒ പനീര്‍ ശെല്‍വം അധികാരം ഏല്‍ക്കുന്നതും തുടര്‍ന്ന് റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറുന്നതുമെല്ലാം ഒരു തമിഴ് സിനിമയുടെ ക്ലൈമാക്‌സിലേക്ക് രാഷ്ട്രീയ പ്രേക്ഷകരെ കൊണ്ടുപോയി.

തമിഴ്‌നാട് കേരളത്തിന്റെ ഇഷ്ടപ്പെട്ട അയല്‍പക്ക സംസ്ഥാനമാണ്. മലയാളികള്‍ തമിഴ് സംസാരിക്കും. തമിഴ്‌നാട്ടുകാര്‍ അത്ര സ്ഫുടമല്ലെങ്കിലും മലയാളം സംസാരിച്ചുകൊണ്ട് ഈ രണ്ട് സംസ്ഥാനങ്ങളുമായിട്ടുള്ള ഹൃദയബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കും. ശബരിമലയ്ക്ക് പോകുമ്പോള്‍ പമ്പാ നദിയില്‍ കുളിച്ച് ശുദ്ധി വരുത്തി കരിമലയും നീലിമലയും കയറുമ്പോള്‍ ശരണമന്ത്രങ്ങള്‍ക്ക് തമിഴ് കേരള ഭാഷാ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. സന്നിധാനത്തു ചെന്ന് ഇരുമുടി കെട്ട് ഇളച്ച് നെയ്യഭിഷേകം നടത്തി തിരിച്ച് മലയിറങ്ങി പമ്പയിലെത്തുമ്പോള്‍ ഹായ് പറഞ്ഞു പിരിയുന്ന തമിഴ് കേരള അയ്യപ്പഭക്തരുടെ പരസ്പര സ്‌നേഹം ഒന്നു വേറെയാണ്. പമ്പയില്‍ നിന്ന് മടങ്ങുമ്പോള്‍ നമ്മള്‍ രണ്ടു വഴിക്കായി മാറുന്നു.

മറ്റൊരു മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല സന്നിധാനം അയ്യപ്പ വിളക്ക് തെളിച്ച് പ്രകാശപൂരിതമായി നില്‍ക്കുമ്പോള്‍ തൊട്ടപ്പുറത്തു കിടക്കുന്ന തമിഴ് രാഷ്ട്രീയം അടുത്ത നേതാവിനെ തെരഞ്ഞെടുക്കാനുള്ള ശരണംവിളിയിലാണ്. ഇവിടെ ശബരിമലയെയും ശാസ്താവിനെയും മണ്ഡല മകരവിളക്ക് ഉത്സവത്തെയും പ്രതിബാധിക്കാന്‍ വ്യക്തമായ ഒരു കാരണമുണ്ട്. ലോകം കൊറോണ എന്ന രോഗത്തില്‍ നിന്നും മുക്തി നേടാന്‍ പ്രാപ്തമായ വാക്‌സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്തരം പരീക്ഷണങ്ങളുടെ തലപ്പത്ത് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുണ്ട്.
എം.ജി.ആര്‍, മുത്തുവേല്‍ കരുണാനിധി, ജയലളിത എന്നിവര്‍ക്കു ശേഷം തമിഴ്‌നാട് ഇനി ആരു ഭരിക്കും എന്ന വലിയ ചോദ്യ ചിഹ്നവുമായി രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നുണ്ട്. തമിഴ്‌സിനിമയില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന രജനീകാന്ത്, കമല്‍ ഹാസന്‍, വിജയ് തുടങ്ങിയവരുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ത്രസിപ്പിക്കുന്ന ഡയലോഗുകള്‍ ആണ് ഇപ്പോള്‍ വെള്ളിത്തിരയില്‍ നിന്നും സമ്മതിദാനാവകാശം നിര്‍ണയിക്കുന്ന അധികാര കസേരകളിലേക്ക് വിരല്‍ ചൂണ്ടുന്നത്.

രജനി കടുത്ത ആത്മവിശ്വാസത്തിലാണ്. ഡി.എം.കെയെയും എ.ഐ.എ.ഡി.എം.കെയെയും രജനിയുടെ നീക്കങ്ങള്‍ ഒരുപോലെ അങ്കലാപ്പിലാക്കിയിരിക്കുന്നു. ദേശീയപാര്‍ട്ടികളായ ബി.ജെ.പിക്കും കോണ്‍ഗ്രസിനും നഷ്ടപ്പെടാന്‍ കാര്യമായി ഒന്നുമില്ല. ഡി.എം.കെയുടെ തണലില്‍ കഴിയുന്ന കോണ്‍ഗ്രസിന് തത്കാലം നിരീക്ഷകരുടെ വേഷമാടിയാല്‍ മതിയാകും. രജനിയുടെ വരവിനായി കാത്തിരിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ അതുക്കും മേലെയാണ്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ. ചേരികളില്‍ ചേക്കേറി ഇരുവശങ്ങളായി നിലയുറപ്പിച്ചിരിക്കുന്ന വിജയകാന്തിന്റെ ഡി.എം.കെ, വൈകോയുടെ എം.ഡി.എം.കെ തുടങ്ങിയ ചെറുപാര്‍ട്ടികള്‍ക്ക് മാറുന്ന സമവാക്യങ്ങളില്‍ നിര്‍ണായകപങ്കുണ്ടാകും. ഇവരെയൊക്കെ രജനി എങ്ങനെ ആകര്‍ഷിക്കുമെന്ന് കണ്ടറിയണം.

സംഘടനാ ബലവും പാര്‍ട്ടിയുടെ കെട്ടുറപ്പുമാണ് ഡി.എം.കെയുടെ ശക്തി. ഈ കരുത്തിലാണ് കഴിഞ്ഞ പത്തുവര്‍ഷവും അധികാരമില്ലാതെ പിടിച്ചു നിന്നത്. സര്‍വേ ഫലങ്ങള്‍ അനുകൂലമായപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടി. ഡി.എം.കെ അണികളില്‍ രജനി ആറാധകരും കുറവല്ല. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചും ഒന്നും പറയാന്‍ ഡി.എം.കെ തയ്യാറായിട്ടില്ല. രജനിയുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ അറിയാമെന്ന് കഴിഞ്ഞ ദിവസം കനിമൊഴി പറഞ്ഞുവെങ്കിലും സ്റ്റാലിന്‍ മൗനത്തിലാണ്.

മലയാളികള്‍ക്ക് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന പോലെയാണ് തമിഴര്‍ക്ക് രജനീകാന്തും കമല്‍ഹാസനും. സൗഹൃദമെങ്കിലും കടുത്ത മത്സരം സിനിമയില്‍ ഇരുവര്‍ക്കുമിടയിലുണ്ട്. വളരെ അടുപ്പം പുലര്‍ത്തുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഇവര്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തുമ്പോള്‍ ഒന്നിച്ച് നീങ്ങുകയോ പരസ്പരം പോരടിക്കുകയോ ചെയ്യേണ്ടിവരും. പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ രാഷ്ട്രീയത്തില്‍ രജനിയുമായി ഒന്നിച്ച് നീങ്ങാനുള്ള താത്പര്യം കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും ഇതാവര്‍ത്തിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കമലുമായി കൈകോര്‍ക്കുമെന്നാണ് രജനിയുടെ നിലപാട്. അണിയറയില്‍ രജനി-കമല്‍ ചര്‍ച്ചകള്‍ നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com