ജോര്‍ജ് ഏബ്രഹാം

ജയിലില്‍ നിന്നെഴുതിയ കത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി എസ് ജെ ഇങ്ങനെ എഴുതി, ‘പ്രിയ സുഹൃത്തുക്കളെ സമാധാനം! എനിക്ക് കൂടുതല്‍ കാര്യങ്ങളൊന്നുമറിയില്ല, എങ്കിലും അറിയാവുന്ന കാര്യങ്ങള്‍ വെച്ച് നിങ്ങളെനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും ഞാന്‍ നന്ദി പറയുന്നു. ഞാനിവിടെ ഏകദേശം പതിമൂന്നടി നീളവും എട്ടടി വീതിയുമുള്ള ജയില്‍ മുറിയില്‍ മറ്റ് രണ്ട് സഹ തടവുകാര്‍ക്കൊപ്പമാണ് കഴിയുന്നത്. ഇവിടെയൊരു ചെറിയ ബാത്‌റൂമും ഇന്ത്യന്‍ ടോയ്‌ലറ്റുമാണുള്ളത്. ഭാഗ്യവശാല്‍ എനിക്കൊരു യൂറോപ്യന്‍ ടോയ്‌ലെറ്റ് സൗകര്യം ലഭിച്ചു. വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറെയിറ എന്നിവര്‍ മറ്റൊരു സെല്ലിലാണ്.

വൈകുന്നേരം 5.30 മുതല്‍ 06.00 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 03.00 വരെയും ഞങ്ങളെ സെല്ലില്‍ പൂട്ടിയിടുകയാണ്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാന്‍ അരുണും വെര്‍നോണും എന്നെ സഹായിക്കുന്നു. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും എന്റെ സഹ തടവുകാര്‍ എന്നെ സഹായിക്കുന്നു. അവരെന്റെ കാല്‍മുട്ടുകള്‍ മസാജ് ചെയ്തു നല്‍കുകയും ചെയ്യുന്നു. അവര്‍ വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ദയവായി നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഇവിടുത്തെ അന്തേവാസികളെക്കൂടി ഓര്‍ക്കുക. പ്രതിബന്ധങ്ങള്‍ക്കിടയിലും ഇവിടെ മനുഷ്യത്വം നിലനില്‍ക്കുന്നു.’
തന്റെ ജീവിതകാലം മുഴുവന്‍ ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച 83 കാരനും പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനുമായ ഈ ജെസ്യൂട്ട് പുരോഹിതന്‍ എന്തുകൊണ്ടാണ് മേലധികാരികളില്‍ നിന്നും ഇത്ര ക്രൂരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന് ഏതൊരാളും അത്ഭുതപ്പേട്ടേക്കാം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിലെ അവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്. ഇത് രാഷ്ട്രീയപരമായ വേട്ടയാടലാണെന്നതില്‍ സംശയമില്ല. അദ്ദേഹം ആദിവാസി മേഖലയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി സംസാരിക്കുകയും അവരുടെ ഭൂമി അവകാശങ്ങള്‍ക്കായി ശക്തമായി വാദിക്കുകയും ചെയ്തു. അദ്ദേഹം ആദിവാസികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും അവരുടെ ഭൂസംരക്ഷണം സംബന്ധിച്ച് ബോധ്യമുണ്ടാകുന്നതിന് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 (3) (എ) ആദിവാസികള്‍ക്ക് അവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അവരുടെ പരമ്പരാഗത സ്വയംഭരണം ഉറപ്പാക്കുന്നു.
അതേസമയം കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി ഈ നിയമം മാറ്റിയെഴുതാന്‍ മോദി സര്‍ക്കാര്‍ ദീര്‍ഘകാലമായി ശ്രമിക്കുകയാണ്. 2016 മെയ് മാസത്തില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങളനുസരിച്ച് ആദിവാസി ഭൂമി കോര്‍പറേറ്റുകള്‍ക്ക് വിലയ്ക്കു വാങ്ങാന്‍ കഴിയും. ഈ നിയമം ആദിവാസികളും സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തിന് കാരണമായി. ഇതേത്തുടര്‍ന്ന് അധികാരികള്‍ ഗോത്രവിഭാഗത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. പ്രതികരിച്ച നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും അവരെ ദേശവിരുദ്ധരായി കണക്കാക്കി രാജ്യദ്രോഹികളായി മുദ്രകുത്തുകയും ചെയ്തു.
അടിച്ചമര്‍ത്തലിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത മറ്റൊരു മാര്‍ഗ്ഗം അവരെ മാവോയിസ്റ്റുകളായി ചിത്രീകരിക്കുകയെന്നതായിരുന്നു. ഫാ. സ്റ്റാന്‍ സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്കെതിരെ പരസ്യമായി സംസാരിക്കുകയും ആദിവാസികള്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കുന്നതിനായി പോരാടുകയും ചെയ്തു. ഇത് സര്‍ക്കാരിനെതിരെയുള്ള പോരാട്ടമായി ചിത്രീകരിക്കപ്പെട്ടു. കേസിന് ബലം കിട്ടുന്നതിനായി എന്‍ഐഎ അവരുടെ ചാര്‍ജ് ഷീറ്റില്‍ 2017ല്‍ മഹാരാഷ്ട്രയിലുണ്ടായ ഭീമാ കൊറേഗാവ് ആക്രമണത്തിന് കാരണക്കാരന്‍ ഫാ. സ്റ്റാന്‍ ആണെന്ന് എഴുതിച്ചേര്‍ത്തു. ബ്രാഹ്മിന്‍ പേഷ്വാസിനെതിരെ ബ്രിട്ടീഷുകാരും ദളിതരും നേടിയ വിജയം ആഘോഷിക്കുന്നതിനായി നടന്ന ജാഥയില്‍ ഫാ. സ്റ്റാന്‍ യഥാര്‍ത്ഥത്തില്‍ പങ്കെടുത്തിരുന്നില്ല.
ചരിത്രപരമായി ബിജെപിയും ആര്‍എസ്എസും ഈ അധകൃത വര്‍ഗ്ഗത്തിന്റെ നവോത്ഥാനത്തിന് എതിരായിരുന്നു. ജാതി ചിന്തയും ഫ്യൂഡല്‍ മനോഭാവവും വച്ചുപുലര്‍ത്തിയിരുന്ന ഇവര്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും അവകാശവും ലഭിക്കുന്നതിനായി പോരാടിയവര്‍ക്ക് എതിരായിരുന്നു. അവരുടെ ആന്റി കണ്‍വേര്‍ഷന്‍ ക്യാംപയിന്‍ എല്ലായിപ്പോഴും ആദിവാസി വിഭാഗം ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ കീഴാളന്മാര്‍ ആയിരിക്കുന്നതിന് വേണ്ടിയാണ് നടന്നത്. ആദിവാസി ജനവിഭാഗത്തിന്റെ സമത്വത്തിനും സ്വാതന്ത്രത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഫാ. സ്റ്റാന്‍ ചെയ്തത്.
നിര്‍ഭാഗ്യവശാല്‍ മോദി സര്‍ക്കാരിനെതിരെയോ മുതലാളിത്വ നയങ്ങള്‍ക്കെതിരെയോ പ്രതികരിക്കുന്ന ഏതൊരാളേയും അയാള്‍ പത്രപ്രവര്‍ത്തകനോ, എഴുത്തുകാരനോ, മതാചാര്യനോ, വിദ്യാര്‍ത്ഥിയോ ആരുതന്നെയായാലും അവരെ ദേശ വിരുദ്ധരെന്നോ, തീവ്രവാദികളെന്നോ മുദ്ര കുത്തും. ഇപ്രകാരമുള്ള ആക്ടിവിസ്റ്റുകളെ മാവോയിസ്റ്റുകളോ, ക്രിസ്ത്യന്‍ മിഷനറിമോരോ ആയി ചിത്രീകരിക്കുകയെന്നതായിരുന്നു മിക്കവാറും അവര്‍ പയറ്റുന്ന തന്ത്രം. സംഘപരിവാര്‍ സംഘടനകളുടെ താല്‍പര്യാര്‍ത്ഥം ഒരു സഭയെത്തന്നെ ദേശ വിരുദ്ധരായി ചിത്രീകരിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഫാ. സ്റ്റാനിന്റെ അറസ്റ്റോടെ അവര്‍ തെളിയിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വളരെ സാധാരണമാണെന്ന് 2021 ഫെബ്രുവരി 13ന് സിവില്‍ റൈറ്റ് ലോയറും ആക്ടിവിസ്റ്റുമായ സുധാ ഭരദ്വാജിനെ 900 ദിവസത്തേക്ക് ശിക്ഷിച്ചതിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. ആരും വാദിക്കാനില്ലാതിരുന്ന കേസുകള്‍ അവര്‍ ഏറ്റെടുത്തു. കമ്പനിയില്‍ നിന്ന് അനധികൃതമായി പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് വേണ്ടിയും തങ്ങളുടെ ഭൂമിയില്‍ കുടിയിറക്കപ്പെട്ട ഗ്രാമവാസികള്‍ക്ക് വേണ്ടിയും സെക്യൂരിറ്റി ഫോഴ്‌സ് പീഡനത്തിനിരയാക്കിയ സ്ത്രീകള്‍ക്ക് വേണ്ടിയും അവര്‍ വാദിച്ചു.
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് പോലീസ് സുധാ ഭരദ്വാജിന്റെ വീട് റെയ്ഡ് ചെയ്യുകയും അവരുടെ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കുകയും അവരുടെ ഇമെയില്‍ ഐഡിയും പാസ് വേര്‍ഡും ബലമായി വാങ്ങിയെടുക്കുകയും ചെയ്തു. അതിനു ശേഷം അവര്‍ അറസ്റ്റ് രേഖപ്പെടുത്തുകയും അവരുടെ മേല്‍ ആന്റി ടെററിസം വകുപ്പുപയോഗിച്ച് കേസെടുക്കുകയും ചെയ്തു. 2018 മുതല്‍ സുധയടക്കം 15 ആക്ടിവിസ്റ്റുകളേയും എഴുത്തുകാരേയും അഭിഭാഷകരേയും അവര്‍ കസ്റ്റഡിയിലെടുക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തു. ഫാ. സ്റ്റാനിനെതിരെ ചുമത്തിയതുപോലെ മഹാരാഷ്ട്രയിലെ ഭീമ കോരേഗാവ് ഗൂഡാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്നു ആരോപിക്കുകയും ചെയ്തു. ഇപ്രകാരം രാജ്യത്തിന്റെ പല ഭാഗത്തും ഗവണ്മെന്റ് നയങ്ങളെ എതിര്‍ക്കുകയോ ആദിവാസികള്‍ക്ക് വേണ്ടിയോ ദളിതുകള്‍ക്കു വേണ്ടിയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ അറസ്‌റ് ചെയ്തു.
കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ഗണിതശാസ്ത്രം പഠിച്ചതിനുശേഷം സുധ ഛത്തിസ്ഗറിലെ ഒരു ഇരുമ്പു ഖനിയില്‍ ജോലി ചെയ്തിരുന്നവരുടെ അടുത്തേക്ക് പോകുകയും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും സുരക്ഷക്ക് വേണ്ടിയും പോരാടുകയും കോര്‍പറേറ്റുകള്‍ ഭൂമി കയ്യേറുന്നതിനും നിയമവിരുദ്ധമായി പോലീസുകാര്‍ കൊലപാതകങ്ങള്‍ നടത്തുന്നതിനും എതിരെ ശബ്ദിക്കുകയും ചെയ്തു. സുധ ഈ ആരോപണങ്ങള്‍ നിരാകരിക്കുകയും അത് മുഴുവന്‍ കെട്ടിച്ചമച്ച കഥകളാണെന്നു പറയുകയും ചെയ്തു. ഈ അറസ്റ്റുകളെല്ലാം നിയമവാഴ്ചയ്ക്കെതിരാണെന്നു പകല്‍ പോലെ വ്യക്തമാണ്. ഇത് പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ഇല്ലാതാക്കുന്നു.
നിലവില്‍ ലഭിച്ചിരിക്കുന്ന അറിവനുസരിച്ചു സുധയുടെ ആരോഗ്യം ഓരോ ദിവസവും ജയിലില്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. 59 വയസുള്ള സുധ ഒരു പ്രമേഹരോഗിയും ഹൃദ്രോഗിയും ആണ്. അവരുടെ ജാമ്യാപേക്ഷ നിരസിക്കുകയും പത്രമാധ്യമങ്ങളോ പുസ്തകങ്ങളോ വായിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്തു. അവര്‍ ജയിലിലായിരിക്കുമ്പോള്‍ അവരുടെ പിതാവ് മരിച്ചു. ജനുവരിയില്‍ UN ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് മനുഷ്യാവകാശ ലംഘനത്തെപ്പറ്റി അവരുടെ നിലപാട് അറിയിക്കുകയും എത്രയും വേഗം തടവുകാരെ വിട്ടയക്കണമെന്ന് ഇന്ത്യന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. UNHCHR കമ്മീഷ്ണര്‍ ആയ മൈക്കിള്‍ ബാച്ചലേറ്റ് കൃത്യമായി നിര്‍വചിക്കപ്പെടാത്ത ഈ നിയമങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും ആക്ടിവിസ്റ്റുകളെയും നിശബ്ദരാക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ അറിയിച്ചിരുന്നു.
ഈ രണ്ട് കേസുകളും സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാമൂഹിക നീതി അപകടത്തിലാണെന്നാണ്. നീതിയുടെ നെടുംതൂണുകളായ സ്വാതന്ത്രത്തിനും സമത്വത്തിനും നീതിക്കുമെതിരെ എതിര്‍ വിപ്ലവം നടത്താനാണ് സാമൂഹ്യവിരുദ്ധ ശക്തികളുടെ പരിശ്രമം. ഫാദര്‍ സ്റ്റാന്‍ സ്വാമിയും സുധ ഭരദരാജുമെല്ലാം ആധുനിക ഇന്ത്യയുടെ നിര്‍മാതാക്കള്‍ പരിപോഷിപ്പിച്ച സാമൂഹ്യനീതിയുടെ വക്താക്കളാണ്. അമേരിക്കന്‍ തെരുവോരങ്ങളില്‍ അര്‍ണബ് ഗോസ്വാമിയുടെ മോചനത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ എന്‍ആര്‍ഐസിനോട് എനിക്ക് പറയാനുള്ളത് ഫാ. സ്റ്റാന്‍ സ്വാമിയുടേയും സുധാ ഭരതരാജിന്റേയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷിച്ച നിശ്ശബ്ദത തികച്ചും അരോചകമാണ്.
