എബ്രഹാം തോമസ്

വാഷിംഗ്ടൺ സിറ്റി: റിപ്പബ്ലിക്കൻ സഹായത്തോടെയോ അല്ലാതെയോ 1.9 ട്രില്യൻറെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പാസാക്കാൻ ഡമോക്രാറ്റിക് നീക്കം.

ഇതിനായി 2021 സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രമേയം സംയുക്ത സമ്മേളനത്തിൽ അവതരിപ്പിച്ചു. ബേജറ്റ് ബിൽ ആയതു കൊണ്ട് സെനറ്റിൽ കേവല ഭൂരിപക്ഷം മതി. 60 വോട്ട് വേണ്ട. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടോടെ കേവല ഭൂരിപക്ഷം ഡമോക്രാറ്റുകൾക്കുണ്ട്.
ജനങ്ങൾക്ക് പെട്ടെന്ന് സമഗ്രമായ ആശ്വാസം എത്തിക്കേണ്ടത് കോൺഗ്രസിന് ഉത്തരവാദിത്തമാണെന്ന് സ്പീക്കർ നാൻസി പെലോസിയും സെനറ്റ് മജോറിട്ടി നേതാവ് ചക് ഷുമറും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .

“നിഷ്‌ക്രിയത്വത്തിന്റെ വില ഉയർന്നതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമാണ്, നിർണായക നടപടി
വേണ്ട സമയമാണിത്. ഈ ബജറ്റ് ബില്ലിലൂടെ ബൈഡെൻ-ഹാരിസ് കൊറോണ വൈറസ് പാക്കേജിന് വഴിയൊരുക്കുന്നു, അത് വൈറസിനെ തകർക്കുകയും കുടുംബങ്ങൾക്ക് യഥാർത്ഥ ആശ്വാസം നൽകുകയും ചെയ്യും, ഡെമോക്രാറ്റിക് നേതാക്കൾ പറഞ്ഞു.
ബൈഡന്റെ ദുരിതാശ്വാസ നിർദ്ദേശത്തിനെതിരെ റിപ്പബ്ലിക്കൻമാർ 618 ബില്യന്റെ പാക്കേജ് നിർദേശിച്ചിരുന്നു.
വൈറ്റ് ഹൌസിൽ 10 റിപ്പബ്ലിക്കൻ സെനറ്റർമാരുമായി രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം 1.9 ട്രില്യൺ ഡോളർ പാക്കേജിൽ നിന്ന് പിന്മാറില്ലെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു
കോവിഡിനെ നേരിടാൻ 400 ബില്യൺ ഡോളറിലധികം പാക്കേജിൽ ഉൾപ്പെടുന്നു.
സ്റ്റിമുലസ് ചെക്കിന്റെ ബാക്കി ലഭിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ച വിഷയം
ഇപ്പോൾ ട്വിറ്ററിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള ഹാഷ്ടാഗ് ബൈഡൻ ലൈഡ് ആണ്. ഈ വാരാന്ത്യത്തിൽ ഒരു വലിയ കുത്തൊഴുക്ക് തന്നെ ഈ ഹാഷ്ടാഗിൽ കാണാനിടയായി. തുടക്കം പ്രസിഡന്റ് ജോ ബൈഡൻ ശേഷിച്ച 1,400 ഡോളർ ചെക്കുകൾ കുറഞ്ഞ വരുമാനമുള്ള അമേരിക്കൻ കുടുംബങ്ങൾക്ക് അയയ്ക്കുവാൻ പദ്ധതി ഇടുന്നു എന്ന ട്വീറ്റായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ഈ ചെക്കുകളുടെ വരവുകാത്ത് കഴിയുകയാണ് അമേരിക്കൻ കുടുംബങ്ങളും വ്യക്തികളും.
പ്രസിഡന്റ് ബൈഡൻ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ 2,000 ഡോളറിന്റെ കോവിഡ് ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്തു എന്നും ഇതുവരെ വാഗ്ദാനം പാലിച്ചില്ല എന്നും ആരോപിച്ചാണ് ട്വീറ്റുകൾ ആരംഭിച്ചത്. തുടർന്ന് ഇത് വൈറലായി മാറി. പ്രചരണകാലത്ത് കോൺഗ്രസ് അംഗീകരിച്ച 600 ഡോളർ ഡൗൺ പേമെന്റാണെന്നും തുടർന്നും ധനസഹായം നൽകുമെന്നും ബൈഡൻ പറഞ്ഞു. 1.9 ട്രില്യൻ ഡോളറിന്റെ അമേരിക്കൻ റെസ്ക്യൂ പ്ലാൻ ജനുവരി മധ്യത്തിൽ പ്രഖ്യാപിക്കുമ്പോൾ ബൈഡൻ 2,000 ഡോളർ വീതം ഓരോ അമേരിക്കക്കാരനും നൽകി ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുമെന്നും പറഞ്ഞിരുന്നു. 2,000 ഡോളറിൽ നിന്ന് ഡൗൺ പേമെന്റായി നൽകിയ 600 ഡോളർ കുറച്ച് 1,400 ഡോളർ വാഗ്ദാനം ചെയ്യുന്ന 1.9 ട്രില്യൺ ഡോളറിന്റെ പാക്കേജ് ബൈഡൻ മുന്നോട്ടു വച്ചു.
കോൺഗ്രസിന് മുന്നിലെത്തിയ ഈ ധനാഭ്യർത്ഥനയിൽ മറ്റു ചില സഹായ പദ്ധതികളും ഉണ്ടായിരുന്നു. ജനപ്രതിനിധി സഭയിൽ പാസായ ബിൽ സെനറ്റിൽ എത്തിയപ്പോൾ എതിർപ്പുകൾ ധാരാളം ഉണ്ടായി. സെനറ്റിൽ പൊളിച്ചെഴുത്ത്, ഭേദഗതി നിർദേശങ്ങൾ പല കോണുകളിൽ നിന്നുണ്ടായി. ഇതിനിടയിൽ ബൈഡൻ ഭരണകൂടത്തിന്റെ മുൻഗണന താല്പര്യങ്ങൾ പല തവണ മാറി. വംശീയ സമത്വം, പാരീസ് ഉടമ്പടി, കുടിയേറ്റ പ്രശ്നം, ഡാക കാലാവധി നീട്ടൽ തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന ലഭിച്ചപ്പോൾ, 1,400 ഡോളറിന്റെ ചെക്ക് ബാക്ക് ബേണറിലായി.
കൊറോണ പ്രതിരോധത്തിന് ആവശ്യപ്പെട്ട അധിക ധനസഹായം എങ്ങനെ വിനിയോഗിക്കുമെന്ന് പ്രസിഡന്റ് വെളിപ്പെടുത്തിയിട്ടില്ല. റിപ്പബ്ലിക്കനുകൾ കോവിഡ് വാക്സിനേഷനുകൾക്ക് കൂടുതൽ ധനസഹായം ആവശ്യപ്പെടുന്നു.ബൈഡന്റെ പദ്ധതിയിൽ 400 ബില്യൺ ഡോളർ ദേശവ്യാപകമായ കുത്തിവയ്പിനും സ്കൂളുകൾ തുറക്കുന്നതിനുമാണ് ഇതിനോടൊപ്പമാണ് 1,400 ഡോളറിന്റെ ചെക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് വ്യക്തികൾക്ക് 1,400 ഡോളർ നൽകുന്നതും മിനിമം വേതനം മണിക്കൂറിന് 15 ഡോളർ വീതം നൽകാൻ സംസ്ഥാനങ്ങൾക്കുള്ള ധനസഹായവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒഹായോവിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റോബ്പോർട്ട്മാൻ വാക്സീനുകൾക്ക് ധനസഹായം നൽകുന്നത് അനുകൂലിക്കുന്നു. തൊഴിലില്ലായ്മ വേതനം വർധിപ്പിക്കുന്നതിനും എതിരല്ല. എന്നാൽ കഴിഞ്ഞ പാക്കേജുകളിൽ ഇപ്പോൾ ശേഷിക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
പത്ത് റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രസിഡന്റിന് അയച്ച കത്തിൽ കൊറോണ വൈറസ് സഹായ പാക്കേജിനെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നു. റിലീഫ് പാക്കേജിൽ അടിമുടി ഭേദഗതികൾ നിർദേശിച്ചിട്ടുണ്ട്. 1.9 ട്രില്യൻ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് അംഗീകരിക്കുന്ന കത്ത് ഡയറക്ട് പേമന്റും, അൺ എംപ്ലോയ്മെന്റ് ബെനഫിറ്റും വെട്ടികുറയ്ക്കുവാൻ ആവശ്യപ്പെടുന്നു. വാക്സീൻ വിതരണത്തിനും വികസനത്തിനും 160 ബില്യൺ ഡോളർ നിർദേശിക്കുന്നു. അതോടൊപ്പം പേഴ്സനൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ്, സ്കൂളുകൾക്ക് സഹായം, ലഘു വ്യവസായങ്ങൾക്ക് സഹായം എന്നിവയും ഉൾപ്പെടുത്തുന്നു. സെനറ്റ് ഗ്രൂപ്പിൽ മിറ്റ് റോംനി (യൂട്ട), മൈക്കേൽ റൗണ്ട്സ് (സൗത്ത് ഡക്കോട്ട), ലിസ മർക്കോവ്സ്കി (അലാസ്ക), ഷെല്ലി മൂർ ക്യാപിറ്റോ(വെസ്റ്റ് വെർജിനിയ) എന്നിവർ ഉൾപ്പെടുന്നു. ലൂസിയാനയിൽ നിന്നുള്ള ബിൽ കാസിഡി റിപ്പബ്ലിക്കൻ പാക്കേജ് 600 ബില്യൺ ഡോളർ വരുമെന്ന് പറഞ്ഞു. ഇത് ബൈഡന്റെ പാക്കേജിന്റെ മൂന്നിൽ ഒന്നേ വരൂ.
പോർട്ട്മാൻ ആവശ്യപ്പെടുന്ന പാക്കേജിൽ 50,000 ഡോളർ വരെ പ്രതിവർഷ വരുമാനമുള്ള വ്യക്തികൾക്കും 1 ലക്ഷം ഡോളർ വരെ പ്രതിവർഷ വരുമാനമുള്ള കുടുംബങ്ങൾക്കും മാത്രമേ ധനസഹായം നൽകാവൂ എന്ന നിബന്ധനയുണ്ട്. തന്റെ പാക്കേജ് പാസാക്കിയെടുക്കുവാൻ ബൈഡന് 60 സെനറ്റ് വോട്ടുകൾ ആവശ്യമാണ്. കത്തെഴുതിയ 10 റിപ്പബ്ലിക്കൻ സെനറ്റർമാരെ കൂടി കൂട്ടാൻ കഴിഞ്ഞാൽ പാക്കേജ് പാസാക്കി എടുക്കാം. എന്നാൽ താരതമ്യേനെ ചെറിയ പാക്കേജിൽ ഡെമോക്രാറ്റുകൾക്ക് താല്പര്യം ഉണ്ടാവില്ല.1,400 ഡോളറിന്റെ ചെക്കിന് വേണ്ടിയുള്ള കാത്തിരിപ്പ് അടുത്തെങ്ങും അവസാനിക്കുവാൻ സാധ്യതയില്ല.