സണ്ണി ജോസഫ് മെയ് 12ന് ചുമതലയേൽക്കും
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേൽക്കും. രാവിലെ 9 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ ചുമതല കൈമാറും.
കഴിഞ്ഞ ദിവസമാണ് പേരാവൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി.
അടൂർ പ്രകാശിനെയാണ് യുഡിഎഫ് കൺവീനറായി തിരഞ്ഞെടുത്തത്. പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയാണ് പുതിയ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത്. നിലവിലെ യുഡിഎഫ് കൺവീനറായ എം എം ഹസ്സൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി എൻ പ്രതാപൻ, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയിൽ നിന്നൊഴിവാക്കിയത്.