വാഷിങ്ടൺ: ട്രംപ് അനുകൂലികൾ നടത്തിയ കാപിറ്റോൾ കലാപത്തിൻറെ ഭാഗിക ഉത്തരവാദിത്തം മാർക്ക് സുക്കർബർഗിനും ഫേസ്ബുക്കിനുമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്സ്. കലാപത്തിന് പിന്നാലെ ട്രംപിന്റെ ഫേസ്ബുക്ക്-ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സുക്കർബർഗ് എന്നെന്നേക്കുമായി നീക്കം ചെയ്തിരുന്നു. കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വിഡിയോകളും പങ്കുവെച്ചതിനായിരുന്നു നടപടി.

എന്നാൽ, സുക്കർബർഗും പ്രശ്നങ്ങളുടെ ഒരു ഭാഗമായിരുന്നുവെന്ന് ഒകാസിയോ കോർട്ടെസ്സ് പറഞ്ഞു. ”ഫേസ്ബുക്കും അതിന്റെ മേധാവിയും ബുധനാഴ്ച്ച നടന്ന സംഭവങ്ങളുടെ ബാഗിക ഉത്തരവാദിത്തം വഹിക്കുന്നുണ്ട്. കഴിയുന്നത്ര നാശനഷ്ടങ്ങൾ നിയന്ത്രിക്കാൻ ഫേസ്ബുക്ക് ശ്രമിച്ചിരുന്നു. എല്ലാമറിയാമായിരുന്നിട്ടും അവർ എല്ലാത്തിനും അനുവാദം നൽകുകയാണ് ചെയ്തത്”. -ഒരു വെർച്വൽ ടൗൺ ഹാൾ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു ഒകാസിയോ കോർട്ടെസ്.

ഫേസ്ബുക്കിന് ജനാധിപത്യത്തോട് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവുമെന്നും ഒകാസിയോ കോർട്ടെസ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് തടയിടാൻ സുക്കർബർഗ് തയ്യാറാകാത്തതും അവർ എടുത്തുപറഞ്ഞു.
‘കോവിഡിന് മുമ്പേ തന്നെ ഈയൊരു പ്ലാറ്റ്ഫോം പ്രശ്നമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. രാജ്യത്തെ വെളുത്ത വർഗക്കാരുടെ തീവ്ര സംഘടനകളുമായുള്ള ഫേസ്ബുക്കിന്റെ ബന്ധത്തെ കുറിച്ചും വ്യാജ വിവരങ്ങൾ പ്രചരിക്കുന്നതിനെ കുറിച്ചുമെല്ലാം ഞാൻ അദ്ദേഹത്തോട് 2019ലെ കേൺഗ്രസിൽ ചോദ്യങ്ങളുന്നയിച്ചിരുന്നു. എന്നാൽ, വൈറ്റ് സുപ്രീമിസ്റ്റ് അനുഭാവികളുമായി അത്താഴ വിരുന്നിൽ പങ്കെടുക്കുന്നതിലായിരുന്നു അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നത്.