ഒട്ടാവ: കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നതിനായി നിയന്ത്രണമുള്ള സ്ഥലത്തേക്കു യാത്ര ചെയ്യുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്ത കാനഡയിലെ പ്രമുഖ കാസിനോ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജി വച്ചു. 2011 മുതൽ ഗ്രേറ്റ് കനേഡിയൻ ഗെയിമിംഗ് കോർപറേഷൻ സി.ഇ.ഒ ആയിരുന്ന റോഡ് ബേക്കറാണ് രാജി വച്ചത്. രണ്ട് ബില്യൻ ഡോളറിന് ഗ്രേറ്റ് കനേഡിയൻ വാങ്ങാൻ ന്യൂയോർക്ക് ആസ്ഥാനമായുള്ള അപ്പോളോ സമ്മതിച്ചിരിക്കെയാണിത്. യുക്കോണിന്റെ സിവിൽ എമർജൻസി മെഷേർസ് നിയമം ലംഘിച്ചതിനു ബേക്കറിനെതിരെ കേസെടുത്തതായി കാബിനറ്റ് ഓഫിസ് വക്താവ് മാത്യു കാമറൺ പറഞ്ഞു. ബേക്കറിനും ഭാര്യ എകറ്റെറിനയ്ക്കും എതിരെ കുറ്റം ചുമത്തിയെന്നു നേരത്തെ മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു.

19ന് വൈറ്റ്ഹോഴ്‌സിലെത്തിയ റോഡും ഭാര്യ എകറ്റെറിനയും രണ്ടു ദിവസത്തിനുശേഷം, 14 ദിവസത്തെ ഐസലേഷൻ നിയമം ലംഘിച്ച് ബ്രീവർ ക്രീക്ക് സമൂഹത്തിലേക്ക് യാത്ര ചെയ്തു.പ്രദേശത്തെ മോട്ടലിൽ പുതിയ ജോലിക്കാരാണെന്നു അവകാശപ്പെട്ട് ഇരുവരും മോഡേണ വാക്സീൻ സ്വീകരിച്ചെന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച ഗ്രേറ്റ് കനേഡിയൻ ബേക്കറിന്റെ രാജി പ്രഖ്യാപിച്ചു. ചീഫ് കംപ്ലയിൻസ് ഓഫിസർ ടെറൻസ് ഡോയ്ൽ ഇടക്കാല സി.ഇ.ഒ ആകും. ബേക്കറിന്റെ രാജിക്കു നിയമലംഘനങ്ങളുമായി നേരിട്ടു ബന്ധമുണ്ടോയെന്നു പ്രതികരിക്കാൻ കമ്പനി വിസമ്മതിച്ചു. കാനഡയിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന തദ്ദേശവാസികളുടെ ആരോഗ്യത്തെ അപകടപ്പെടുത്താൻ സാദ്ധ്യതയുള്ളതിനാൽ പുറമേനിന്നു വരുന്നവർക്കു കടുത്ത നിയന്ത്രണങ്ങളുണ്ട്. അലാസ്ക അതിർത്തിക്കടുത്തു താമസിക്കുന്ന ബ്രീവർ ക്രീക്കിൽ 125ൽ താഴെ ആളുകളേയുള്ളൂ.
