അറ്റ്‌ലാന്റ : പ്രമുഖ ശീതളപാനീയ കമ്പനിയായ കൊക്കകോള ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. 17 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. കൊറോണ വ്യാപനത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുന്നതിനായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 2,200 പേർക്കാണ് തൊഴിൽ നഷ്ടമാകുക. ഇതിനു പുറമേ ബ്രാന്റുകളുടെ എണ്ണം നേർ പകുതിയായി കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. അറ്റ്‌ലാന്റ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ ആഗോള തലത്തിൽ കമ്പനിയുടെ വരുമാനത്തിൽ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വ്യാപനം പരമ്പരാഗത ബിസിനസ്സ് രീതികളിൽ നിന്നും മാറി ചിന്തിക്കാൻ തങ്ങളെ സഹായിച്ചെന്ന് കൊക്കകോള ചെയർമാൻ ജെയിംസ് ക്വിൻസെയ് പറഞ്ഞു. ജീവനക്കാരുടെ എണ്ണത്തിന് പുറമേ ബ്രാൻഡുകളുടെ എണ്ണവും പകുതിയാക്കി ചുരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
