ഡാളസ്: കവർച്ച കേസിൽ ജയിൽ ശിക്ഷ കിട്ടിയ പ്രതി ശനിയാഴ്ച രാവിലെ ഡാളസിലെ ആശുപത്രിയിൽ രണ്ടു നഴ്സുമാരെ വെടിവച്ചു കൊന്നു. പരോളിൽ ഇറങ്ങിയ നെസ്റ്റർ ഹെർണാഡ്സിനെ (30) മെതോഡിസ്റ്റ് ഡാളസ് മെഡിക്കൽ സെന്ററിലെ സുരക്ഷാ ഭടൻ വെടിവച്ചു കീഴ്പെടുത്തി. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. രണ്ടു പേരും എമെർജൻസിയിൽ ജോലി ചെയ്യുന്നവരാണെന്നു സൂചനയുണ്ട്.വെടിവയ്പിന്റെ കാരണവും വ്യക്തമല്ല.

ഹെർണാഡ്സിനെ കസ്റ്റഡിയിൽ എടുത്ത ശേഷം മറ്റൊരു ആശുപത്രിയിലേക്കു നീക്കിയെന്നു പൊലീസ് അറിയിച്ചു. അയാളെ പൊലിസിനു നിരീക്ഷിക്കാൻ മോണിറ്റർ വച്ചിരുന്നു. ഇനി കൊലക്കുറ്റത്തിനു നിയമനടപടി നേരിടണം.

നോർത്ത് ബെക്ലി അവന്യുവിലെ ആശുപത്രിയിൽ രാവിലെ 11 മണിയോടെയാണ് അക്രമം ഉണ്ടായത്. തൊഴിലിടങ്ങളിൽ നഴ്സുമാർ കൂടുതലായി അക്രമം നേരിട്ട് കൊണ്ടിരിക്കയാണെന്നു ടെക്സസ് നേഴ്സസ് അസോസിയേഷൻ പറഞ്ഞു.