ടെക്‌സാസ്: ടെക്‌സാസിലെ അദ്ധ്യാപക ദമ്പതികൾ കോവിഡിന് കീഴ്‌പ്പെട്ട് മരണം വരിച്ചതും കൈകോർത്തുകൊണ്ട്. അറുപത്തിയൊന്നുകാരനായ പോൾ ബ്ലാക്വെല്ലും അറുപത്തിയഞ്ചുകാരിയായ ഭാര്യ റോസ് മേരിയുമാണ് ഹാരിസ് മെതോഡിസ്റ്റ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് വെന്റിലേറ്ററുകളിൽ കഴിഞ്ഞ ശേഷം ഞായറാഴ്‌ച ഒരുമിച്ച് വിടവാങ്ങിയത്. ഇരുവരുടെയും ആരോഗ്യനിലയിൽ വ്യത്യാസമില്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ഹൃദയം നുറുങ്ങുന്ന വേദനയോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ സമ്മതം നൽകിയതെന്ന് പോളിന്റെ മകൻ ക്രിസ്റ്റഫർ പറഞ്ഞു.

ക്രിസ്റ്റഫറിന്റെ അമ്മയല്ല റോസ് മേരി. ഇരുവരെയും വെന്റിലേറ്ററിൽ നിന്നിറക്കിയശേഷം നിമിഷങ്ങളുടെ വ്യത്യാസത്തിൽ കൈകോർത്ത് മരണപ്പെടുമ്പോൾ രണ്ട് സഹോദരങ്ങൾ മുറിയിൽ സാക്ഷികളായി ഉണ്ടായിരുന്നെന്നും , മരണത്തിലും ഒരുമിച്ച് എന്നത് മുൻപ് കണ്ടിട്ടില്ലെന്നും ക്രിസ്റ്റഫർ വിശദീകരിച്ചു. ഗ്രാൻഡ് പ്രയറി ഇൻഡിപെൻഡന്റ് സ്‌കൂളിൽ ഡിസംബറിൽ രോഗം പിടിപെടും വരെ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു. റോസ് മേരി ഇവിടെ സെക്കൻഡ് ഗ്രെഡ് ടീച്ചറായി ഇരുപതാം വർഷമാണ്. ഫുട്‍ബോൾ കോച്ചായ പോൾ പി ഇ ടീച്ചറായാണ് പ്രവർത്തിച്ചിരുന്നത്. ഇരുവർക്കും രോഗം എങ്ങനെ പിടിപെട്ടെന്നതിന് വ്യക്തതയില്ല. മക്കളും 20 ചെറുമക്കളുമായി വലിയ കുടുംബമാണ് . ഇവരുടെ സംസ്കാരച്ചടങ്ങ് നടത്താൻ ഫണ്ട് സ്വരൂപിക്കുന്നതിന്’ ഗോ ഫണ്ട് മി ‘ എന്ന ക്യാമ്പെയ്‌ന് കുടുംബം തുടക്കം കുറിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ടെക്‌സാസിൽ രോഗബാധിതരുടെ എണ്ണം 15,20,038 , കോവിഡ് മരണങ്ങൾ 24,890 എന്നിങ്ങനെ ആയിരുന്നു റിപ്പോർട്ട്.