ന്യൂയോർക്ക്: അമേരിക്കൻ പാർലമെന്റിന് നേരെ നടന്ന ആക്രമണത്തിന് ട്രംപ് സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിച്ചതിനെതിരായ വിലക്കുകൾ തുടരാൻ തീരുമാനം. ട്രംപിനേർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ഫേസ്ബുക്കാണ് അറിയിച്ചത്. ഫേസ്ബുക്ക് ഓപ്പറേഷൻ ചീഫായ ഷെറിൽ സാന്റ്ബെർഗാണ് തീരുമാനം അറിയിച്ചത്.

ആഗോളതലത്തിൽ ഫേസ്ബുക്കിന്റെ നയത്തിൽ മാറ്റമില്ല. അതിനാൽ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ നിരോധനം നീക്കാൻ തീരുമാനിച്ചിട്ടില്ല. ട്രംപിന്റെ അനുയായികളുടെ നിരന്തരമായ അഭ്യർത്ഥനയോട് പ്രതികരിക്കുകയായിരുന്നു ഷെറിൽ.

‘ ഒരു രാജ്യത്തിന്റെ നിയമവ്യവസ്ഥകളെ തെറ്റിക്കുന്ന ആഹ്വാനമാണ് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടേയും നടന്നത്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചു. അത്തരം നടപടികളിലൂടെ അണികളെ പ്രകോപിപ്പിക്കാൻ ഫേസ്ബുക്ക് ഉപയോഗിച്ചത് ഒരിക്കലും നീതീകരിക്കാനാകില്ല.’ ഫേസ്ബുക്ക് സി.ഇ.ഒ ഷെറിൽ പറഞ്ഞു.