ന്യൂയോർക്ക്: ഫൊക്കാനയുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച 11 ഇന കർമ്മ പദ്ധതികളിലൊന്നായ ഫൊക്കാന ഗ്ലോബൽ ബിസിനസ് മീറ്റിന്റെ ഉദ്‌ഘാടനം ഡിസംബർ 30ന് വൈകുന്നേരം 9.00 ന് (ഇന്ത്യൻ സമയം ഡിസംബർ 31 ന് രാവിലെ 7.30ന് പ്രമുഖ വ്യവസായിയും ട്വന്റി 20 എന്ന വികസന പുരോഗന സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം. ജേക്കബ് സൂം മീറ്റിംഗിലൂടെ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും കേരളത്തിലുമൊക്കെയായി നിരവധി രാജ്യങ്ങളിൽ വ്യവസായങ്ങൾ നടത്തി വരുന്ന പ്രമുഖ പ്രവാസി മലയാളി വ്യവസായികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഗ്ലോബൽ ബിസിനസ് മീറ്റിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിക്കും.

വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രവാസി മലയാളി വ്യവസായികളെ പരിചയപ്പെടുത്തുന്നതിനും ഇത്തരം വ്യവസായ സംരഭകരുമായി നോർത്ത് അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും കേരളത്തിലേയും ബിസിനസ് സംരംഭകരുമായി ബന്ധിപ്പിക്കുന്നതിനുമാണ് ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്.

ഈ മാസം 18 നു നടന്ന ഫൊക്കാനയുടെ 2020-2022 വർഷത്തെ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനത്തിൽ ആണ് 11 ഇന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചത്. അതിൽ നാലാമത്തെ കർമ്മ പരിപാടിയാണ് ഫൊക്കാന ഗ്ലോബൽ ബിസിനസ് മീറ്റ്. പ്രവർത്തനോദ്ഘാടന ചടങ്ങിന് മുൻപ് തന്നെ രണ്ടു പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റ അന്ന് പ്രമുഖ കാരുണ്യ പ്രവർത്തകൻ ഫാ.ഡേവിഡ് ചിറമ്മേലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭവനരഹിതരായവർക്ക് അന്നം നൽകുന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് 11 ഇന കർമ്മ പരിപാടികളിൽ ആദ്യത്തെ പരിപാടി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം 1001 പേർക്ക് അന്നദാനം നൽകിയിരുന്നു.