ഹൂസ്റ്റൺ: ഹൂസ്റ്റണിൽ സൗജന്യ കോവിഡ് വാക്‌സിൻ ജനുവരി 2 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാക്സിൻ ആവശ്യമുള്ളവർ നേരത്തെ വിളിച്ചു രജിസ്റ്റർ ചെയ്യണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടു വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണു പ്രഥമ പരിഗണന നൽകുക. 65 വയസ്സിനു മുകളിലുള്ളവർക്കും 16 വയസ്സിനു മുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുമാണ് ആദ്യം വാക്സീൻ നൽകുന്നത്. ഇപ്പോൾ ശനിയാഴ്ച ക്ലിനിക്കുകൾ മാത്രമാണ് ഉണ്ടായിരിക്കുകയെന്നും വാക്സീന്റെ ലഭ്യതയനുസരിച്ചു കൂടുതൽ ക്ലിനിക്കുകൾ തുറക്കുമെന്നും മേയർ അറിയിച്ചു.

വാക്സീനേഷനു വേണ്ടി റജിസ്ട്രർ ചെയ്യുന്നവർക്ക് അവർ ഹാജരാകേണ്ട സ്ഥലം, സമയം എന്നിവ മുൻകൂട്ടി ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കും. ക്ലിനിക്കുകൾ ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തിക്കുക. റജിസ്ട്രേഷൻ ആവശ്യമുള്ളവർ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കോവിഡ് 19 കാൾ സെന്ററിൽ 832 393 4220 എന്ന ഫോണിൽ ബന്ധപ്പെടേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
