വാഷിങ്ടൻ: മഹാത്മാഗാന്ധിക്കും മാർട്ടിൻ ലൂഥർ കിങ്ങിനും ആദരമായി ഗാന്ധി– കിങ് ഡവലപ്മെന്റ് ഫൗണ്ടേഷൻ ഉൾപ്പെടെ വിപുല പദ്ധതികൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. കിങ്ങിന്റെ അടുത്ത അനുയായിയും ജനപ്രതിനിധി സഭാംഗവുമായിരുന്ന ഈയിടെ അന്തരിച്ച ജോൺ ലൂയിസിന്റെ സ്വപ്നപദ്ധതിക്കാണ് അനുമതി ലഭിച്ചത്.

2025 വരെ പ്രതിവർഷം 10 ലക്ഷം ഡോളറിന്റെ ‘സ്കോളർലി എക്സ്ചേഞ്ച് ഇനിഷ്യേറ്റിവാ’ണു നിലവിൽ വരിക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റും ഇന്ത്യൻ സർക്കാരുമായി സഹകരിച്ച്, ഗാന്ധി, കിങ് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളിലെയും ഗവേഷകർക്കായി വിദ്യാഭ്യാസ ഫോറം രൂപീകരിക്കും. 2021 ൽ 20 ലക്ഷം ഡോളർ വകയിരുത്തിയ ഗാന്ധി–കിങ് ഗ്ലോബൽ അക്കാദമി, 3 കോടി ഡോളർ ചെലവിട്ടുള്ള യുഎസ്– ഇന്ത്യ ഗാന്ധി–കിങ് ഡവലപ്മെന്റ് ഫൗണ്ടേഷൻ തുടങ്ങിയവയാണു മറ്റു പദ്ധതികൾ.
