വാഷിംഗ്ടൺ : കാലിഫോർണിയയിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്തു. ഡേവിസ് നഗരത്തിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തകർത്തത്. പ്രതിമ അതിന്റെ അടിസ്ഥാനത്തിൽ നിന്ന് ഇളക്കി കളഞ്ഞ അക്രമികൾ തലയുടെ ഒരു ഭാഗവും നശിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നാലു വർഷം മുൻപാണ് പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രതിമ സ്ഥാപിച്ചത്.

ഡേവിസ് നഗരത്തിൽ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഇന്ത്യ വിരുദ്ധ ശക്തികളുടെ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിമക്കെതിരെ ഖാലിസ്താന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടന്നത്. ഓർഗനൈസേഷൻ ഫോർ മൈനോറിറ്റീസ് ഓഫ് ഇന്ത്യ എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ ഡേവിസ് നഗരവാസികൾ ഗാന്ധി പ്രതിമയ്ക്ക് അനുകൂലമായി വോട്ടു ചെയ്തതിനെ തുടർന്നാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർക്കപ്പെട്ടതോടെ സന്തോഷം പ്രകടിപ്പിച്ച് ഓർഗനൈസേഷൻ ഫോർ മൈനോറിറ്റീസിന്റെ വെബ്സൈറ്റിൽ വാർത്തയും നൽകിയിട്ടുണ്ട്.

പ്രതിമ തകർത്തതിനെതിരെ നഗരവാസികൾ ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യൻ വംശജരും പ്രതിമ തകർക്കപ്പെട്ടതിൽ ആശങ്ക അറിയിച്ചു. ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.