ന്യൂയോർക്ക്: ലോകമെമ്പാടും തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ച വ്യക്തികളിലൊരാളായ പാറ്റ് ക്വിൻ അന്തരിച്ചു. അദ്ദേഹത്തിന് 37 വയസായിരുന്നു. അമിട്രോഫിക് ലാറ്ററല്‍ സ്‍ക്ലീറോസിസ് (എഎല്‍എസ്) രോഗബാധിതനായിരുന്നു ക്വിൻ. ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ താമസിച്ചിരുന്ന ക്വിൻ 2013 മാർച്ചിലാണ് താൻ എഎൽഎസ് രോഗബാധിതനാണെന്ന് തിരിച്ചറിയുന്നത്.

രോഗനിർണയത്തെത്തുടർന്ന് എഎൽഎസിനെതിരായ പോരാട്ടത്തിന് അവബോധവും ഫണ്ടുകളും ശേഖരിക്കുന്നതിനായി “ക്വിൻ ഫോർ ദി വിൻ” എന്ന കൂട്ടായ്മ ഇദ്ദേഹം സ്ഥാപിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ കാമ്പെയ്ൻ” ജനപ്രിയമാക്കാൻ സഹായിച്ച വ്യക്തികളിലൊരാളാണ് ഇദ്ദേഹം. എഎല്‍എസ് വൈദ്യശാസ്ത്ര ഗവേഷണത്തിനായി 220 മില്യൺ ഡോളറിലധികം സമാഹരിച്ച കാമ്പയിന്റെ സഹസ്ഥാപകനായിരുന്നു. 2014ല്‍ പാറ്റ് ക്വിനും സംഘവും തുടങ്ങിയ ഐസ് ബക്കറ്റ് ചലഞ്ചിൽ ലോകമെമ്പാടുമായി 17 മില്യണിലധികം ആളുകളായിരുന്നു പങ്കെടുത്തത്.

ഈ രോഗത്തിനെതിരെ ബോധവത്കരണം നടത്താനും ചികിത്സ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാനുമാണ് എഎല്‍എസ് അസോസിയേഷന്‍ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ചത്.