വാഷിങ്ടൺ: ജനുവരി ആറിന് കാപ്പിറ്റോളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ അതിന് ഉത്തരവാദിയെന്നു പ്രതിപക്ഷം ആരോപിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. സെനറ്റ് മൈനോറട്ടി ലീഡർ ചക്ക് ഷുമ്മർ, സ്പീക്കർ നാൻസി പെളോസി എന്നിവരാണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന ഭരണഘടനാ സാധ്യതകളെ കുറിച്ച് മൈക്ക് പെൻസുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇരുപത്തിയഞ്ച് മിനിട്ട് ഹോൾഡ് ചെയ്യാൻ ആവശ്യപ്പെട്ടു. 25 കഴിഞ്ഞപ്പോൾ ലഭിച്ച മറുപടി വൈസ് പ്രസിഡന്റിന് ഫോണിൽ വരാൻ താൽപര്യമില്ലായെന്നായിരുന്നു.

വൈസ് പ്രസിഡന്റും ക്യാബിനറ്റും ഭരണഘടനയുടെ 25–ാം അമന്റ്മെന്റ് ഉപയോഗിക്കുന്നതിന് തയാറാകുന്നില്ലെങ്കിൽ യുഎസ് കോൺഗ്രസ് വിളിച്ചുകൂട്ടി പ്രസിഡന്റിനെ ഉടൻ ഇംപീച്ച് ചെയ്യുന്ന പ്രമേയം പാസ്സാക്കേണ്ടിവരുമെന്ന് ചക്ക് ഷൂമ്മർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
