ന്യൂയോർക്ക്: ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ ഉല്പാദന ശേഷിയാണ് ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്തെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്. ആഗോള വാക്സിൻ കാമ്പെയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ വികസിപ്പിച്ച വാക്സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ആഗോള വാക്സിൻ കാമ്പെയിൽ യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.’ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.

അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ സമ്മാനിച്ചതിന് തൊട്ടുപിന്നാലെയാണ് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. 2021 ജനുവരി 21 മുതൽ 55 ലക്ഷം ഡോസ് വാക്സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്.
1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, മാലദ്വീപ്,മൗറീഷ്യസ്, ബെഹ്റിൻ എന്നീ രാജ്യങ്ങൾക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു.