വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ അധികാരമേറ്റു . വൈസ് പ്രസിഡന്‍റായി ആഫ്രോ – ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയിലെ പ്രശസ്തയായ പോപ്പ് ഗായികയായ ലേഡി ഗാഗയുടെ ദേശീയ ഗാനാലാപനത്തോടെയാണ് സത്യാപ്രതിജ്ഞ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായിട്ടാണ് ചരിത്രം കുറിച്ചത്. കമല ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത് സോനിയ സോട്ടൊമേർ ആണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ആണ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു വാഷിങ്ടണ്‍ ഡിസി. 25,000 ത്തോളം സൈനികരാണ് ക്യാപിറ്റോളിന് സുരക്ഷ ഒരുക്കിയത്. അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്‍റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേറ്റത്. മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ, ജോർജ്ജ് ഡബ്ല്യു. ബുഷ് ഭാര്യ ലോറ ബുഷ്, ബിൽ ക്ലിന്റൺ ഭാര്യ ഹിലാരി ക്ലിന്റൺ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറന്നിരുന്നു.
